- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോദിജി ടിക്കറ്റ് റെഡിയാണ്, വിമാനം കയറാന്‍ മടിക്കരുത്; അസം വരെ വന്നതല്ലേ, മണിപ്പൂരിലേക്ക് വെറും ഒരു മണിക്കൂര്‍; പ്രധാനമന്ത്രിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് പവന്‍ ഖേര; 'പിഎം കെയേഴ്‌സ്' എന്ന് തെളിയിക്കാന്‍ ഇതിലും നല്ല അവസരമില്ലെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്
മോദിജി ടിക്കറ്റ് റെഡിയാണ്, വിമാനം കയറാന്‍ മടിക്കരുത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മണിപ്പൂരിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. നിലവില്‍ അസം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, വെറും ഒരു മണിക്കൂര്‍ മാത്രം വിമാന ദൂരമുള്ള മണിപ്പൂരിലേക്ക് പോകാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ നീക്കം. പ്രധാനമന്ത്രിക്കായി ഗുവാഹത്തിയില്‍ നിന്ന് ഇംഫാലിലേക്കുള്ള ടിക്കറ്റ് എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച ഖേര, 'പിഎം കെയേഴ്‌സ്' എന്ന് തെളിയിക്കാന്‍ ഈ ടിക്കറ്റ് ഉപയോഗിക്കണമെന്നും പരിഹസിച്ചു.
അസമിലെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രിയോട്, അവിടെനിന്ന് വെറും ഒരു മണിക്കൂര്‍ വിമാനയാത്ര മാത്രമുള്ള മണിപ്പൂരിലേക്ക് കൂടി പോകണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. 'തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ എപ്പോഴും നിങ്ങളുടെ മുന്‍ഗണനാ പട്ടികയിലുണ്ടെന്ന് ഞങ്ങള്‍ക്കറിയാം, എന്നാല്‍ മണിപ്പൂരിനെ ഉപേക്ഷിക്കരുത്' എന്നായിരുന്നു പവന്‍ ഖേരയുടെ പരിഹാസം. 2023 മുതല്‍ കത്തുന്ന മണിപ്പൂര്‍ ഇപ്പോള്‍ വീണ്ടും അശാന്തിയിലാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രധാനമന്ത്രിയുടെ യാത്ര സുഗമമാക്കാന്‍ തങ്ങള്‍ ഒരു വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും ഖേര അവകാശപ്പെട്ടു. ഗുവാഹത്തിയില്‍ നിന്ന് ഇംഫാലിലേക്കുള്ള വിമാന ടിക്കറ്റിന്റെ ചിത്രം എക്സില്‍ പങ്കുവെച്ചുകൊണ്ട്, 'നിങ്ങളുടെ നമ്പറില്ലാത്തതിനാല്‍ ടിക്കറ്റ് ഇവിടെ പങ്കുവെക്കുന്നു, ദയവായി ഇത് ഉപയോഗിക്കൂ' എന്ന് ഖേര കുറിച്ചു. 'PM CARES' എന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ മണിപ്പൂരിലെ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5450 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ഇപ്പോള്‍ അസമിലെത്തിയത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ വിമര്‍ശനമുയര്‍ത്തുന്നത്.
2023 മേയില്‍ വംശീയ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ മണിപ്പൂര്‍ കത്തുകയാണെന്നും ഇപ്പോള്‍ വീണ്ടും അവിടെ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണെന്നും പവന്‍ ഖേര ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ സാന്നിധ്യം അവിടുത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വംശീയ സംഘര്‍ഷം തുടങ്ങിയ ശേഷം മണിപ്പൂര്‍ സന്ദര്‍ശിക്കാത്ത പ്രധാനമന്ത്രിയുടെ നടപടിയെ പ്രതിപക്ഷം നിരന്തരം വിമര്‍ശിക്കാറുണ്ട്.


