പാറ്റ്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് വന്‍ വിജയമുണ്ടായെങ്കിലും അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും, ജെഡിയുവിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്നും 'നിതീഷ് മുഖ്യമന്ത്രിയായി തുടരും' എന്ന പോസ്റ്റ് മിനിറ്റുകള്‍ക്കകം ഡിലീറ്റ് ചെയ്തത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇതോടെ, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം വര്‍ധിച്ചിരിക്കുകയാണ്.

ബിജെപി ബിഹാറില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടിയില്‍ നിന്നും ഒരാള്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കഴിഞ്ഞ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബിജെപി സ്വീകരിച്ച തന്ത്രം ബിഹാറിലും ആവര്‍ത്തിക്കുമോ എന്ന ആശങ്കയും ശക്തമാണ്. മഹാരാഷ്ട്രയില്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തിയെങ്കിലും, തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഇതേ മാതൃക ബിഹാറിലും പിന്തുടര്‍ന്നേക്കാം എന്ന വിലയിരുത്തലുകളുണ്ട്. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോട്ടുള്ളതായി സൂചനകളുണ്ട്. ബിഹാറില്‍ ജെഡിയുവിന്റെ സ്വാധീനം കുറച്ച്, പാര്‍ട്ടിയില്‍ നിന്നൊരു മുഖ്യമന്ത്രിയെ ബിജെപി ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍, ബിഹാര്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ള നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റുക എന്നത് മഹാരാഷ്ട്രയിലേതുപോലെ എളുപ്പമായിരിക്കില്ല. എന്‍ഡിഎ മുന്നണിയിലെ സീറ്റ് വിഭജന സമയത്തുതന്നെ ജെഡിയുവിന്റെ പ്രാധാന്യം കുറയ്ക്കാനുള്ള നീക്കങ്ങള്‍ ബിജെപി നടത്തിയിരുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ്, നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ തുടര്‍ച്ചയായി പത്താം തവണ മത്സരിക്കുമോ എന്ന കാര്യത്തില്‍ ബിജെപി ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിരുന്നില്ല. ബിജെപിയുടെ ശക്തമായ പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ നിതീഷ് മുഖ്യമന്ത്രിയാകില്ല എന്ന തരത്തിലുളള ഊഹാപോഹങ്ങള്‍ക്ക് പിന്നില്‍.

നിലവില്‍ 90 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മുന്നേറുമ്പോള്‍, 83 സീറ്റുകളുമായി ജെഡിയു കഴിഞ്ഞ തവണത്തെ മോശം പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ബിജെപിക്ക് ഇത് മേല്‍ക്കൈ നല്‍കുന്നുണ്ട്. എന്തായാലും നിതീഷിന്റെ സംഘടനാപരമായ മികവും രാഷ്ട്രീയ അനുഭവപരിചയവും ബിജെപിക്ക് തള്ളിക്കളയാനാവില്ല.