- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം വേഷധാരികൾക്ക് നേരെ വെടിയുതിർത്ത് ഹിമന്ത ബിശ്വ ശർമ്മ; എഐ വീഡിയോ പങ്കുവെച്ച് അസം ബിജെപി; വംശഹത്യയ്ക്ക് ആഹ്വാനമെന്ന് കോൺഗ്രസ്; സുപ്രീം കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്ലിം വേഷധാരികളായ രണ്ട് പേർക്ക് നേരെ തോക്കുപയോഗിച്ച് വെടിയുതിർക്കുന്നതായി ചിത്രീകരിക്കുന്ന എഐ നിർമ്മിത വീഡിയോ ബിജെപി എക്സിൽ പങ്കുവെച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. 'പോയിന്റ് ബ്ലാങ്ക് ഷോട്ട്' എന്ന തലക്കെട്ടോടെ അസം ബിജെപിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പ്രസിദ്ധീകരിച്ച ഈ വീഡിയോ, കടുത്ത വിമർശനങ്ങളെ തുടർന്ന് പിന്നീട് പിൻവലിച്ചു. എന്നാൽ, ഇത് മുസ്ലിങ്ങൾക്കെതിരായ വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്ന് ആരോപിച്ച് കോൺഗ്രസ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
വീഡിയോയിൽ, താടിയുള്ളവരും തൊപ്പി ധരിച്ചവരുമായ രണ്ട് വ്യക്തികൾക്ക് നേരെ മുഖ്യമന്ത്രി ശർമ്മ റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുന്ന ദൃശ്യങ്ങളാണുള്ളത്. ബിജെപിയെ വോട്ട് ചെയ്ത് വിജയിപ്പിച്ചില്ലെങ്കിൽ അസമിലെ ജനസംഖ്യയുടെ 90 ശതമാനവും മുസ്ലിങ്ങൾ ആകുമെന്നും സംസ്ഥാനത്തിന്റെ സംസ്കാരം നശിക്കുമെന്നും വീഡിയോയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
എഐ വീഡിയോ ഉപയോഗിച്ച് ബിജെപി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. വീഡിയോ ഡിലീറ്റ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ലെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ഈ വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സമാനമായ രീതിയിൽ മുസ്ലീം വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾ പ്രചരിപ്പിച്ചതിന് ബിജെപിക്ക് സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു എന്നതും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.


