- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ വക അടുത്ത പണി! വിദേശ രാജ്യങ്ങള്‍ക്കുള്ള യുഎസ് ധനസഹായം ഡോണള്‍ഡ് ട്രംപ് മരവിപ്പിച്ചു; ഇസ്രായേലിനുള്ള പ്രതിരോധ സഹായം ഒഴികെ മറ്റെല്ലാ സഹായവും 90 ദിവസത്തേക്ക് നിര്‍ത്തലാക്കി; അമേരിക്ക ഒരു വര്‍ഷം മറ്റു രാജ്യങ്ങള്‍ക്ക് സഹായമായി നല്‍കുന്നത് ആറ് ലക്ഷം കോടി
ട്രംപിന്റെ വക അടുത്ത പണി! വിദേശ രാജ്യങ്ങള്‍ക്കുള്ള യുഎസ് ധനസഹായം ഡോണള്‍ഡ് ട്രംപ് മരവിപ്പിച്ചു
വാഷിങ്ടണ്‍: അമേരിക്കയുടെ വിദേശ നയത്തില്‍ വന്‍ പൊളിച്ചെഴുത്തിന് ഒരുങ്ങുകയാണ് പുതുതായി അധികാരമേറ്റ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദേശ രാജ്യങ്ങള്‍ക്ക് നല്കി വന്ന ധനസഹായത്തിന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങള്‍ക്ക് നല്കി വന്ന യുഎസ് ധനസഹായം മരവിപ്പിച്ചു കൊണ്ട് ഉത്തരവിട്ടു. ഇസ്രയേലിനുള്ള പ്രതിരോധ സഹായം ഒഴികെ മറ്റെല്ലാ രാജ്യങ്ങള്‍ക്കുമുള്ള സഹായങ്ങളാണ് 90 ദിവസത്തേക്ക് മരവിപ്പിച്ച് ഉത്തരവിറക്കിയത്.
വിവിധ രാജ്യങ്ങള്‍ക്ക് നല്‍കുന്ന വികസന സഹായം, ദരിദ്ര രാജ്യങ്ങള്‍ക്കുള്ള സന്നദ്ധ സഹായം, സഖ്യരാജ്യങ്ങള്‍ക്ക് നല്‍കുന്ന സൈനിക സഹായം എന്നിവ അടക്കം എല്ലാം മരവിപ്പിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം പണം വിദേശ രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്ന രാജ്യമാണ് അമേരിക്ക. ഏതാണ്ട് ആറു ലക്ഷം കോടി രൂപയാണ് ഒരു വര്‍ഷം അമേരിക്ക മറ്റ് രാജ്യങ്ങള്‍ക്ക് സഹായമായി നല്‍കുന്നത്. ഇത് പൂര്‍ണ്ണമായി നിലയ്ക്കുന്നത് പല ദരിദ്ര, വികസ്വര രാജ്യങ്ങളേയും ബാധിക്കും. അര്‍ഹരായവര്‍ക്ക് മാത്രം സഹായം പുനഃസ്ഥാപിക്കും എന്നാണ് ട്രംപിന്റെ നിലപാട്.
നേരത്ത ലോകാരോഗ്യ സംഘടനക്ക് നല്‍കി വന്ന ധനസഹായവും ട്രംപ് മരവിപ്പിച്ചിരുന്നു. ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി നേരിടാനായി ചെലവു ചുരുക്കാന്‍ സംഘടന തീരുമാനിക്കുകയും ചെയ്തു. ചെലവു ചുരുക്കലിനുള്ള നിര്‍ദേശം ലോകാരോഗ്യ സംഘടന മേധാവി ജീവനക്കാര്‍ക്ക് നല്‍കി.
'യുഎസ് പ്രഖ്യാപനം നമ്മുടെ സാമ്പത്തിക സ്ഥിതി ഗുരുതരമാക്കും' ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഡാനം കത്തില്‍ പറഞ്ഞു. സംഘടനയുടെ ആകെ ബജറ്റിന്റെ 18% നല്‍കുന്നത് യുഎസാണ്. യാത്രച്ചെലവുകള്‍, പുതിയ നിയമനങ്ങള്‍ എന്നിവ കുറയ്ക്കും. അതേസമയം, ഗുരുതര വിഷയങ്ങളില്‍ ഇടപെടാതിരിക്കില്ല. മുന്‍ഗണനകള്‍ പുതുക്കി നിശ്ചയിക്കും. കൂടുതല്‍ ചെലവുചുരുക്കല്‍ പദ്ധതികള്‍ പിന്നീടു പ്രഖ്യാപിക്കുമെന്നും ജീവനക്കാര്‍ക്കുള്ള സന്ദേശത്തില്‍ പറയുന്നു. പ്രസിഡന്റായി ചുമതലയേറ്റ ആദ്യ ദിവസം തന്നെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുന്ന തീരുമാനത്തില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ സംഘടന വീഴ്ച വരുത്തിയെന്നായിരുന്നു ആരോപണം.
