- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17 വര്‍ഷത്തെ പ്രവാസത്തിന് ശേഷം ബംഗ്ലാദേശില്‍ തിരിച്ചെത്തിയ താരിഖ് റഹ്‌മാന്‍ ലഭിച്ചത് വലിയ സ്വീകരണം; ഖാലിദ സിയയുടെ മകന്‍ ലഭിക്കുന്ന സ്വീകാര്യതയില്‍ അസ്വസ്ഥരായി ജമാഅത്തെ ഇസ്ലാമി; താരിഖ് റഹ്‌മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ജമാഅത്തെ നേതാവ്; ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ രൂപം കൊള്ളുമ്പോള്‍ കരുതലോടെ ഇന്ത്യയും
17 വര്‍ഷത്തെ പ്രവാസത്തിന് ശേഷം ബംഗ്ലാദേശില്‍ തിരിച്ചെത്തിയ താരിഖ് റഹ്‌മാന്‍ ലഭിച്ചത് വലിയ സ്വീകരണം
ധാക്ക: മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശില്‍ തിരിച്ചെത്തിയതോടെ ഉണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിച്ചു ഇന്ത്യ. 17 വര്‍ഷം ലണ്ടനില്‍ അഭയാര്‍ത്ഥിയായി കഴിഞ്ഞ ശേഷമാണ് താരിഖ് റഹ്‌മാന്‍ രാജ്യത്തേക്ക് മടങ്ങി വരുന്നത്. ഈ മടങ്ങിവരവില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ കടുത്ത അസ്വസ്ഥരാണ്. ഇതോടെ രാജ്യത്തെ സാഹചര്യങ്ങള്‍ ഏതു വഴിയില്‍ നീങ്ങുമെന്നാണ് ഇന്ത്യയും കരുതലെടുക്കുന്നത്.
താരിഖ് റഹ്‌മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ജമാഅത്തെ ഇസ്ലാമി നേതാവും അഭിഭാഷകനുമായ ഷഹരിയാര്‍ കബീര്‍. ധാക്കയിലെത്തിയ താരിഖ് റഹ്‌മാന്‍ തന്റെ കാഴ്ചപ്പാട് വിശദീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഭീഷണി എത്തിയത്. ഇത് തീവ്രവാദികളും ഇപ്പോഴത്തെ ഭരണത്തെ നയിക്കുന്നവര്‍ക്കും താരിഖ് സ്വീകര്യനല്ലെന്ന് വെളിവാക്കുന്ന സംഭവമാണ്. താരിഖ് റഹ്‌മാന്‍ പിതാവിനെ ഒറ്റുകൊടുത്തെന്നും ഇന്ത്യയുടെ വ്യവസ്ഥകള്‍ അംഗീകരിക്കുന്നുവെന്നുമാണ് ജമാഅത്തെ ഇസ്ലാമിയുടെ വാദം.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) നേതാവാണ് താരിഖ് റഹ്‌മാന്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബി.എന്‍.പിക്ക് ഇദ്ദേഹത്തിന്റെ സാന്നിധ്യം കരുത്താകും. എന്നാല്‍ ഇന്ത്യയോട് അനുകൂലമായ നിലപാടല്ല മുന്‍കാലങ്ങളില്‍ ബിഎന്‍പിയും താരിഖ് റഹ്‌മാനും സ്വീകരിച്ചിട്ടുള്ളത്. അതിര്‍ത്തി തര്‍ക്കങ്ങള്‍, ടീസ്ത നദീജല കരാര്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ കടുത്ത നിലപാടുകള്‍ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ ദോഷകരമായി ബാധിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ബംഗ്ലാദേശിലെ ഇപ്പോഴത്തെ കുഴഞ്ഞു മറിഞ്ഞ രാഷ്ട്രീയ സാചര്യത്തില്‍ താരിഖ് അധികാരത്തില്‍ എത്തുന്നതാണ് നല്ലതെന്ന വിലയിരുത്തലുകളുമുണ്ട്.
ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബി.എന്‍.പിയുടെ ബന്ധം ഇന്ത്യയെ കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി ശക്തി വര്‍ധിപ്പിക്കുന്നത് മതഭീകരത വളരാന്‍ കാരണമാകുമെന്നാണ് ഇന്ത്യയുടെ ആശങ്കയ്ക്ക് കാരണം. ബംഗ്ലാദേശില്‍ അടുത്തിടെയുണ്ടായ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഇന്ത്യ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. താരിഖ് റഹ്‌മാന്റെ തിരിച്ചുവരവ് ഇത്തരം തീവ്ര നിലപാടുള്ള സംഘടനകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമാകുമോ എന്ന ഭയവും ഇന്ത്യക്കുണ്ട്.
ബംഗ്ലാദേശില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ താരിഖ് റഹ്‌മാന്റെ കടന്നുവരവോടെ രൂപപ്പെടുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. അതിനാല്‍ തന്നെ ബംഗ്ലാദേശിലെ മാറുന്ന രാഷ്ട്രീയ സാഹചര്യം ഇന്ത്യ അതീവ ജാഗ്രതയോടെയാണ് ഉറ്റുനോക്കുന്നത്.
ഭാര്യ സുബൈദ റഹ്‌മാന്‍, മകള്‍ സൈമ റഹ്‌മാന്‍ എന്നിവര്‍ക്കൊപ്പം എത്തിയ താരിഖിനെ സ്വാഗതംചെയ്യാന്‍ ബിഎന്‍പി പ്രവര്‍ത്തകരും പാര്‍ട്ടി നേതാക്കളും വിമാനത്താവളത്തിലേക്ക് കാല്‍നടയായാണ് എത്തിയത്. വളര്‍ത്തുപൂച്ച സീബുവിനെയും താരിഖ് കുടുംബം ഒപ്പം കൂട്ടിയിരുന്നു. അടുത്ത സഹായികളായ അബ്ദുര്‍ റഹ്‌മാന്‍ സുനി, കമല്‍ ഉദ്ദീനും എന്നിവരും താരിഖിനെ യാത്രയില്‍ അനുഗമിച്ചു. വിമാനമിറങ്ങിയ താരിഖിനെ ബിഎന്‍പി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ സ്വീകരിച്ചു.
പ്രത്യേകം ഇറക്കുമതി ചെയ്ത രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളില്‍ ഒന്നിലാണ് വിമാനത്താവളത്തില്‍നിന്ന് താരിഖിന്റെ യാത്ര. പുര്‍ബാചല്‍ എക്‌സ്പ്രസ് വേയില്‍ ഗംഭീര സ്വീകരണം നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിഎന്‍പിയുടെ മുതിര്‍ന്ന നേതാക്കളും പ്രമുഖ വ്യക്തികളും വേദിയില്‍ ഉണ്ടാകുമെങ്കിലും താരിഖ് റഹ്‌മാന്‍ മാത്രമായിരിക്കും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ദ ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. പരിപാടിയില്‍ ഏകദേശം 50 ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എവര്‍കെയര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനെ താരിഖ് സന്ദര്‍ശിച്ചു. ഒരു മാസത്തിലേറെയായി ഖാലിദ സിയ അവിടെ ചികിത്സയിലാണ്. അമ്മയെ സന്ദര്‍ശിച്ച ശേഷം, താരിഖ് കുടുംബം ഗുല്‍ഷന്‍-2ലെ സിയ കുടുംബത്തിന്റെ വസതിയായ ഫിറോസ സന്ദര്‍ശിക്കും. അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി പോലീസ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സിയ കുടുംബത്തിന്റെ പ്രധാന ശത്രുവായിരുന്ന ദീര്‍ഘകാല പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ബിഎന്‍പി മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ലണ്ടനില്‍ നിന്ന് റഹ്‌മാന്റെ തിരിച്ചുവരവ്. 1991 മുതല്‍ ഖാലിദ സിയയും ഷെയ്ഖ് ഹസീനയും അധികാരത്തില്‍ മാറിമാറി വന്നിട്ടുണ്ട്.
യുഎസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ റിപ്പബ്ലിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡിസംബറിലെ ഒരു സര്‍വ്വേ അനുസരിച്ച്, ബിഎന്‍പി ഏറ്റവും കൂടുതല്‍ പാര്‍ലമെന്ററി സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ട്. ഇസ്ലാമിസ്റ്റ് ജമാഅത്തെ ഇസ്ലാമി പാര്‍ട്ടിയും മത്സരത്തിലുണ്ട്. തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കപ്പെട്ട ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി, തിരഞ്ഞെടുപ്പ് താളം തെറ്റിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.




