ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എം.സി.ഡി) ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിക്ക് ഏഴ് സീറ്റുകളില്‍ ജയം. ആംആദ്മി പാര്‍ട്ടി (എഎപി) മൂന്നില്‍ ഒതുങ്ങി. എന്നാല്‍, 'ശക്തി ക്ഷയിച്ച' കോണ്‍ഗ്രസ് ഒരു സീറ്റ് പിടിച്ചെടുത്തത് ഡല്‍ഹി രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായി. ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് (AIFB) ഒരു സീറ്റ് നേടി തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയെ തോല്‍പിച്ച് സംസ്ഥാന ഭരണം പിടിച്ച ബിജെപിക്ക്, ജയത്തിന്റെ ആവേശം ഈ തിരഞ്ഞെടുപ്പിലും നിലനിര്‍ത്താന്‍ സാധിച്ചു. അതേസമയം, ആംആദ്മി പാര്‍ട്ടിക്ക് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ല.

ബിജെപി: 7 സീറ്റ് (നേരത്തെ ഉണ്ടായിരുന്നത് 9, നഷ്ടം 2)

എഎപി: 3 സീറ്റ് (നഷ്ടമില്ല)

കോണ്‍ഗ്രസ്: 1 സീറ്റ് (നേരത്തെ 0)

എഐഎഫ്ബി: 1 സീറ്റ്

ബിജെപിക്ക് തിളക്കവും കല്ലുകടിയും

ഫലം പൂര്‍ണ്ണമായും ബിജെപിക്ക് അനുകൂലമല്ല. പാര്‍ട്ടിക്ക് രണ്ട് സിറ്റിങ് സീറ്റുകളാണ് നഷ്ടമായത്. ഈ സീറ്റുകളിലാണ് കോണ്‍ഗ്രസും ഫോര്‍വേഡ് ബ്ലോക്കും വിജയിച്ചത്. എഎപി അവരുടെ മൂന്ന് സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി.

എങ്കിലും, ഉപതിരഞ്ഞെടുപ്പ് ഫലം കോര്‍പ്പറേഷന്‍ ഭരണത്തെ കാര്യമായി ബാധിക്കില്ല. ആകെ 250 സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ ബിജെപിക്ക് 122 സീറ്റുകളുണ്ട്. എഎപിക്ക് 102ഉം കോണ്‍ഗ്രസിന് 9 ഉം സീറ്റുകളാണ് നിലവിലുള്ളത്.

രേഖാ ഗുപ്തയ്ക്ക് നിര്‍ണ്ണായകം

രേഖാ ഗുപ്ത മുഖ്യമന്ത്രിയായശേഷം നടക്കുന്ന ഈ തിരഞ്ഞെടുപ്പ് അവര്‍ക്ക് നിര്‍ണ്ണായകമായിരുന്നു. വലിയ പരുക്കുകളില്ലാതെ ഈ വെല്ലുവിളിയെ മറികടക്കാന്‍ അവര്‍ക്ക് സാധിച്ചു. രേഖാ ഗുപ്ത നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന ഷാലിമാര്‍ ബാഗ് ബി വാര്‍ഡ്, അനിത ജെയിനിലൂടെ ബിജെപി നിലനിര്‍ത്തി. അശോക് വിഹാര്‍ വാര്‍ഡില്‍ വീണ ആസിജ കേവലം 405 വോട്ടുകള്‍ക്കാണ് ജയിച്ചത്. 2022-ലെ തിരഞ്ഞെടുപ്പില്‍ എഎപി ജയിച്ച ചാന്ദ്നി ചൗക്ക് വാര്‍ഡ് സുമന്‍ ഗുപ്തയിലൂടെ ബിജെപി പിടിച്ചെടുത്തത് വലിയ നേട്ടമായി.

എഎപി: ആശ്വാസ വിജയം, കൈവിട്ടത് നരൈന

10 മാസം മുന്‍പ് അധികാരം നഷ്ടമായ എഎപിക്ക് മൂന്ന് സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞത് ആശ്വാസമായി. പാര്‍ട്ടി ഡല്‍ഹി യൂണിറ്റിന്റെ ചുമതലയേറ്റ ശേഷം സൗരഭ് ഭരദ്വാജിന്റെ ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടില്ല എന്നത് അദ്ദേഹത്തിന് 'വിജയമായി' അവകാശപ്പെടാം.

കോണ്‍ഗ്രസ് 'വെറും കൈയ്യോടെ മടങ്ങിയില്ല

ഈ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ്, സംഗം വിഹാര്‍ എ വാര്‍ഡില്‍ വിജയിച്ചത് ശ്രദ്ധേയമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുരേഷ് ചൗധരി 3,628 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്.

'ഈ വിജയം സംഗം വിഹാറിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പ്രചാരണത്തിന് വന്നിട്ടും ഇവിടെ അവര്‍ക്ക് വോട്ടഭ്യര്‍ത്ഥിക്കാന്‍ ജോലിയുടെ അടിസ്ഥാനം ഉണ്ടായിരുന്നില്ല. അത് അവര്‍ക്ക് ഗുണകരമായില്ല,' വിജയിച്ച ശേഷം സുരേഷ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകള്‍:

ഗ്രേറ്റര്‍ കൈലാഷ്, ഷാലിമാര്‍ ബാഗ് (ബി), അശോക് വിഹാര്‍, ചാന്ദ്നി ചൗക്ക്, ചാന്ദ്നി മഹല്‍, ദിചാവോണ്‍ കലാന്‍, നരൈന, സംഗം വിഹാര്‍ (എ), ദക്ഷിണ്‍ പുരി, മുണ്ട്ക, വിനോദ് നഗര്‍, ദ്വാരക (ബി) എന്നീ 12 വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ജനപ്രതിനിധികള്‍ രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

പോളിംഗ് ശതമാനം പരിശോധിക്കുമ്പോള്‍, 12 വാര്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ചാന്ദ്നി മഹല്‍ (41.95%) ആണ്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് ഗ്രേറ്റര്‍ കൈലാഷിലാണ് (20.87%).