- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുതിക്കൂട്ടി യൂറോപ്യന്‍ തലവന്മാരെ കൂട്ടി വൈറ്റ് ഹൗസിലേക്ക് ചെന്നതുകൊണ്ട് അധികം മൊട കാട്ടാതെ ട്രംപ്; ആദ്യം ഞങ്ങള്‍ നേരിട്ട് സംസാരിക്കട്ടെ എന്ന് പറഞ്ഞപ്പോള്‍ ശരി വയ്ക്കാന്‍ തയ്യാറായി; പുട്ടിനും സെലന്‍സ്കിയും തമ്മില്‍ കൂടിക്കാഴ്ച്ച ഒരുക്കാന്‍ ട്രംപ്; സമ്മിറ്റിന് ശേഷം ട്രംപ് പുട്ടിനെ വിളിച്ചതും പ്രതീക്ഷക്ക് വക നല്കുന്നു: യുക്രൈന്- റഷ്യ യുദ്ധം അവസാനിച്ചേക്കുമെന്ന് തന്നെ സൂചന
യുക്രൈന്- റഷ്യ യുദ്ധം അവസാനിച്ചേക്കുമെന്ന് തന്നെ സൂചന
വാഷിംഗ്ടണ്‍: സമാധാനത്തിനുള്ള നോബല്‍ സമ്മാനം എങ്ങനെയെങ്കിലും നേടിയെടുക്കുക എന്ന ലക്ഷ്യത്തില്‍ മുന്നോട്ടു പോകുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹത്തിന്റെ ഈ ആഗ്രഹം സഫലീകരിക്കാന്‍ യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിച്ചേ തീരൂ. തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് അമേരിക്കക്കാര്‍ക്ക് നല്‍കിയ വാഗ്ദാനവും ഇതായിരുന്നു. അതുകൊണ്ട് തന്നെ സമാധാന ശ്രമങ്ങള്‍ക്കായി ട്രംപ് ഇറങ്ങിത്തിരിച്ചിട്ട് കുറച്ചായി. എന്നാല്‍, തുടക്കത്തില്‍ പാളിയ ഈ നീക്കം ഇക്കുറി വിജയിച്ചേക്കുമെന്നാണ് സൂചന. വൈറ്റ് ഹൗസില്‍ ഇന്നലെ ട്രംപും യുക്രൈന്‍ പ്രസിഡന്റ് സെലന്‍്കിയും മറ്റു യൂറോപ്യന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ച നല്‍കുന്ന സൂചന യുദ്ധം അവസാനിച്ചേക്കുമെന്ന് തന്നെയാണ്.
കഴിഞ്ഞ തവണ സെലന്‍സ്‌കി വൈറ്റ് ഹൗസില്‍ എത്തിയപ്പോള്‍ ട്രംപുമായി തര്‍ക്കിച്ചിരുന്നു. ഇക്കുറി, ആ സാധ്യത ഒഴിവാക്കാനാണ് യൂറോപ്യന്‍ രാജ്യത്തലവന്‍മാര്‍ കൂടി വൈറ്റ്ഹൗസിലേക്ക് എത്തിയത്. ബ്രിട്ടഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോനി, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
ഇവര്‍ കൂടി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതോട കഴിഞ്ഞതവണ കാണിച്ച മൊട പുറത്തെടുക്കാതെ നല്ലകൂട്ടിയായി ട്രംപ് മാറുകയും ചെയ്തു. ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കാതെ ട്രംപ് നയതന്ത്ര വഴിയിലാണ് നീങ്ങിയത്. ആദ്യം പുടിനും സെലന്‍സിക്കിയും തമ്മില്‍ കാണട്ടെ എന്ന കാര്യവും അദ്ദേഹം അംഗീകരിച്ു. ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ, ഞങ്ങള്‍ മൂന്ന് നേതാക്കളും ഒരുമിച്ചുള്ള ചര്‍ച്ചയും നടക്കുമെന്നും ട്രംപ് അറിയിച്ചു. അമേരിക്ക കൂടി പങ്കാളിയാകുന്ന ത്രികക്ഷി ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കൂടിക്കാഴ്ച്ചക്ക് ശേഷം പുടിനെ ട്രംപ് വിളിച്ചതും സമാധാനത്തിലേക്ക് വഴിതുറക്കുന്നതായി.
കൂടിക്കാഴ്ചയ്ക്കിടെ ഞാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഫോണില്‍ വിളിക്കുകയും മുന്‍കൂട്ടി തീരുമാനിക്കുന്ന ഒരു സ്ഥാലത്ത് വെച്ച് പുടിനും സെലെന്‍സ്‌കിയും ഒരുമിച്ചുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തതായും ട്രംപ് പറഞ്ഞു. സെലന്‍സിയും യൂറോപ്യന്‍ നേതാക്കന്‍മാരുമായി സംസാരിച്ച ശേഷമാണ് ട്രംപ് പുടിനെ വിളിച്ചത്. റഷ്യന്‍ പ്രസിഡന്റുമായുള്ള 40 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപ് കൂടിക്കാഴ്ച്ചയുടെ വിവരവും പുറത്തുവിട്ടത്. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച്ചയെന്ന് ട്രംപിന്റെ വാക്കുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതായി.
