ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അമേരിക്ക 21 മില്യണ്‍ ഡോളര്‍ (160 കോടി രൂപ) ധനസഹായം നല്‍കിയത് ബംഗ്ലാദേശിന്. ഇന്ത്യയില്‍ ഫണ്ട് സംബന്ധിച്ച വിവാദം കത്തിപ്പടരുമ്പോഴാണ് ഈ ഫണ്ട് സംബന്ധിച്ച വ്യക്തത പുറത്തുവന്നത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് അമേരിക്ക ഫണ്ട് നല്‍കിയത് ബംഗ്ലാദേശിന് വേണ്ടിയാണെന്നത് സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്.

2014-ല്‍ സംഘടിപ്പിക്കപ്പെട്ട ബംഗ്ലാദേശിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് 13.4 മില്യണ്‍ ഡോളര്‍ ചെലവഴിക്കപ്പെട്ടത്. 2024 ആഗസ്റ്റ് മാസത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടിരുന്നു. അന്ന് തന്നെ ബംഗ്ലാ സര്‍ക്കാറിനെ അട്ടിമറിച്ചതില്‍ അമേരിക്കന്‍ പങ്ക് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന വിധത്തിലാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

യു.എസ്.എ.ഐ.ഡി(യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ്)യുടെ ധനസഹായം ലഭിച്ചതായി ബംഗ്ലാദേശ് ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തേ തന്നെ സമ്മതിച്ചിട്ടുണ്ട്. യുവജനങ്ങള്‍ക്കിടയില്‍ ജനാധിപത്യ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ രാജ്യത്തുടനീളം 2022 മുതല്‍ വിവിധ സര്‍വ്വകലാശാലകളിലടക്കം ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചതായി ധാക്ക സര്‍വ്വകലാശാലയിലെ അധ്യാപകനായ അയ്നുള്‍ ഇസ്ലാം സെപ്തംബര്‍ മാസത്തില്‍ വ്യക്തമാക്കിയിരുന്നു, യു.എസ്.എ.ഐ.ഡിയുടെ സഹകരണത്തോടെയാണ് ഇത് സാധ്യമായതെന്ന് അദ്ദേഹം പറയുന്നുണ്ട്.

കൂടാതെ സി.ഇ.പി.പി.എസ് പദ്ധതിയുടെ ഭാഗമായി 21 മില്യണ്‍ ഡോളര്‍ ഫണ്ട് അനുവദിച്ച വിവരം യു.എസ്.എ.ഐ.ഡി. ധാക്ക ഉപദേഷ്ടാവ് ലുബായിന്‍ മോസം മാസങ്ങള്‍ക്ക് മുന്‍പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ഫണ്ട് റദ്ദാക്കാനുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷന്‍സി അഥവാ ഡോജ് (DOGE) നീക്കത്തെില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വിശദീകരണവുമായി രംഗത്ത് വന്നതോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയായത്.

''ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ 21 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ നമ്മള്‍ ചെലവഴിക്കേണ്ടതുണ്ടോ? ഞാന്‍ കരുതുന്നത് മറ്റാരോ തിരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി അവര്‍ (ബൈഡന്‍ ഭരണകൂടം) ശ്രമം നടത്തിയെന്നാണ്. ഇക്കാര്യം ഇന്ത്യാ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതുണ്ട്'' എന്നാണ് മയാമിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞത്. ഇത് തെറ്റിദ്ധാരണാജനകമാണെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അമേരിക്കന്‍ സാമ്പത്തിക സഹായത്തിന്റെ പേരില്‍ ഇന്ത്യയില്‍ രാഷ്ട്രീയ വിവാദം ഉയര്‍ന്നിരുന്നു. അമേരിക്കന്‍ സാമ്പത്തിക സഹായം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടന്ന വിദേശ ഇടപെടലിന്റെ തെളിവാണെന്നാണ് ബി.ജെ.പി. ആരോപിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ചില ശക്തികള്‍ക്ക് ഇന്ത്യയെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ അവസരങ്ങളും നല്‍കിയെന്നാണ് ബി.ജെ.പി. ആരോപിച്ചത്. ഇതിനെല്ലാം പിന്നില്‍ അമേരിക്കന്‍ വ്യവസായി ജോര്‍ജ് സോറോസ് ആണെന്നും ബി.ജെ.പി. ഐ.ടി. സെല്‍ തലവന്‍ അമിത് മാളവ്യ ആരോപിച്ചിരുന്നു. അതേസമയം, അമേരിക്കന്‍ സാമ്പത്തിക സഹായം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഫെബ്രുവരി 16നാണ് ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജ് ഇന്ത്യയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചത്. അമേരിക്കന്‍ പൗരന്മാരുടെ നികുതി പണം ഇത്തരം കാര്യങ്ങള്‍ക്ക് ചെലവഴിക്കാനുള്ളതല്ല എന്ന് വ്യക്തമാക്കിയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വിവിധ പേരില്‍ നല്‍കിയിരുന്ന സാമ്പത്തിക സഹായം ഡോജ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.

