- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജുലാനി സിറിയയില്‍ അധികാരം പിടിച്ചതോടെ അമേരിക്കയ്ക്ക് മനംമാറ്റം; പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച ഒരു കോടി ഡോളര്‍ പാരിതോഷികം പിന്‍വലിച്ചു; ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിനെ ഭീകരപട്ടികയില്‍ നിന്നും നീക്കിയേക്കും; ബഷാര്‍ ഇല്ലാത്ത സിറിയ ഇനി അമേരിക്കന്‍ ചൊല്പ്പടിയില്!
ജുലാനി സിറിയയില്‍ അധികാരം പിടിച്ചതോടെ അമേരിക്കയ്ക്ക് മനംമാറ്റം
വാഷിംഗ്ടണ്‍: സിറിയയിലെ വിമത നേതാവ് അബു മുഹമ്മദ് അല്‍ ജുലാനിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന പാരിതോഷികം പിന്‍വലിച്ചു അമേരിക്ക. സിറിയയിലെ സര്‍ക്കാര്‍ തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരാകും എന്ന് വ്യക്തമായതോടെയാണ് അമേരിക്ക കളം മാറുന്നത്. ബാഷര്‍ ഇല്ലാത്ത സിറിയയില്‍ അമേരിക്കയ്ക്ക പല വിധത്തിലുള്ള താല്‍പ്പര്യങ്ങളുണ്ട്. ഈ പശ്ചാത്തലത്തില്‍ അധികം വൈകാതെ തന്നെ സിറിയന്‍ സര്‍ക്കാര്‍ അമേരിക്കയുെച ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരാകും എന്നാണ് വിലയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ജുലാനിയെ പിടികൂടുന്നവര്‍ക്ക് പ്രഖ്യാപിച്ച പാരിതോഷികം പിന്‍വലിക്കുന്നത്.
ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ മേധാവി ജുലാനിയെ പിടികൂടാന്‍ സഹായിച്ചാല്‍ ഒരു കോടി ഡോളര്‍ നല്‍കുമെന്ന് ആയിരുന്നു പ്രഖ്യാപനം. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചത്. അല്‍ ജുലാനി സിറിയയില്‍ അധികാരത്തില്‍ എത്തിയ സാഹചര്യത്തില്‍ ഇനി പിടികിട്ടാപ്പുള്ളി ആയി നിലനിര്‍ത്തുന്നത് ശരിയല്ല എന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. പശ്ചിമേഷ്യ സന്ദര്‍ശിക്കുന്ന യുഎസ് നയതന്ത്ര സംഘവും സിറിയന്‍ വിമത നേതാവും തമ്മില്‍ ഡമാസ്‌കസില്‍ കൂടിക്കാഴ്ച നടന്നിരുന്നു. ഹയാത്ത് തഹ്രീര്‍ അല്‍ ശാം സംഘടന ഇപ്പോഴും ഭീകരപ്പട്ടികയിലുണ്ട്. ഇത് നീക്കാന്‍ അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെ അമേരിക്കയ്ക്ക് വേണ്ടപ്പെട്ടവനായി ഈ സംഘടന മാറുകയും ചെയ്യും.
അതേസമയം സിറിയ ഒരിക്കലും ലോക സമാധാനത്തിന് ഭീഷണി ആകില്ലെന്നെന്നും അദ്ദേഹം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ലോകരാജ്യങ്ങള്‍ സിറിയയ്ക്ക് എതിരായ ഉപരോധം പിന്‍വലിക്കണം. കാരണം ഉപരോധങ്ങള്‍ ബാഷര്‍ അല്‍ അസദിന്റെ ഭരണ കാലത്ത് നിലവില്‍ വന്നതാണ്. അത് പുതിയ ഭരണകൂടത്തിന്റെ കാലത്തും തുടരുന്നത് ശരിയല്ലെന്ന് വിമത സംഘമായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ തലവന്റെ പ്രതികരണം.
എച്ച്ടിഎസിനെ തീവ്രവാദ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജൂലാനി ആവശ്യപ്പെട്ടിരുന്നു. സിറിയയെ ഒരിക്കലും അഫ്ഗാനിസ്ഥാന്‍ പോലെ ആക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെ തടയില്ല. സിറിയയില്‍ വിമതര്‍ ഭരിക്കുന്ന ഇദ്‌ലിബില്‍ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സര്‍വ്വകലാശാലകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകള്‍ പഠിക്കുന്നു. നിയമ വിദഗ്ധരുടെ ഒരു സമിതി രാജ്യത്തിനായി പുതിയ ഭരണഘടനാ ഉണ്ടാക്കും എന്നും ജൂലാനി വ്യക്തമാക്കി.
