- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണം നിയമവിരുദ്ധമെന്ന് തെളിഞ്ഞാല്‍ റദ്ദാക്കും; മുന്നറിയിപ്പ് നല്കി സുപ്രീം കോടതി; പൗരത്വം തീരുമാനിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതാണ് അടിസ്ഥാന പ്രശ്‌നമെന്ന് ഹര്‍ജിക്കാര്‍; നേരിട്ട് ഹാജരായ യോഗേന്ദ്ര യാദവിന്റെ വാദത്തിനിടെ നാടകീയ നിമിഷങ്ങള്‍
ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണം നിയമവിരുദ്ധമെന്ന് തെളിഞ്ഞാല്‍ റദ്ദാക്കും
ന്യൂഡല്‍ഹി: ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ നിയമലംഘനം നടന്നതായി കണ്ടെത്തിയാല്‍, നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായി റദ്ദാക്കാമെന്ന് സുപ്രീം കോടതി. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കിനില്‍ക്കെ, സെപ്റ്റംബറില്‍ പോലും ഈ നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. പൗരത്വം നിര്‍ണ്ണയിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 11 രേഖകള്‍ ഹാജരാക്കണമെന്ന കമ്മീഷന്റെ നിര്‍ദ്ദേശമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ആധാര്‍ കാര്‍ഡോ ഇലക്ഷന്‍ ഐഡി കാര്‍ഡോ പൗരത്വത്തിന് മതിയായ തെളിവല്ലെന്നും അവ എളുപ്പത്തില്‍ വ്യാജമായി നിര്‍മ്മിക്കാന്‍ സാധിക്കുമെന്നും കമ്മീഷന്‍ വാദിച്ചിരുന്നു. എന്നാല്‍, പൗരത്വം തീരുമാനിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതാണ് അടിസ്ഥാന പ്രശ്‌നമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി വാദിച്ചു. പൗരത്വം നല്‍കാനും റദ്ദാക്കാനുമുള്ള അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'കമ്മീഷന്റെ ജോലി വ്യക്തിയെ തിരിച്ചറിയലാണ്, അല്ലാതെ പൗരത്വത്തിന്റെ കാവല്‍ക്കാരായി പ്രവര്‍ത്തിക്കലല്ല,' സിങ്വി പറഞ്ഞു.
അതേസമയം, കേസില്‍ വാദത്തിനിടെ നാടകീയ രംഗങ്ങളും അരങ്ങേറി. പൗരാവകാശ പ്രവര്‍ത്തകനായ യോഗേന്ദ്ര യാദവ് കേസില്‍ നേരിട്ട് ഹാജരായി വാദിച്ചു. മരിച്ചെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഒരു സ്ത്രീയെ അദ്ദേഹം കോടതിയില്‍ നേരിട്ട് ഹാജരാക്കി. ഇത് നാടകം കളിക്കലാണെന്ന് കമ്മീഷന്റെ അഭിഭാഷകന്‍ പ്രതികരിച്ചെങ്കിലും, ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തീവ്രമായ ഒരു പരിഷ്‌കരണത്തിന് കമ്മീഷന്‍ മുതിരുന്നതെന്ന് യോഗേന്ദ്ര യാദവ് വാദിച്ചു. യാദവിന്റെ വാദങ്ങളെ അഭിനന്ദിച്ച കോടതി, അദ്ദേഹം നടത്തിയത് നിലവാരമുള്ള വിശകലനമാണെന്നും അഭിപ്രായപ്പെട്ടു.
കേസിലെ വാദം നാളെയും തുടരും. ബീഹാറിലെ ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ ഭാവിയെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിയെയും നിര്‍ണ്ണയിക്കുന്ന സുപ്രധാന നിയമപോരാട്ടത്തിനാണ് സുപ്രീം കോടതി സാക്ഷ്യം വഹിക്കുന്നത്.