അതേസമയം അമേരിക്കന്‍ സാമ്പത്തിക സഹായം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയിലോ തിരഞ്ഞെടുപ്പ് പ്രക്രിയയിലോ ഏതെങ്കിലും തരത്തിലുള്ള വിദേശ ഇടപെടല്‍ അനാവശ്യമാണ്. അക്കാര്യം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വ്യക്തമാണ്, ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നു. ഇത് അപലപനീയമാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.

കണ്‍സോര്‍ഷ്യം ഫോര്‍ ഇലക്ഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ പ്രോസസ് സ്‌ട്രെങ്തനിങ് (സിഇപിപിഎസ്) എന്ന പദ്ധതിയുടെ ഭാഗമായിരുന്നു ഇന്ത്യയിലേക്കുള്ള ഫണ്ടിങ്. 2012 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ ഫണ്ട് ഇന്ത്യയിലെത്തിയതെന്നു ബിജെപി ആരോപിച്ചു. ഇന്ത്യന്‍ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ ബാഹ്യശക്തികള്‍ക്ക് ഇടപെടാന്‍ കോണ്‍ഗ്രസ് സഹായിച്ചുവെന്ന് ബിജെപി നേതാവ് അമിത മാളവ്യ ആരോപിച്ചു.2012 ല്‍ അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ.ഖുറേഷിയുടെ നേതൃത്വത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസുമായി ബന്ധമുള്ള 'ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇലക്ടറല്‍ സിസ്റ്റംസ്' എന്ന സംഘടനയുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നുവെന്നും അമിത് മാളവ്യ പറഞ്ഞു.

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്ന പ്രക്രിയയെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസ് അന്നു തിരഞ്ഞെടുപ്പ് കമ്മിഷനെ മൊത്തമായും വിദേശശക്തികള്‍ക്ക് കൈമാറിയെന്നും അദ്ദേഹം ആരോപിച്ചു.എന്നാല്‍ ഖുറേഷി ഈ ആരോപണം തള്ളി. ഐഎഫ്ഇഎസുമായുള്ള പങ്കാളിത്തത്തില്‍ പണം ഉള്‍പ്പെട്ടിട്ടില്ലെന്നും തിരഞ്ഞെടുപ്പു പരിശീലനത്തിനായി ഇതുപോലെ പല സ്ഥാപനങ്ങളുമായി ധാരണാപത്രം വയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.അമിത് മാളവ്യയുടെ ആരോപണം കോണ്‍ഗ്രസ് തള്ളി.

മാളവ്യ പറഞ്ഞതുപ്രകാരമാണെങ്കില്‍ കോണ്‍ഗ്രസ് സ്വന്തം വിജയസാധ്യതയാണ് 'വിദേശ ഇടപെടലി'ലൂടെ ഇല്ലാതാക്കിയതെന്നും സോറോസിന്റെ സഹായം കൊണ്ടാണ് ബിജെപി 2014 ല്‍ ജയിച്ചതെന്നും പാര്‍ട്ടി നേതാവ് പവന്‍ ഖേര പരിഹസിച്ചു. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ വിദേശ ഫണ്ടിങ് വേണ്ടെന്നും ആ രീതി നിരോധിക്കണമെന്നും സിപിഎം കോഓര്‍ഡിനേറ്ററും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് പറഞ്ഞു.