- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകള്‍ക്കും പ്രതിമാസം രണ്ടായിരം രൂപ; പുരുഷന്മാര്ക്ക് സൗജന്യയാത്ര; തൊഴിലുറപ്പ് ദിനങ്ങൾ വർധിപ്പിക്കും; വീട് ഇല്ലാത്തവര്‍ക്ക് ഭൂമിയും വീടും നൽകും; തെരഞ്ഞെടുപ്പ് വാഗ്ധാനങ്ങളുമായി എഐഎഡിഎംകെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വൻ വാഗ്ദാനങ്ങളുമായി എഐഎഡിഎംകെ. പാർട്ടിയുടെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയാണ്, എംജിആറിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. പുരുഷൻമാർക്ക് നഗര ബസ്സുകളിൽ സൗജന്യയാത്ര, റേഷൻ കാർഡ് ഉടമകളായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, ഭവനരഹിതർക്ക് വീട്, തൊഴിലുറപ്പ് ദിനങ്ങൾ വർധിപ്പിക്കൽ, സ്ത്രീകൾക്ക് സബ്‌സിഡിയോടെ ഇരുചക്രവാഹനങ്ങൾ എന്നിവയാണ് പ്രഖ്യാപിച്ച പ്രധാന വാഗ്ദാനങ്ങൾ.
എഐഎഡിഎംകെ അധികാരത്തിലെത്തിയാൽ റേഷൻ കാർഡ് ഉടമകളായ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2000 രൂപ അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുമെന്ന് പളനിസ്വാമി വ്യക്തമാക്കി. കുടുംബനാഥകളായ സ്ത്രീകളാകും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. കൂടാതെ, 25,000 രൂപ സബ്‌സിഡിയോടെ അഞ്ച് ലക്ഷം ഇരുചക്രവാഹനങ്ങൾ സ്ത്രീകൾക്ക് നൽകുന്ന പദ്ധതിയും പാർട്ടി മുന്നോട്ടുവെക്കുന്നു.
നഗര ബസ്സുകളിൽ പുരുഷൻമാർക്കും സൗജന്യ യാത്ര അനുവദിക്കുമെന്നും എഐഎഡിഎംകെ വാഗ്ദാനം ചെയ്തു. 'അമ്മ ഹൗസിങ് സ്‌കീം' വഴി ഭവനരഹിതർക്ക് വീടുകൾ നൽകുമെന്നും പ്രഖ്യാപനത്തിലുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ഭൂമിയും കോൺക്രീറ്റ് വീടുകളും, നഗരപ്രദേശങ്ങളിൽ ഫ്ലാറ്റുകളും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള 100 ദിന തൊഴിലുറപ്പ് പദ്ധതിയുടെ ദിവസങ്ങൾ 150 ആയി വർധിപ്പിക്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി അറിയിച്ചു.
ഈ വാഗ്ദാനങ്ങൾ സംസ്ഥാനത്തെ കൂടുതൽ കടക്കെണിയിലാക്കില്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഭരണപരമായ കഴിവുണ്ടെങ്കിൽ ആർക്കും ഇത് നടപ്പിലാക്കാവുന്നതാണെന്ന് പളനിസ്വാമി മറുപടി നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപയും പ്രതിവർഷം ആറ് ഗ്യാസ് സിലിണ്ടറുകളും വാഗ്ദാനം ചെയ്തിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രകടനപത്രിക സമിതി യോഗം പൂർത്തിയാക്കിയ ശേഷം കൂടുതൽ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


