ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി വൈസ് പ്രസിഡന്റും ഇന്തോ-ആഫ്രിക്കന്‍ വംശജയുമായ കമല ഹാരിസ് തെരഞ്ഞെടുക്കപ്പെത് കഴിഞ്ഞ ദിവസമാണ്. നേരത്തെ തന്നെ കമലയാണ് സ്ഥാനാര്‍ഥിയെന്ന് ഉറപ്പിച്ചിരുന്നെങ്കിലും ഔദ്യോഗികമായി ഇന്നലെയാണ് ഇത് വ്യക്തമായത്. പാര്‍ട്ടിയില്‍ നടത്തിയ ഡെലിഗേറ്റ് വോട്ടെടുപ്പില്‍ മതിയായ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞതോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

ഇതോടെ കമല ഹാരിസ് വൈസ് പ്രസിഡന്റായി ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമല ഹാരിസ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കാനാണ് സാധ്യത. ആറ് പേരാണ് നിലവില്‍ സാധ്യതാ പട്ടികയില്‍ ഉള്ളത്.

പെന്‍സില്‍വേനിയ ഗവര്‍ണര്‍ ജോഷ് ഷപ്പീറോ, അരിസോണ സെനറ്ററും, മുന്‍ നാസ ബഹിരാകാശ യാത്രികനുമായ മാര്‍ക്ക് കെല്ലി, ഇല്ലിനോയ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍, ബൈഡന്‍ ക്യാബിനറ്റ് അംഗം പീറ്റ് ബൂട്ടജിജ്, മിനസോട്ട ഗവര്‍ണര്‍ ടിം വാല്‍സ്, കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബഷീര്‍ തുടങ്ങിയവരുമായി കമല ഹാരിസിന്റെ കൂടിക്കാഴ്ചകള്‍ ഇന്ന് പൂര്‍ത്തിയാകും.

ഇവരില്‍ ജോഷ് ഷപ്പീറോ, മാര്‍ക്ക് കെല്ലി എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ചൊവ്വാഴ്ച്ചയോടെ കമല ഹാരിസ് പുതിയ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കും. നവംബര്‍ അഞ്ചിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ 59കാരിയായ കമല ഹാരിസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ യു.എസ് പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനെ (78) നേരിടും.

കഴിഞ്ഞ മാസം അവസാനം പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് കമലക്ക് നറുക്കുവീണത്. എല്ലാ കണ്‍വെന്‍ഷന്‍ പ്രതിനിധികളില്‍നിന്നും ഭൂരിപക്ഷത്തിലും വളരെ കൂടുതല്‍ വോട്ടുകള്‍ കമല ഹാരിസിന് ലഭിച്ചെന്ന്, ഔദ്യോഗിക പ്രഖ്യാപനം നടത്തി ഡെമോക്രാറ്റിക് നാഷനല്‍ കമ്മിറ്റി ചെയര്‍ ജെയിം ഹാരിസണ്‍ പറഞ്ഞു.

ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്‍ ചെന്നൈ സ്വദേശിയും അച്ഛന്‍ ഡോണള്‍ഡ് ജാസ്പര്‍ ഹാരിസ് ജമൈക്കക്കാരനുമാണ്. ഇരുവരും യു.എസിലേക്ക് കുടിയേറിയവരാണ്. അതേസമയം കമല ഹാരിസ് ട്രംപില്‍ നിന്നും ശക്തമായ മത്സരം തന്നെ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. കമലയെ അധിക്ഷേപിച്ചു കൊണ്ട് ട്രംപ് നേരത്തെ രംഗത്തുവന്നിരുന്നു. എന്നാല്‍ അദ്ദേഹത്തെ സംവാദത്തിന് വിളിക്കുകയാണ് ട്രംപ് ചെയ്തത്.

യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ജോ ബൈഡനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും തമ്മില്‍ രണ്ടു ഡിബേറ്റുകളാണ് മുന്‍പ് തീരുമാനിച്ചിരുന്നത്. ഒന്നാമത്തെ ഡിബേറ്റിനു ശേഷം ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന മുറവിളി കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് ബൈഡന്‍ പിന്മാറുകയും പകരം വൈസ് പ്രസിഡന്റ് കമല ഹാരിസ് മത്സരിക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ഏതാണ്ട് തീരുമാനിച്ചിരിക്കുകയുമാണ്.

സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടക്കേണ്ട രണ്ടാമത്തേതും അവസാനത്തേതുമായ സംവാദം സെപ്റ്റംബര്‍ 10 നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കമല ഹാരിസുമായി ഒരു ഡിബേറ്റിനു താന്‍ സന്നദ്ധന്‍ അല്ല എന്ന് നേരത്തെ അറിയിച്ചിരുന്ന ട്രംപ് അതെ നിലപാടില്‍ തന്നെ തുടരുകയാണ്. ട്രംപിന്റെ ഈ നിലപാടിനെതിരെ രംഗത്ത് എത്തിരിക്കുകയാണ് കമല ഹാരിസിന്റെ പ്രചാരണ വിഭാഗം. അതേസമയം വാക്ക് പാലിച്ച് ഡിബേറ്റില്‍ പങ്കെടുക്കേണ്ടത് ട്രംപിന്റെ ഉത്തരവാദിത്തം ആണ്. എന്തെങ്കിലും മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് സംവാദത്തില്‍ നിന്ന് പിന്‍വലിയുകയാണെങ്കില്‍ ട്രംപിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും.

ഫോക്‌സ് ബിസിനസ് ചാനലില്‍ തനിക്കു കമല ഹാരിസുമായി ഡിബേറ്റ് നടത്തേണ്ട ആവശ്യം ഇല്ല എന്ന് ട്രംപ് പറഞ്ഞതാണ് കമല ഹാരിസിന്റെ പ്രചാരണ വിഭാഗത്തെ ചൊടിപ്പിച്ചത്. അതേസമയം ട്രംപിന് നേരിട്ട് ഹാരിസുമായി സംവാദം നടത്താന്‍ ഭയമാണന്നാണ് പ്രചാരണ വിഭാഗത്തിന്റെ പ്രതികരണം. തനിക്ക് ലഭിച്ച പിന്തുണയില്‍ ട്രംപ് വിരണ്ടു പോയി എന്ന് അറ്റ്‌ലാന്റയില്‍ സംഘടിപ്പിച്ച റാലിയില്‍ കമല ഹാരിസ് പറഞ്ഞു.

രണ്ടാഴ്ചക്കുള്ളില്‍ ട്രംപിന് ബൈഡനു മേല്‍ ഉണ്ടായിരുന്ന മുന്‍കൈ കമല ഹാരിസിന്റെ വരവോടെ നഷ്ടമായി എന്നാണ് സര്‍വേകള്‍ പറയുന്നത്. വെള്ളിയാഴ്ച ഫൈവ് തേര്‍ട്ടി എയിറ്റ് സര്‍വേയില്‍ ഹാരിസിന് 45% വും ട്രംപിന് 43.5% പിന്തുണയാണ് പ്രവചിച്ചത്. ട്രംപിന്റെയും ജെഡി വാന്‍സിന്റെയും ടീമിനെ വിചിത്രമെന്ന് കമല ഹാരിസിന്റെ പ്രചാരണ സംഘം വിശേഷിപ്പിച്ചതാണ് പുതിയ വാക്‌പോരിനു തുടക്കം കുറിച്ചത്.