മോസ്‌കോ: യുക്രൈന്‍ - റഷ്യ സമാധാന ചര്‍ച്ചകള്‍ ഇനി എത്രകണ്ട് മുന്നോട്ടു പോകുമെന്ന സംശയം ശക്തം. സമാധാനം തുടരുന്നതിന്റെ ഭാഗമായി സെലന്‍സ്‌കി - പുടിന്‍ ചര്‍ച്ച നടക്കുമോ എന്ന സംശയമാണ് ഉണ്ടായിരിക്കുന്നത്. മോസ്‌കോയിലേക്ക് ചര്‍ച്ചകള്‍ക്ക് പോകാന്‍ സെലന്‍സ്‌കിയും തയ്യാറല്ല. ഇതോടെ കൂടിക്കാഴ്ച്ച സംബന്ധിച്ച പ്രതിസന്ധികള്‍ നിലനില്‍ക്കുകയാണ്.

യുക്രെയ്‌നിനു സുരക്ഷ ഉറപ്പാക്കാന്‍ റഷ്യയെ മാറ്റിനിര്‍ത്തി ചര്‍ച്ച നടത്തുന്നത് 'എങ്ങുമെത്താത്ത വഴി'യാണെന്നു റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്കൊപ്പം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ എത്തിയതിനെയും തുടര്‍ന്നു സ്വന്തം നിലയ്ക്കു പ്രഖ്യാപനങ്ങള്‍ നടത്തിയതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

ട്രംപ് പുട്ടിന്‍ ചര്‍ച്ചയിലുണ്ടായ ധാരണകള്‍ തകര്‍ക്കും വിധമാണ് യുഎസിലുള്‍പ്പെടെ യൂറോപ്യന്‍ നേതാക്കള്‍ നടത്തുന്ന നീക്കങ്ങള്‍. റഷ്യയെക്കൂടാതെ നടക്കുന്ന ചര്‍ച്ചകള്‍ സാങ്കല്‍പിക ലോകത്തെ ചര്‍ച്ച മാത്രമാണെന്നും അത് എങ്ങുമെത്തില്ലെന്നും അവര്‍ക്കുതന്നെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുദ്ധാനന്തരം യുക്രെയ്‌നിനു സഹായം നല്‍കുന്നതിനുള്ള ചര്‍ച്ചകളുമായി അമേരിക്കന്‍ യൂറോപ്യന്‍ സേനകള്‍ മുന്നോട്ടുപോകുകയാണ്. അതിനിടെ, തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ തകര്‍ന്നുവീണ നിലയില്‍ റഷ്യന്‍ ഡ്രോണ്‍ കണ്ടെത്തിയതായും നാറ്റോ അംഗരാജ്യത്തെ പ്രകോപിപ്പിക്കാനാണു റഷ്യയുടെ ശ്രമമെന്നും പോളണ്ട് ആരോപിച്ചു.

റഷ്യയു-ക്രെയ്ന്‍ യുദ്ധം യുഎസ് തിരഞ്ഞെടുപ്പിലെ പ്രധാനചര്‍ച്ചാവിഷയമായിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ 24 മണിക്കൂറിനകം യുദ്ധം അവസാനിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് ആവര്‍ത്തിച്ചുപറഞ്ഞു. എന്നാല്‍ അത്ര പെട്ടെന്ന് അഴിക്കാന്‍ പറ്റുന്ന കുരുക്കല്ല ഇതെന്ന് ട്രംപിന് മനസിലായത് വൈറ്റ്ഹൗസിലെത്തിയശേഷമാണ്. ആദ്യം പുട്ടിനെ അനുകൂലിച്ച് സെലന്‍സ്‌കിയെ വിമര്‍ശിച്ച ട്രംപ് പിന്നീട് ഇരുവരേയും രൂക്ഷമായി വിമര്‍ശിച്ചു. റഷ്യയ്‌ക്കെതിരെ മുന്നറിയിപ്പുകളും ഉപരോധവും തീരുവയും കടുപ്പിച്ചു.

ഇതിനിടയാണ് അലാസ്‌കയില്‍ വെച്ച് ട്രംപും - പുടിനും കൂടിക്കാഴ്ച്ച നടത്തിയത്. അടുത്ത ചര്‍ച്ച മോസ്‌കോയിലാകാമെന്ന് പുട്ടിന്‍ പറഞ്ഞെങ്കിലും ട്രംപ് സമ്മതംമൂളിയില്ല. പുട്ടിനുമായുള്ള ചര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ സെലന്‍സ്‌കിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. തൊട്ടുപിന്നാലെ സെലന്‍സ്‌കിയെ നേരിട്ടുള്ള ചര്‍ച്ചയ്ക്കായി ട്രംപ് വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചു. മൂന്നുമണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലേക്കെത്തിയ പുട്ടിനില്‍ ഒരു വിജയിയുടെ ശരീരഭാഷ കാണാമായിരുന്നു.

ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഫിന്‍ലാന്‍ഡ് രാജ്യങ്ങളുടെ ഭരണാധികാരികള്‍, നാറ്റോ സെക്രട്ടറി ജനറല്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്. മൂന്നരവര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള വഴി തേടി വലിയ നയതന്ത്രചര്‍ച്ചകള്‍ക്കാണ് വൈറ്റ്ഹൗസ് സാക്ഷിയായത്. ചര്‍ച്ച ഫലപ്രദമെന്ന് ട്രംപും സെന്‍സിറ്റീവായ വിഷയങ്ങളടക്കം ചര്‍ച്ചയായെന്ന് സെലന്‍സ്‌കിയും പ്രതികരിച്ചു. യുക്രെയ്‌ന് യുഎസ് നേരിട്ട് സുരക്ഷ നല്‍കുന്നതിന് പകരം യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‍കുന്ന സുരക്ഷയോട് സഹകരിക്കുമെന്ന് ട്രംപ് അറിയിച്ചു.

അടിയന്തര വെടിനിര്‍ത്തലല്ല, ശാശ്വതസമാധാനമാണ് വേണ്ടതെന്നും ട്രംപ് പറഞ്ഞു. ചര്‍ച്ചയ്ക്കിടെ നാല്‍പത് മിനിട്ടോളം ട്രംപ് പുട്ടിനുമായി ഫോണില്‍ സംസാരിച്ചു. റഷ്യ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെക്കൂടി ഉള്‍പ്പെടുത്തിയുള്ള ത്രിതല ചര്‍ച്ചയ്ക്കു തയാറാണെന്നു സെലെന്‍സ്‌കി പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരും ട്രംപിനൊപ്പം ഉണ്ടായിരുന്നു. നാറ്റോ അംഗത്വമെന്ന മോഹവും ക്രൈമിയ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയും യുക്രെയ്ന്‍ ഉപേക്ഷിക്കണമെന്ന് ഉച്ചകോടിക്കുമുന്‍പായി ട്രംപ് സൂചിപ്പിച്ചിരുന്നു. അതിനാല്‍ നാറ്റോ വിഷയം ചര്‍ച്ചയായില്ല. യുഎസ് സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും അതിനര്‍ഥം യുഎസ് സൈനികര്‍ യുക്രെയ്‌നിലെത്തുമെന്നല്ലെന്നും അത്തരമൊരു നടപടി ട്രംപ് ഭരണകാലത്തുണ്ടാകില്ലെന്നും വൈറ്റ് ഹൗസ് വിശദീകരിക്കുന്നു.

അടുത്തഘട്ടമായി രണ്ടാഴ്ചയ്ക്കുള്ളില്‍ പുട്ടിനും സെലന്‍സ്‌കിയും നേരില്‍ കാണും. തുടര്‍ന്ന് ട്രംപും സെലന്‍സ്‌കിയും പുട്ടിനും ചേര്‍ന്നും ചര്‍ച്ച നടത്തും. വൈറ്റ്ഹൗസ് ചര്‍ച്ചയ്‌ക്കെത്തിയ യൂറോപ്യന്‍ ഭരണാധികാരികള്‍ ട്രംപിന് നന്ദി അറിയിച്ചു. സമാധാനനീക്കത്തെ സ്വാഗതം ചെയ്യുകയും അതിനൊപ്പം യുക്രെയ്‌ന് ഭാവിയില്‍ സുരക്ഷ ഉറപ്പാക്കുന്നത് പ്രധാനമെന്നും ഭരണാധികാരികള്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ സമാധാനത്തിലേക്ക് വഴിതുറക്കുന്നുണ്ട്.

പക്ഷേ, പ്രധാന കടമ്പ ഭൂപ്രദേശവും അതിര്‍ത്തിയുമൊക്കെത്തന്നെയാണ്. റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്നതിലാണ് തീരുമാനമുണ്ടാകേണ്ടത്. എല്ലാം വിട്ടുകൊടുത്തില്ലെങ്കിലും ചിലതെങ്കിലും വിട്ടുകൊടുക്കാതെ യുദ്ധം അവസാനിക്കില്ല. അത് പറ്റില്ലെന്നാവര്‍ത്തിക്കുന്ന സെലന്‍സ്‌കിക്ക് പക്ഷേ, അതില്ലാതെ വേറെ വഴിയില്ലെന്നറിയാം. ഇനി എല്ലാ കണ്ണുകളും സെലന്‍സ്‌കി പുട്ടിന്‍ കൂടിക്കാഴ്ചയിലേക്കാണ്. അത് എന്ന്, എപ്പോള്‍ നടക്കുമെന്ന് ഉടനറിയാം.