അതേസമയം മദ്യം സംബന്ധിച്ച ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. ഇക്കാര്യത്തെ കുരിച്ച് പറയാന്‍ തനിക്കിപ്പോള്‍ ആകില്ലെന്നായിരുന്നു പ്രതിരകരണം. നേരത്തെ സിറിയ താവളമാക്കി ഇസ്രായേലിനെ ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ജുലാനി വ്യക്തമാക്കിയിരുന്നു. ഇസ്രായേലുമായും ഒരു രാജ്യവുമായും തങ്ങള്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇസ്രായേല്‍ സിറിയയില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുകയും രാജ്യത്ത് കൈയേറിയ പ്രദേശങ്ങളില്‍നിന്ന് പിന്മാറുകയും ചെയ്യണമെന്നും അദ്ദേഹം ദി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, സിറിയയിലെ വിമതരുടെ അട്ടിമറിയില്‍ ആദ്യമായി പ്രതികരിച്ച് സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് രംഗത്തെത്തിയിരുന്നു. സിറിയയില്‍ നടന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്നും സിറിയ വിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നില്ലെന്നും ബാഷര്‍ അല്‍-അസദ് പറഞ്ഞു. റഷ്യയില്‍ അഭയം തേടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും അത്തരമൊരു നിര്‍ദേശവും തനിക്ക് മുന്നില്‍ വന്നിട്ടുമില്ലെന്നും അസദ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. മോസ്‌കോയില്‍ അഭയം തേടി ഒന്‍പത് ദിവസം പിന്നിടുമ്പോഴാണ് ആദ്യപ്രതികരണം പുറത്തുവരുന്നത്. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് എന്ന പേരിലാണ് പ്രസ്താവന. ഡിസംബര്‍ എട്ട് രാത്രിയാണ് അസദ് സിറിയ വിട്ടത്.
തീവ്രവാദികള്‍ക്കെതിരെ പൊരുതുക തന്നെയായിരുന്നു ലക്ഷ്യം. വ്യക്തിപരമായ നേട്ടത്തിനായി ഒന്നും ചെയ്തിട്ടില്ല. രാജ്യം തീവ്രവാദികളുടെ കൈയില്‍ പെട്ടുകഴിഞ്ഞാല്‍ പദവിയില്‍ തുടരുന്നത് അര്‍ത്ഥശൂന്യമാണ്. എന്നാല്‍ സിറിയന്‍ ജനതയോടുള്ള ബന്ധത്തിന് ഇളക്കം തട്ടില്ല. രാജ്യം വീണ്ടും സ്വതന്ത്രമാകുമെന്നാണ് പ്രതീക്ഷയെന്നും അസദ് പറയുന്നു. ഡിസംബര്‍ 8 പുലര്‍ച്ചെ വരെ ദമാസ്‌കസില്‍ ഉണ്ടായിരുന്നു. റഷ്യന്‍ വ്യോമത്താവളം ആക്രമിച്ചപ്പോഴാണ് തനിക്ക് രാജ്യം വിടേണ്ടിവന്നത്. ഡ്രോണ്‍ ആക്രമണം ഉണ്ടായതോടെ റഷ്യ തന്നെ അടിയന്തരമായി മാറ്റുകയായിരുന്നുവെന്നും അസദ് പറയുന്നു.
ബാഷര്‍ അല്‍-അസാദ് ഏകദേശം 250 മില്യണ്‍ ഡോളര്‍ (2,082 കോടി രൂപ) മോസ്‌കോയിലേക്ക് കടത്തിയതിന് ശേഷമാണ് രക്ഷപ്പെട്ടതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2018-2019 കാലയളവില്‍ ഏകദേശം രണ്ട് ടണ്‍ 100 ഡോളര്‍ നോട്ടുകളുടെ 500 യൂറോയുടെ കറന്‍സി നോട്ടുകളും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കറന്‍സി നോട്ടുകള്‍ മോസ്‌കോയിലെ വ്‌നുക്കോവോ വിമാനത്താവളത്തിലെത്തിച്ച ശേഷം റഷ്യന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചു.
ഇതേ കാലയളവില്‍ അസദിന്റെ ബന്ധുക്കള്‍ റഷ്യയില്‍ രഹസ്യമായി സ്വത്തുക്കള്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ റഷ്യന്‍ ബാങ്കുകള്‍ക്ക് 250 മില്യണ്‍ ഡോളറിന്റെ കറന്‍സി നോട്ടുകള്‍ ലഭിച്ചതായി ഒരു രേഖയും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്, ഇന്ധന കള്ളക്കടത്ത് എന്നിവയില്‍ നിന്ന് അസദും അദ്ദേഹത്തിന്റെ സഹായികളും പണം സമ്പാദിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔട്ട്ലെറ്റ് പറഞ്ഞു.