സോഷ്യല്‍ മീഡിയയിലൂടെയാണ് ട്രാമ്പ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്. പുടിനുമായി നടത്തിയ ചര്‍ച്ചയില്‍ റഷ്യന്‍-യുക്രെയ്ന്‍ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി അദ്ദേഹം പറഞ്ഞു. കൂടാതെ, ഈ കൂടിക്കാഴ്ചക്ക് ശേഷം ഇരു നേതാക്കളോടൊപ്പം താനും ഇരിക്കുമെന്നും യുദ്ധം നശിപ്പിച്ച രാജ്യത്ത് സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് അറിയിച്ചു. 'നാല് വര്‍ഷത്തോളമായി തുടരുന്ന ഈ യുദ്ധത്തില്‍ ഇതൊരു നല്ല തുടക്കമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാനം സ്ഥാപിക്കുന്നതിന് ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി പറഞ്ഞാണ് സെലെന്‍സ്‌കി സംസാരിക്കാന്‍ തുടങ്ങിയത്. ഈ ശ്രമങ്ങള്‍ക്കൊപ്പം യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപിന്റെ സഹായം വേണെന്നും അദ്ദേഹം പറഞ്ഞു. പുതിനും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും എല്ലാ കാര്യങ്ങളും നന്നായി ഭവിച്ചാല്‍ ഇന്നുതന്നെ യുദ്ധം അവസാനിക്കുമെന്നുമായിരുന്നു ട്രംപിന്റെ മറുപടി. യുക്രൈനെ പിന്തുണച്ച ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍, ഫിന്‍ലാന്‍ഡ്, യുകെ, ജര്‍മനി തുടങ്ങിയ എല്ലാ രാജ്യങ്ങളോടും സെലെന്‍സ്‌കി നന്ദി അറിയിച്ചു.
നിലവിലെ യുദ്ധം അവസാനിപ്പിക്കാനും മേഖലയില്‍ സമാധാനം കൊണ്ടുവരാനും ഡൊണാള്‍ഡ് ട്രംപിന് ശക്തിയുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ചര്‍ച്ചയ്ക്ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ബലപ്രയോഗത്തിലൂടെ മാത്രമേ റഷ്യയെ സമാധാനത്തിലേക്ക് നയിക്കാനാകൂ. പ്രസിഡന്റ് ട്രംപിന് ആ ശക്തിയുണ്ടെന്നായിരുന്നു വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ വാക്കുകള്‍. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസിന്റെ പ്രത്യേക പ്രതിനിധി കെയ്ത് കെല്ലോഗുമായും അദ്ദേഹം ചര്‍ച്ച നടത്തി.
മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യുക്രൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സെലെന്‍സ്‌കി ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ട്രംപുമായും യൂറോപ്യന്‍ നേതാക്കളുമായും വാഷിങ്ടണില്‍ നടക്കുന്ന കൂടിക്കാഴ്ച പ്രധാനചുവടുവെയ്പ്പാണ്. യുക്രൈനിലെ സമാധാനം എന്നാല്‍ യൂറോപ്പിന് മുഴുവനുമുള്ള സമാധാനമാണെന്നും ശക്തി ഉപയോഗിച്ച് മാത്രമേ റഷ്യയെ സമാധാനത്തിലേക്ക് തള്ളിവിടാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡൊണാള്‍ഡ് ട്രംപും വൊളോദിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. യൂറോപ്യന്‍നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഓഗസ്റ്റ് 15-ന് അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായി ട്രംപ് നടത്തിയ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍കാര്യത്തില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച.
പുടിനും സെലെന്‍സ്‌കിയും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ച, യുക്രെയ്ന്‍ യുദ്ധത്തിന് ഒരു പരിഹാരം കാണാനുള്ള നിര്‍ണായക ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്. യുക്രൈന് മികച്ച് സുരക്ഷ ഉറപ്പാക്കാന്‍ അമേരിക്കക്ക് കഴിയുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. യുക്രൈന്‍ റഷ്യക്ക് ഭൂപ്രദേശം വിട്ടുനല്‍കണമോ എന്ന ചോദ്യങ്ങള്‍ക്ക് ട്രംപ് മറുപടി നല്‍കിയില്ല. റഷ്യയിലെ യുക്രൈന്‍ തടവുകാരുടെ മോചനം സാധ്യമാക്കണമെന്ന് യൂറോപ്യന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് ആവശ്യപ്പെട്ടു.
സമാധാന നീക്കങ്ങള്‍ക്കിടയിലും യുക്രൈനില്‍ റഷ്യ വന്‍ വ്യോമാക്രമണം നടത്തി. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ പാര്‍പ്പിട മേഖലയില്‍ ഡ്രോണ്‍ പതിച്ച് ഏഴു പേര്‍ കൊല്ലപ്പെട്ടു.ആറു കുട്ടികളടക്കം 20 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 140 ഡ്രോണുകളും നാലു മിസൈലുകളാണ് റഷ്യ തൊടുത്തതെന്ന് യുക്രൈന്‍ അറിയിച്ചു.