- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൂതികള്‍ക്ക് തിരിച്ചടിയുമായി ഇസ്രായേലിന്റെ വ്യോമാക്രമണം; യെമനിലെ തുറമുഖത്തെ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു; എണ്ണ സംഭരണികള്‍ കത്തുന്നു
സനാ: ഇസ്രായേല്‍ ബന്ധമുള്ള കപ്പലുകളെ നിരന്തരം ഉന്നമിടുന്ന ഹൂതികള്‍ക്ക് കനത്ത തിരിച്ചടി നല്കി ഇസ്രായേല്‍. യെമനിലെ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം ഉണ്ടായി. ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന് നേരേയാണ് ഇസ്രയേലിന്റെ വ്യോമാക്രമണമുണ്ടായത്. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായും 87 പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച ടെല്‍ അവീവിലെ യു.എസ്. നയതന്ത്ര കാര്യാലയത്തിന് സമീപം ഹൂതികളുടെ ആക്രമണം നടന്നിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇസ്രയേല്‍ ഹുദൈദ തുറമുഖം ആക്രമിച്ചത്. ആക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായെന്നും തുറമുഖത്തെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്ക് തീപിടിച്ചതായുമാണ് റിപ്പോര്‍ട്ടുകളിലുള്ളത്. തുറമുഖത്ത് വന്‍തോതില്‍ തീ ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഹുദൈദയിലെ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് സംഭവത്തില്‍ പ്രതികരിച്ചു. ഇസ്രയേലി പൗരന്മാരുടെ രക്തത്തിന് വിലയുണ്ടെന്നും ഹൂതികള്‍ വീണ്ടും ആക്രമണത്തിന് തുനിഞ്ഞാല്‍ കൂടുതല്‍ ഓപ്പറേഷനുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെതിരെ ആക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന ഇറാന് പിന്തുണയുള്ള മറ്റുസായുധസംഘങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ഹുദൈദയിലെ ആക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളെ ദ്രോഹിക്കുന്നവര്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷനിലൂടെയും പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ഹൂതി ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ചെങ്കടലിലെ ഹൂതി ഇടപെടല്‍ സൂയസ് കനാല്‍ വഴിയുള്ള ചരക്കുകടത്തിനെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. ഇസ്രായേല്‍ ബന്ധം സംശയിക്കുന്നെന്ന പേരില്‍ നിരവധി കപ്പലുകള്‍ക്ക് നേരെയാണ് ഇവിടെ ആക്രമണമുണ്ടായത്. ഇതോടെ, മിക്ക കപ്പലുകളും വഴിമാറി സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാണ്. ഇതിനു പിന്നാലെയാണ് ഡ്രോണ്‍ ആക്രമണവും പ്രത്യാക്രമണവും.
അതേസമയം അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗസ്സയിലെ ക്യാമ്പുകള്‍ ലക്ഷ്യമിട്ടുള്ള ആക്രമണവും ഇസ്രായേല്‍ തുടരുന്നുണ്ട്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി മധ്യ ഗസ്സയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ഇസ്രായേല്‍ നടത്തിയ മൂന്ന് വ്യോമാക്രമണത്തില്‍ 37 പേര് കൊല്ലപ്പെട്ടിരുന്നു.
നുസൈറത്ത്, ബുറൈജ് അഭയാര്‍ഥി ക്യാമ്പുകളില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് കുട്ടികളും ഒരു സ്ത്രീയുമുള്‍പ്പെടും. ഒമ്പത് മാസത്തിലേറെയായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ 38,919 പേര് കൊല്ലപ്പെട്ടു. 89,622 പേര്‍ക്ക് പരിക്കേറ്റു. അതിനിടെ, ഇസ്രായേലിന്റെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.