മോഗ: പഞ്ചാബില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോഗയില്‍ സംഘടിപ്പിച്ച 'ബദ്ലാവ്' റാലിയില്‍ സംസാരിക്കുമ്പോഴാണ് ഷാ വിവാദ പ്രസ്താവന നടത്തിയത്.

ഛത്തീസ്ഗഡില്‍ സംഘപരിവാര്‍ അക്രമികള്‍ പുരോഹിതരെ ആക്രമിച്ചിരുന്നു. ക്രൈസ്തവ പുരോഹിതര്‍ ഹിന്ദുക്കളെ മതം മാറ്റുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. 2024ല്‍ ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ കരട് പാസാക്കുകയും 2026ല്‍ ബില്‍ നിയമസഭ അംഗീകരിക്കുകയും ചെയ്തു. പ്രധാനമായും ക്രിസ്ത്യന്‍ വിഭാഗങ്ങളെ ലക്ഷ്യംവെച്ചാണ് നിയമം ഛത്തീസ്ഗഢില്‍ കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് പഞ്ചാബിലും ഇതേ തരത്തില്‍ മതപരിവര്‍ത്ത നിരോധന നിയമം കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നത്.

വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാത്ത മതംമാറ്റം ജാമ്യമില്ലാക്കുറ്റമാക്കി പത്തുവര്‍ഷംവരെ ജയിലിലടയ്ക്കുന്ന നിയമമാണ് ഛത്തീസ്ഗഡില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നത്. സംസ്ഥാനത്ത് ക്രിസ്ത്യന്‍ മിഷണറികളുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തനം സജീവമാണെന്നാരോപിച്ചാണ് നിയമം സംസ്ഥാനത്ത് തിരക്കിട്ട് നടപ്പാക്കിയത്. പഞ്ചാബില്‍ മോദിയും അമിത് ഷായും അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് നടപ്പാക്കാനൊരുങ്ങുന്നതും ഇത് തന്നെയാണ്.

പഞ്ചാബ് നേരിടുന്ന പ്രധാന വെല്ലുവിളി മതപരിവര്‍ത്തനമാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കോണ്‍ഗ്രസും ആം ആദ്മി പാര്‍ടിയും ഇതിന് ഒത്താശ ചെയ്യുകയാണെന്നുമാണ് അമിത് ഷായുടെ ആരോപണം. ഗുരു തേജ് ബഹദൂര്‍ ഉള്‍പ്പെടെയുള്ള സിഖ് ഗുരുക്കന്മാരുടെ ത്യാഗത്തെ രാഷ്ട്രീയ ആയുധമാക്കിയായിരുന്നു അമിത് ഷായുടെ പ്രസംഗം. മതപരിവര്‍ത്തനം തടയാന്‍ ജീവന്‍ ബലിയര്‍പ്പിച്ച ഗുരു തേജ് ബഹദൂര്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ അവശേഷിക്കില്ലായിരുന്നുവെന്ന് ഷാ പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നാണ് ഷായുടെ വാദം.

ഈ മാസം ആദ്യം മുംബൈയില്‍ നടന്ന ചടങ്ങിലും പഞ്ചാബിലെ മതപരിവര്‍ത്തന വിഷയത്തില്‍ ഭഗവന്ത് മാന്‍ സര്‍ക്കാരിനെതിരെ ഷാ രംഗത്തെത്തിയിരുന്നു. പഞ്ചാബില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായാണ് സിഖ് ചരിത്രത്തെയും മതപരിവര്‍ത്തന വിഷയത്തെയും മുന്‍നിര്‍ത്തിയുള്ള കേന്ദ്രമന്ത്രിയുടെ നീക്കം.