തിരുവനന്തപുരം: ബിഹാറിന്റെ 30-ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. 26 വര്‍ഷത്തിനു ശേഷം ബിഹാറില്‍ ഗവര്‍ണറാകുന്ന മുസ്ലിം സമുദായത്തില്‍പ്പെട്ടയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ നിന്നും ബിഹാറിലേക്ക് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയത് സൈബറിടത്തില്‍ സഖാക്കളുടെ ആഘോഷത്തിന് കാരണമായിരുന്നു. ആരിഫ് മുഹമ്മദ് ഖാനെ ഇവിടെ നിന്നും പറത്തിയെന്ന വിധത്തിലായിരുന്നു പ്രചരണങ്ങള്‍. എന്നാല്‍, അത്തരം പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമല്ലെന്നതാണ് വസ്തുത.

കുറച്ചുകാലമായി തന്നെ അദ്ദേഹം തനിക്ക് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പദവി വേണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍, ഇതിന് സാഹചര്യം ഒത്തുവന്നതോടെ അതിന് അവസരം കേന്ദ്രം ഒരുക്കിയത്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപിയുടെ സഖ്യകക്ഷിയാണ് നിതീഷ് കുമാര്‍. എന്നാല്‍, എപ്പോഴും ചാഞ്ചാടുന്ന സ്വഭാവമുള്ള നിതീഷ് കുമാര്‍ നിലപാടുകള്‍ മാറ്റിയാല്‍ അത് ബിജെപിക്ക് തന്നെ പണിയാകും. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി മോദിയുടെ ദൂതനായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിക്കുന്നത്.

ജനതാദള്‍ രാഷ്ട്രീയ കാലത്ത് ഒരുമിച്ചു പ്രവര്‍ത്തിച്ചവരാണ് നിതീഷ് കുമാറും ആരിഫ് മുഹമ്മദ് ഖാനും. ബിഹാറിലെ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനവുമുണ്ട്. നിതീഷ് കുമാറിന് നിറം മാറുന്നുവോ എന്ന് തോന്നിയതോടെ പഴയകാല സുഹൃത്തായ ആരിഫ് മുഹമ്മദ് ഖാനെ നിയമിക്കാന്‍ അമിത്ഷാ നിര്‍ദേശിച്ചെന്നാണ് സൂചനകള്‍. കേരളത്തില്‍ ഇടതു സര്‍ക്കാറുമായി ഏറ്റുമുട്ടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ടു പേയതെങ്കില്‍ ബിഹാറില്‍ എന്താകും ലൈന്‍ എന്നാണ് അറിയേണ്ടത്.

തുടക്കത്തില്‍ നയതന്ത്ര വഴിയില്‍ തന്നെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ പെരുമാറിയത്. ബിഹാര്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പായി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവുമായുള്ള കൂടിക്കാഴ്ച നടത്തിയിരുന്നും ആരിഫ് മുഹമ്മദ് ഖാന്‍. അവശ്യ ഘട്ടത്തില്‍ ആര്‍ജെഡിയുടെ സഹായം ബിജെപിക്ക് ഉറപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും സൂചനയുണ്ട്. അതേസമയ മാധ്യമങ്ങളോടും അദ്ദേഹം ക്ഷോഭിച്ചു. സന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്.

നിങ്ങള്‍ ഒരു സ്ഥലം സന്ദര്‍ശിക്കുകയാണെങ്കില്‍ അവിടെ പരിചയക്കാര്‍ ഉണ്ടെങ്കില്‍ അവരെ കാണുക സ്വാഭാവികമല്ലേയെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. 1975 മുതല്‍ തനിക്ക് പരിചയമുള്ളയാളുകളുടെ നഗരത്തില്‍ എത്തുമ്പോള്‍ അവര്‍ക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കില്ലേ. ലാലുപ്രസാദ് യാദവിനെ കണ്ടതില്‍ എന്താണ് സംശയാസ്പദമെന്നും ഈ ചോദ്യം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. എല്ലാം കാര്യങ്ങളും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് ബിഹാര്‍ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റത്. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തേജസ്വി യാദവും ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു. തിങ്കളാഴ്ച പട്നയിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, സ്പീക്കര്‍ നന്ദ കിഷോര്‍ യാദവ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ഇതിനു പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയുക്ത ഗവര്‍ണറെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പഴയകാല സുഹൃത്തുക്കളുടെ കൂടിച്ചേരല്‍ കൂടിയായി ഇത്.

26 വര്‍ഷത്തിനു ശേഷം ബിഹാറില്‍ ഗവര്‍ണറാകുന്ന മുസ്ലിം സമുദായത്തില്‍പ്പെട്ടയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. അതുകൊണ്ട് തന്നെ മുസ്ലിം സമുദായത്തില്‍ സ്വീകാര്യത നേടാനും ആരിഫ് മുഹമ്മദ് ഖാന്‍ വഴി ബിജെപി ശ്രമിക്കുമെന്ന് ഉറപ്പാണ്. അതേസമയം കോളിളക്കമുണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാനുശേഷം രാജേന്ദ്ര ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി എത്തുമ്പോള്‍ ആശങ്കയൊഴിയാതെ കേരളത്തിലെ സര്‍ക്കാര്‍. ആരിഫ് മുഹമ്മദ് ഖാനെപ്പോലെ സര്‍വകലാശാലാ വിഷയങ്ങളില്‍ നേരിട്ടിടപെട്ട് ബിഹാര്‍ സര്‍ക്കാരുമായി പോരടിച്ചാണ് ആര്‍ലേക്കറുടെ വരവ്.

ആരിഫ് മുഹമ്മദ് ഖാന്‍ ബി.ജെ.പി.യോടും സംഘപരിവാറിനോടും അനുഭാവമുള്ളയാളായിരുന്നെങ്കില്‍ ആര്‍ലേക്കര്‍ ബി.ജെ.പി. നേതാവും ആര്‍.എസ്.എസുമായി അടുത്ത ബന്ധമുള്ളയാളുമാണ്. ഗോവ സ്വദേശിയായ ആര്‍ലേക്കര്‍ ബി.ജെ.പി. രൂപംകൊണ്ട 1980 മുതല്‍ പാര്‍ട്ടിയുടെ ഭാഗമാണ്. ബി.ജെ.പി. ഗോവ ജനറല്‍ സെക്രട്ടറിയുമായിരുന്നു. സത്യാഗ്രഹം കൊണ്ടല്ല, ഇന്ത്യയിലെ ജനങ്ങളുടെ കൈയിലെ ആയുധം കണ്ടാണ് ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടതെന്ന് സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഈയിടെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് അച്ചടക്കം ഉറപ്പാക്കാന്‍ രണ്ടുവര്‍ഷത്തെ പട്ടാളസേവനം നിര്‍ബന്ധമാക്കണമെന്ന ആര്‍ലേക്കറിന്റെ നിലപാടും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അടിമുടി 'രാഷ്ട്രീയ'ക്കാരനായ ആര്‍ലേക്കറുടെ കരുനീക്കങ്ങളെ നേരിടുന്നതാവും വെല്ലുവിളി. ജനുവരി മൂന്നാംവാരം നിയമസഭ തുടങ്ങും. പുതിയ വര്‍ഷത്തെ സഭ നയപ്രഖ്യാപനത്തോടെയാണ് തുടങ്ങുക. സാമ്പത്തികപ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ കേന്ദ്രവിമര്‍ശനവും ഉള്ളടക്കമാവും. പുതിയ ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ എന്തു നിലപാടെടുക്കുമെന്നത് നിര്‍ണായകമാവും.