വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ നയം വ്യാപക എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനിടെ അമേരിക്കന്‍ യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്കും പണിവരുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. അമേരിക്ക വിസ അപേക്ഷിക്കുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്താനാണ് നീക്കം. ഇത് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായേക്കും.

ബിസിനസ്, ടൂറിസ്റ്റ് വീസകള്‍ക്കായി അപേക്ഷിക്കുന്ന ചില വ്യക്തികളില്‍നിന്ന് 15,000 ഡോളര്‍ വരെ ബോണ്ട് ആവശ്യപ്പെടാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുങ്ങുന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍. ഈ നീക്കം പല വീസ അപേക്ഷകര്‍ക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തി വെച്ചേക്കാം. സാമ്പത്തിക നിലയില്‍ മികവുള്ളവര്‍ മാത്രം അമേരിക്കയില്‍ തങ്ങിയാല്‍ മതിയെന്നാണ് നിലപാട്.

അമേരിക്കയില്‍ വീസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്നവരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകരെ ലക്ഷ്യമിട്ടാണ് ഈ പുതിയ പൈലറ്റ് പ്രോഗ്രാം. ഫെഡറല്‍ റജിസ്റ്ററില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന നോട്ടീസിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്.

ഒരു വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരം, 5,000 ഡോളറോ, 10,000 ഡോളറോ അല്ലെങ്കില്‍ 15,000 ഡോളറോ ബോണ്ടായി ആവശ്യപ്പെടാന്‍ കോണ്‍സുലര്‍ ഓഫിസര്‍മാര്‍ക്ക് അധികാരം നല്‍കും. വീസയുടെ കാലാവധി അവസാനിക്കുമ്പോള്‍ രാജ്യം വിടാതെ തങ്ങുന്നവരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവരുന്നത്.

ഈ ബോണ്ട് തുക, വീസയുടെ വ്യവസ്ഥകള്‍ പാലിച്ച് കൃത്യസമയത്ത് രാജ്യം വിടുന്നവര്‍ക്ക് തിരികെ ലഭിക്കും. എന്നാല്‍, വീസ വ്യവസ്ഥകള്‍ ലംഘിക്കുന്നവരുടെ പണം കണ്ടുകെട്ടും. അതേസമയം ഏതൊക്കെ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഈ നിബന്ധന ബാധകമാവുക എന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പദ്ധതി പ്രാബല്യത്തില്‍ വരുന്നതിന് 15 ദിവസം മുമ്പ് ഇത് സംബന്ധിച്ച പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.

വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം ആരംഭിക്കുന്നതിന് 15 ദിവസം മുന്‍പ് ഏതൊക്കെ രാജ്യങ്ങളെയാണ് ഈ നിയമം ബാധിക്കുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടും. വിസ ഇളവ് ലഭ്യമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ നിയമത്തിന് കീഴില്‍ വരും. അപേക്ഷകരുടെ സാഹചര്യങ്ങള്‍ അനുസരിച്ച് ഇളവുകള്‍ നല്‍കാനും സാധ്യതയുണ്ട്. യുഎസ് കുടിയേറ്റ നിയമങ്ങള്‍ നടപ്പാക്കുന്നതിനും യുഎസ് ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധത ഈ പൈലറ്റ് പ്രോഗ്രാം ശക്തിപ്പെടുത്തുന്നുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് വക്താവ് അറിയിച്ചു. പദ്ധതി എത്രത്തോളം ആളുകളെ ബാധിക്കുമെന്ന് കണക്കാക്കാന്‍ കഴിയില്ലെന്നും കാലക്രമേണ മാനദണ്ഡങ്ങളിലും രാജ്യങ്ങളുടെ പട്ടികയിലും മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ വിസ നിയമങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ നിയമം കൂടി പ്രാബല്യത്തില്‍ വരുന്നത്. ഇത് ലോകമെമ്പാടുമുള്ള യാത്രക്കാരെയും ബിസിനസ്സുകാരെയും ഒരുപോലെ ബാധിക്കും. വിസ പുതുക്കുന്നതിന് ഇളവുകള്‍ ഒഴിവാക്കിയതും കൂടുതല്‍ അഭിമുഖങ്ങള്‍ നിര്‍ബന്ധമാക്കിയതും അടുത്തിടെയാണ്. കൂടാതെ, 2026 മുതല്‍ 'വിസ ഇന്റഗ്രിറ്റി ഫീസ്' എന്ന പേരില്‍ കുടിയേറ്റേതര വിസകള്‍ക്ക് 250 ഡോളര്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നടപ്പിലാക്കുന്ന വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാമിനെ തുടര്‍ന്ന് സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്. അമേരിക്കയുടെ സാമ്പത്തിക മേഖലയിലും ഇത് പ്രതിഫലിച്ചേക്കും.