- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഖഫ് നിയമഭേദഗതി ബില്‍ മുസ്ലീം സമുദായത്തോടുള്ള വിവേചനം; വഖഫ് ബോര്‍ഡുകളിലും, വഖഫ് കൗണ്‍സിലുകളിലും മുസ്ലീം ഇതരരെ ഉള്‍പ്പെടുത്തിയത് എങ്ങനെ? ഹിന്ദു-സിഖ് മത ട്രസ്റ്റുകളില്‍ സമാന ഇടപെടല്‍ ഇല്ല; ബില്ലിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് കോണ്‍ഗ്രസും എഐഎംഐഎമ്മും സുപ്രീംകോടതിയില്‍
വഖഫ് നിയമ ഭേദഗതി ബില്ലിന് എതിരെ നിയമയുദ്ധം
ന്യൂഡല്‍ഹി: 2025ലെ വഖഫ് നിയമ ഭേദഗതി ബില്ലിന് എതിരെ നിയമയുദ്ധം തുടങ്ങുന്നു. ബില്ലിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസിയും കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദും സുപ്രീം കോടതിയെ സമീപിച്ചു.
മുസ്സീങ്ങളുടെ മൗലികാവശങ്ങള്‍ ഹനിക്കുന്നതാണ് നിര്‍ദ്ദിഷ്ട ഭേദഗതികളെന്ന് ഇരുനേതാക്കളും ഹര്‍ജിയില്‍ ആരോപിച്ചു. നിയമം മുസ്ലിം സമുദായത്തോടുള്ള വിവേചനമെന്ന് ഹര്‍ജിയില്‍ മുഹമ്മദ് ജാവേദ് എംപി ആരോപിക്കുന്നു. ഇസ്ലാമിക മതസ്ഥാപനങ്ങളുടെ മേല്‍ ഭരണകൂടത്തിന് വിവേചനപരമായ നിയന്ത്രണം കൊണ്ടുവരികയാണ് ഈ നിയമമെന്നും ഹര്‍ജിയില്‍ പറയുന്നു. ബില്ലിന് രാഷ്ട്രപതിയുടെ അനുമതി കിട്ടും മുമ്പേയാണ് അഭിഭാഷകനായ അനസ് തന്‍വീര്‍ വഴി ഹര്‍ജികള്‍ നല്‍കിയത്.
കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ലോക്‌സഭയും, രാജ്യസഭയും വഖഫ് ഭേദഗതി ബില്‍ പാസാക്കിയത്. സംയുക്ത പാര്‍ലമെന്ററി സമിതി അംഗമാണ് മുഹമ്മദ് ജാവേദ്. തുല്യത, മതസ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശങ്ങള്‍, സ്വത്തവകാശം എന്നിവ പ്രതിപാദിക്കുന്ന ഭരണഘടനയുടെ 300എ, 14,25,26,29 വകുപ്പുകളുടെ ലംഘനമാണ് ഭേദഗതികളെന്ന് ജാവേദ് വാദിക്കുന്നു.
വഖഫ് ബോര്‍ഡുകളിലും, വഖഫ് കൗണ്‍സിലുകളിലും മുസ്ലീം ഇതരരെ ഉള്‍പ്പെടുത്തിയതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തു. ഹിന്ദു-സിഖ് മത ട്രസ്റ്റുകളില്‍ സമാന ഇടപെടല്‍ ഇല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. ഇത്തരത്തിലുള്ള ഇടപെടലിന് ന്യായീകരണമില്ലെന്നും ഏകപക്ഷീയമായ തരംതിരിക്കലാണെന്നും തന്റെ ഹര്‍ജിയില്‍ ജാവേദ് പറഞ്ഞു.
ഇന്ത്യയിലെ നിരവധി പേര്‍ ഈ ഹര്‍ജി നല്‍കും, നിരവധി പാര്‍ട്ടികള്‍ നല്‍കും. പാര്‍ലമെന്റില്‍ ഈ ബില്‍ ഭറണഘടനാവിരുദ്ധമെന്ന് പ്രതിപക്ഷം ഒന്നടങ്കം പറഞ്ഞു. എങ്ങനെയാണ് നിങ്ങള്‍ക്ക് ഞങ്ങളുടെ അവകാശം തട്ടിപ്പറിക്കാനാകുക? അദ്ദേഹം ചോദിച്ചു.
മുസ്ലീം സമുദായത്തിന്റെ അവകാശങ്ങളുടെ കടുത്ത ലംഘനമാണ് ബില്ലെന്ന് അസദുദീന്‍ ഒവൈസിയും പ്രതികരിച്ചു. പാര്‍ലമെന്റിലെ സംവാദത്തിനിടെ അദ്ദേഹം ബില്ലിന്റെ പകര്‍പ്പ് കീറി കളഞിഞിരുന്നു.
128 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 95 പേര്‍ ബില്ലിനെ എതിര്‍ത്തു. ഉച്ചയ്ക്ക് ആരംഭിച്ച വഖഫ് ബില്ലിന്മേലുള്ള ചര്‍ച്ച 12 മണിക്കൂറിലധികം കഴിഞ്ഞ് അര്‍ധരാത്രി വരെ നീണ്ടു. പുലര്‍ച്ചെ 1.10 ഓടെയാണ് രാജ്യസഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. ഇരുസഭകളിലും ബില്ല് പാസായതോടെ ഔദ്യോഗികമായി രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ വഖഫ് ബില്ല് നിയമമാകും.