ന്യൂഡല്‍ഹി: ഒക്ടോബര്‍ 5 ന് നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടതിന് പിന്നാലെ, മന്ത്രിമാരടക്കം അസംതൃപ്തരായ നേതാക്കളുടെ പടിയിറക്കം. ചിലര്‍ പാര്‍ട്ടി വിട്ടപ്പോള്‍, മറ്റുചിലര്‍ പദവി ഉപേക്ഷിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ ജാതി സന്തുലനം കൊണ്ടുവരാനുള്ള നേതൃത്വത്തിന്റെ ശ്രമം വിചാരിച്ച പോലെ ഏറ്റില്ല. കാരണം വിവിധ ജാതികളില്‍ നിന്നുള്ള നേതാക്കളാണ് കലാപ കൊടി ഉയര്‍ത്തിയത്.

ഏറ്റവുമൊടുവില്‍, സീറ്റ് നിഷേധിച്ചതിന് പാര്‍ട്ടി വിട്ടത് മുന്‍ മന്ത്രി ബച്ചന്‍ സിങ് ആര്യയാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും സംസ്ഥാന പ്രവര്‍ത്തക സമിതിയിലെ ചുമതലയും ഒഴിഞ്ഞതായി അദ്ദേഹം നേതൃത്വത്തിന് അയച്ചില്‍ കത്തില്‍ വ്യക്തമാക്കി. നാര്‍നൗണ്ട് മണ്ഡലത്തില്‍ സീറ്റ് ലഭിക്കുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ജെജെപി വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ രാംകുമാര്‍ ഗൗതമിനാണ് ബിജെപി ടിക്കറ്റ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് ജിന്‍ഡ് ജില്ലയിലെ സാഫിഡോണില്‍ നിന്നുള്ള ബച്ചന്‍ സിങ് ആര്യയുടെ രാജി.

2019 ലെ തിരഞ്ഞെടുപ്പില്‍, ആര്യ സാഫിഡോണില്‍ നിന്ന് 3000 ത്തോളം വോട്ടുകള്‍ക്ക് തോറ്റിരുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കുന്ന ആദ്യ നേതാവല്ല ആര്യ. മൂന്നാം വട്ടം തുടര്‍ച്ചയായി അധികാരത്തിലേറാന്‍ പരിശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടിയാണ് ഈ കൊഴിഞ്ഞുപോക്ക്. 67 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഒമ്പത് എംഎല്‍എമാര്‍ക്കാണ് ബിജെപി സീറ്റ് നിഷേധിച്ചത്.

വൈദ്യുതി-ജയില്‍ മന്ത്രി രഞ്ജിത് സിങ് ചൗട്ടാല, മുന്‍ മന്ത്രിയും ഒബിസി മോര്‍ച്ചാ നേതാവുമായ കരണ്‍ ദേവ് കാംബോജ്, രതിയ എംഎല്‍എ ലക്ഷ്മണ്‍ നാപ എന്നിവരടക്കമുള്ളവരാണ് രാജിവെച്ചത്. രതിയ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമയ നാപയ്ക്ക് സീറ്റ് നിഷേധിച്ച് പകരം മുന്‍ സിര്‍സ എം.പിയായ സുനിത ദുഗ്ഗലിനാണ് ബിജെപി ടിക്കറ്റ് നല്‍കിയത്. നാപയ്ക്ക് വീണ്ടും ടിക്കറ്റ് നല്‍കാമെന്ന് ബിജെപി അറിയിച്ചെങ്കിലും വാക്ക് തെറ്റിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാപ പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗസില്‍ ചേരുകയും ചെയ്തു. പാര്‍ട്ടി വിട്ടെന്ന് മാത്രമല്ല പാര്‍ട്ടിയുടെ തോല്‍വിക്കായി പണിയെടുക്കുമെന്നും മുന്‍ മന്ത്രി കരണ്‍ കാംബോജ് പ്രഖ്യാപിച്ചുകഴിഞ്ഞു.

ദാദ്രി കിസാന്‍ മോര്‍ച്ച ജില്ലാ പ്രസിഡന്റ് വികാസ് എന്ന ഭല്ല, ബിജെപി യുവമോര്‍ച്ച സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും സോനിപ്പത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനുമായിരുന്ന അമിത് ജെയ്ന്‍, ഉക്ലാന സീറ്റ് നിഷേധിക്കപ്പെട്ട ഷംഷേര്‍ ഗില്‍, ബിജെപി കിസാന്‍ മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ സുഖ്വീന്ദര്‍ മാണ്ഡി, ഹിസാറില്‍നിന്നുള്ള ദര്‍ശന്‍ ഗിരി മഹാരാജ്, സീമ ഗായ്ബിപൂര്‍, എച്ച്എസ്എഎം ബോര്‍ഡ് ചെയര്‍മാനായിരുന്ന ആദിത്യ ചൗട്ടാല, ബിജെപി മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ ആഷു ഷേര, ഹിസാറിലെ സാവിത്രി ജിന്‍ഡാല്‍, തരുണ്‍ ജെയ്ന്‍, ഗുരുഗ്രാമില്‍നിന്നുള്ള നവീന്‍ ഗോയല്‍, രെവാരിയില്‍നിന്നുള്ള ഡോ. സതിഷ് ഖോല, ബിജെപി ജില്ലാ വൈസ് പ്രസിഡന്റും മുന്‍ കൗണ്‍സിലര്‍ സഞ്ജീവ് വലേച്ചയുടെ ഭാര്യയുമായ ഇന്ദു വലേച്ച, മുന്‍ മന്ത്രിമാരായ ബച്ചന്‍ സിങ് ആര്യ, ബിഷാംബേര്‍ ബാല്‍മീകി, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പണ്ഡിറ്റ് ജി.എല്‍ ശര്‍മ, രെവാരിയില്‍നിന്നുള്ള പ്രശാന്ത് സന്നി യാദവ് എന്നിവരാണ് പാര്‍ട്ടി വിട്ട മറ്റു നേതാക്കള്‍.

രാജിവച്ചവരില്‍ സാവിത്ര ജിന്‍ഡാല്‍, തരുണ്‍ ജെയ്ന്‍, രഞ്ജിത് ചൗട്ടാല, പ്രശാന്ത് സന്നി യാദവ് എന്നിവര്‍ സ്വതന്ത്രസ്ഥാനാര്‍ഥിമാരായി മത്സരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സന്നി യാദവ് ബിജെപിയില്‍ ചേര്‍ന്നത്. ജി.എല്‍ പണ്ഡിറ്റ് ശര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും.