- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്; ഭാരതത്തിന്റെ ഉത്തരാവാദിത്തം ഹിന്ദുക്കള്‍ക്കാണ്; മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികളാണ്; ഒന്നുകില്‍ അവര്‍ക്ക് ഇതറിയില്ല, അല്ലെങ്കില്‍ അവരെ ഇത് മറക്കാന്‍ പ്രേരിപ്പിക്കുന്നു'; ; ആര്‍എസ്എസില്‍ കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്നുവെന്ന് മോഹന്‍ ഭാഗവത്
ആര്‍എസ്എസില്‍ കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്നുവെന്ന് മോഹന്‍ ഭാഗവത്
ബെംഗളൂരു: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്നും രാജ്യത്തിന്റെ ഉത്തരവാദിത്തം ഹിന്ദുക്കള്‍ക്കാണെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ശതാബ്ദി ആഘോഷിക്കുന്ന ആര്‍എസ്എസിനെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ''ഭാരതത്തിന്റെ ഉത്തരാവാദിത്തം ഹിന്ദുക്കള്‍ക്കാണ്. എന്താണ് നമ്മുടെ രാജ്യം? ബ്രിട്ടീഷുകാരല്ല നമുക്ക് രാജ്യം തന്നത്. നമ്മള്‍ പുരാതനമായ ഒരു രാഷ്ട്രമാണ്. നമുക്കൊരു അടിസ്ഥാന സംസ്‌കാരമുണ്ട്, അതിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഏത് വാക്കും ഹിന്ദു എന്ന പദത്തിലേക്ക് നയിക്കുന്നു,' ഭാഗവത് പറഞ്ഞു.
'മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികളാണ്. ഒന്നുകില്‍ അവര്‍ക്ക് ഇതറിയില്ല. അല്ലെങ്കില്‍ അവരെ ഇത് മറക്കാന്‍ പ്രേരിപ്പിക്കുന്നു. തങ്ങളുടെ ഗോത്രങ്ങള്‍ സംരക്ഷിക്കുന്ന ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഞാന്‍ കാണുന്നുണ്ട്. അതിനാല്‍, ആരും അഹിന്ദുവല്ല. ഹിന്ദുവായിരിക്കുക എന്നതിനര്‍ത്ഥം ഭാരതത്തിന്റെ ഉത്തരവാദിത്തെ ഏറ്റെടുക്കുക എന്നതാണ്. അതുകൊണ്ടാണ് ഭാരതം ഒരു ഹിന്ദു രാഷ്ട്രമാകുന്നത്. നമ്മള്‍ ഇന്ന് ചെയ്യുന്ന ഒന്നുമായും ഒരു വ്യവസ്ഥയുമായും ഇതിന് വൈരുദ്ധ്യമില്ലെന്നും ഭാഗവത് പറഞ്ഞു.
ആര്‍എസ്എസില്‍ ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്നുണ്ടെന്ന് ഭാഗവത് അവകാശപ്പെട്ടു. 'നമുക്കിപ്പോള്‍ വിശ്വാസ്യതയുണ്ട്. എല്ലാവരും നമ്മളെ സ്‌നേഹിക്കുകയും സഹായിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു. ആര്‍എസ്എസ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പുറത്തുനിന്ന് ഒരു പൈസ പോലും വാങ്ങിയിട്ടില്ല. തങ്ങളെ ഹിന്ദുക്കളായി കണക്കാക്കാത്തവരുമായി ഞങ്ങള്‍ സംഭാഷണം ആരംഭിച്ചിട്ടുണ്ട്', എന്നാല്‍ അവര്‍ ഭാരതീയരാണെന്ന് സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിന്റെ ആഗോള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ നിന്ന് ആരംഭിക്കുമെന്ന് ഭാഗവത് പറഞ്ഞു. 'നമ്മുടെ അയല്‍രാജ്യങ്ങളില്‍ ഭൂരിഭാഗവും 100 വര്‍ഷം മുമ്പ് ഭാരതമായിരുന്നു. അവര്‍ നമ്മുടെ ആളുകളാണ്. ഇന്നത്തെ സാഹചര്യങ്ങളിലും സമാനതകളുണ്ട്. ഞങ്ങളുടെ ദൗത്യം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ഞങ്ങള്‍ അതിനുള്ള ശ്രമത്തിലാണ്.' ഭാഗവത് പറഞ്ഞു.