അതേസമയം അഫ്ഗാനിസ്താനില്‍ യു.എസ് സൈന്യം ഉപേക്ഷിച്ചു പോയ 7 ബില്ല്യണ്‍ ഡോളര്‍ (1.47 ലക്ഷം കോടി) വിലമതിക്കുന്ന യുദ്ധോപകരണങ്ങള്‍ തിരിച്ചുനല്‍കണമെന്നും നേരത്തെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം താലിബാന്‍ ഭരണകൂടം തള്ളുകയാണ് ഉണ്ടായത്. ആയുധങ്ങള്‍ തിരിച്ചെടുക്കുന്നതിനു പകരം ഖൊറാസാന്‍ മേഖലയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ നേരിടാന്‍ കൂടുതല്‍ സഹായം നല്‍കുകയാണ് യു.എസ് ചെയ്യേണ്ടതെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത താലിബാന്‍ പ്രതിനിധി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഒരു റാലിയില്‍ സംസാരിക്കവെ, യുദ്ധവിമാനങ്ങളും മിസൈലുകളും വാഹനങ്ങളും ആശയവിനിമയ ഉപകരണങ്ങളും തിരിച്ചുനല്‍കിയില്ലെങ്കില്‍ അഫ്ഗാനിസ്താന് നല്‍കുന്ന സാമ്പത്തിക സഹായം റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. 'ഓരോ വര്‍ഷവും നമ്മള്‍ ബില്ല്യണ്‍ കണക്കിന് ഡോളര്‍ അവര്‍ക്ക് നല്‍കുന്നുണ്ടെങ്കില്‍, സൈനിക ഉപകരണങ്ങള്‍ തിരിച്ചുനല്‍കാതെ അവ ഇനി തുടരില്ലെന്ന് അവരോട് പറഞ്ഞേക്കൂ...' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഇതേപ്പറ്റി തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് താലിബാന്‍ ഉപവക്താവ് ഹംദുല്ല ഫിത്റത്ത് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭരണകൂടവുമായി അടുത്ത ബന്ധമുള്ള വ്യക്തി താലിബാന്റെ നയം വ്യക്തമാക്കിയിരിക്കുന്നത്.
അഫ്ഗാനിലെ രണ്ടു പതിറ്റാണ്ടോളം നീണ്ട സാന്നിധ്യത്തിനു ശേഷം 2021-ല്‍ പിന്മാറുമ്പോള്‍ യു.എസ് സൈന്യം ആയുധങ്ങളും ഉപകരണങ്ങളും തിരികെ കൊണ്ടുപോയിരുന്നില്ല. സൈനിക ഉപകരണങ്ങള്‍ പിടിച്ചെടുത്ത താലിബാന്‍ കാബൂളിനു സമീപമുള്ള മുന്‍ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ ഇവ പ്രദര്‍ശിപ്പിച്ച് വര്‍ഷംതോറും പരേഡ് നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പരേഡില്‍ ചൈനീസ്, ഇറാനിയന്‍ പ്രതിനിധികള്‍ അതിഥികളായിരുന്നു.
ട്രംപ് ഭരണകൂടവുമായി നല്ല ബന്ധം പുലര്‍ത്തുന്നത് അന്താരാഷ്ട്ര തലത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ താലിബാനെ സഹായിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നതെങ്കിലും, കാര്യങ്ങള്‍ ആ വഴിയിലല്ല നീങ്ങുന്നത് എന്നാണ് സൂചന. ആയുധങ്ങള്‍ തിരികെ നല്‍കില്ലെന്നു മാത്രമല്ല, യു.എസ് ഭരണകൂടം മരവിപ്പിച്ച 9 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള വിദേശ വിനിമയ നിക്ഷേപം വിട്ടുനല്‍കണമെന്നും താലിബാന്‍ ആവശ്യപ്പെടുന്നുണ്ട്.
2020-ല്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ താലിബാനും യു.എസും തമ്മില്‍ ഒപ്പുവച്ച സമാധാന കരാറിന്റെ ഭാഗമായാണ് അഫ്ഗാനിസ്താനില്‍ നിന്ന് യു.സ് തങ്ങളുടെ സൈനികരെ പിന്‍വലിച്ചത്. അഫ്ഗാനില്‍ വിന്യസിച്ചിരുന്ന 13,000 സൈനികരെ ഘട്ടം ഘട്ടമായി പിന്‍വലിക്കാമെന്നും അഞ്ച് സൈനിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാം എന്നുമായിരുന്നു കരാര്‍ വ്യവസ്ഥ. 2021- ഓഗസ്തില്‍ പ്രസിഡണ്ട് അഷ്റഫ് ഗനിയെ സ്ഥാനഭ്രഷ്ടനാക്കി താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ യു.എസ് സൈനികര്‍ പൂര്‍ണമായി രാജ്യംവിട്ടു.