വ്ലാഡിമിര്‍ പുടിന്റെ ക്ഷണം; പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക്; ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും; ഓസ്ട്രിയയും സന്ദര്‍ശിക്കും
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: റഷ്യയിലും ഓസ്ട്രിയയിലും സന്ദര്‍ശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജൂലൈ എട്ടു മുതല്‍ 10 വരെയാണ് സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തും.
വ്ളാദിമിര്‍ പുടിന്റെ ക്ഷണപ്രകാരം 22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായിട്ടാണ് പ്രധാനമന്ത്രി മോസ്കോയിലെത്തുന്നത്. ജൂലൈ 8,9 തീയതികളിലാണ് സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള ബന്ധം നേതാക്കള്‍ അവലോകനം ചെയ്യുകയും പൊതുതാത്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
റഷ്യ-യുക്രെയ്ന് പ്രശ്നങ്ങള്‍ ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി മോദിയുടെ റഷ്യയിലേക്കുള്ള ആദ്യ യാത്രയാണിത്. 2019-ല്‍ ഒരു സാമ്പത്തിക കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനായിരുന്നു അദ്ദേഹം അവസാനം റഷ്യയിലെത്തിയത്. 2022 ഫെബ്രുവരിയിലാണ് റഷ്യ- യുക്രെയ്ന് ബന്ധം വഷളായത്. 2022 സെപ്റ്റംബറില്‍ ഉസ്ബെക്കിസ്താനില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിയില്‍ പുതിനും മോദിയും കൂടികാഴ്ച നടത്തിയിരുന്നു.
റഷ്യ ഉച്ചകോടിക്ക് ശേഷം, പ്രധാനമന്ത്രി ഓസ്ട്രിയയിലേക്ക് പോകും. ജൂലൈ 9,10 തീയതികളിലാണ് സന്ദര്‍ശനം. വിയന്നയിലെത്തുന്ന പ്രധാനമന്ത്രി ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലെയെ സന്ദര്‍ശിക്കുകയും രാജ്യത്തിന്റെ ചാന്‍സലര്‍ കാള്‍ നെഹാമറുമായി ചര്‍ച്ചനടത്തുകയും ചെയ്യും.
ദ്വിദിന റഷ്യന്‍ പര്യടനത്തിനുശേഷം 9നാണ് പ്രധാനമന്ത്രി ഓസ്ട്രിയയിലേക്ക് പോകുന്നത്. 41 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. ഇന്ത്യയില്‍നിന്നും ഓസ്ട്രിയയില്‍നിന്നുമുള്ള വ്യവസായികളുടെ യോഗത്തെ പ്രധാനമന്ത്രിയും കാള്‍ നെഹാമ്മെറും അഭിസംബോധന ചെയ്യും. മോസ്കോയിലെയും വിയന്നയിലെയും ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 1983-ല്‍ ഇന്ദിരാഗാന്ധി നടത്തിയ സന്ദര്‍ശനത്തിനു ശേഷം 41 വര്‍ഷം കഴിഞ്ഞാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തുന്നതെന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ട്.