പട്ന: ബിഹാറില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം വലിയ തിരിച്ചടിയാണ് നേരിട്ടത്. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്നാം മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് രണ്ടക്കം പോലും കാണാതെ കിതയ്ക്കുകയാണ്. 6 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ്. ഇത്തവണ 61 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. മുന്നണിയിലെ മറ്റു പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ ഏഴു സീറ്റുകളില്‍ പരസ്പരം മത്സരിച്ചതും മഹാസഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട്.

2020 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 70 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. 19 സീറ്റുകളില്‍ വിജയിച്ചു. അന്ന് കോണ്‍ഗ്രസിന് ആകെ ലഭിച്ച വോട്ടു വിഹിതം 9. 48 ശതമാനമായിരുന്നു. എന്നാല്‍ ഇത്തവണ രാഹുല്‍ഗാന്ധിയുടെ റാലിയുടെയെല്ലാം മികവില്‍ കൂടുതല്‍ സീറ്റുകള്‍ വിജയിക്കാനാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. വോട്ടു ചോരി അടക്കമുള്ള ആരോപണങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നെങ്കിലും അതൊന്നും ഏശിയില്ല.

ഇത്തവണ കോണ്‍ഗ്രസ് സംസ്ഥാനത്തെ പ്രമുഖരെയെല്ലാം സ്ഥാനാര്‍ത്ഥികളാക്കിയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം കുടുംബ സംവരണ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. മുതിര്‍ന്ന നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്‍ കദ്വയിലും ഷഷ്രാവത് കേദാര്‍ പാണ്ഡെ നര്‍കട്യാഗഞ്ജിലും കമറുള്‍ ഹോഡ കിഷന്‍ ഗഞ്ചിലും ജനവിധി തേടിയിരുന്നു.

ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ, സിപിഎം, സിപിഐ(എംഎല്‍), മുകേഷ് സാഹ്നിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, ഇന്ദ്രജീത് പ്രസാദ് ഗുപ്തയുടെ ഇന്ത്യന്‍ ഇന്‍ക്ലുസീവ് പാര്‍ട്ടി തുടങ്ങിയവയായിരുന്നു മഹാഗഢ്ബന്ധനിലുണ്ടായിരുന്നത്. ആര്‍ജെഡിയുടെയും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവിന്റെയും കരുത്തിലായിരുന്നു ഈ സഖ്യത്തിന്റെ നിലനില്‍പ്പ്. യുവ വോട്ടര്‍മാര്‍ക്കിടയിലെ തേജസ്വിയുടെ സ്വീകാര്യതയും മറ്റും വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും അത് നടന്നില്ല.

താരതമ്യേന ദുര്‍ബലമായ കോണ്‍ഗ്രസും ചില മേഖലകളില്‍ മാത്രം ഒതുങ്ങിയ മറ്റു പാര്‍ട്ടികളും ചേര്‍ന്ന് മഹാഗഢ്ബന്ധനായി തിരഞ്ഞെടുപ്പിനിറങ്ങിയെങ്കിലും വിജയിക്കാനായില്ല. മുസ്ലിം-യാദവ (എം-വൈ) വോട്ടുബാങ്കിനെ ആശ്രയിച്ചുനിന്ന ആര്‍ജെഡിക്ക് ഇക്കാലങ്ങളില്‍ അവരുടെ അടിത്തറ വിപുലപ്പെടുത്താന്‍ കഴിയാതെ പോയതും പരാജയത്തിന്റെ കാരണമാണ്. മാത്രമല്ല, ജന്‍ സുരാജ് പാര്‍ട്ടിയും ഒവൈസിയുടെ എഐഎംഐഎമ്മും ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തി. ഇത് എന്‍ഡിഎയ്ക്ക് ഗുണകരമായി മാറുകയും ചെയ്തു.

സ്വാധീന മേഖലകള്‍ക്ക് പുറത്ത് അതീവദുര്‍ബമായിരുന്നു ആര്‍ജെഡിയുടെ സംഘടനാശക്തി. കോണ്‍ഗ്രസിന്റെ സംഘടനാബലവും ദുര്‍ബലമായിരുന്നു. സഖ്യമായിരിക്കെ തന്നെ പതിനഞ്ചോളം സീറ്റില്‍ ഇന്ത്യാസഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മില്‍ സൗഹൃദ മത്സരം നടന്നതും വിനയായി. മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച് നിഷാദ് സമുദായത്തിന്റെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വോട്ട് ബാങ്ക് പ്രതീക്ഷിച്ചെങ്കിലും അത് വോട്ടായി മാറിയില്ല.

തുടക്കത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചതും അശോക് ഗഹലോത്ത് ഇടപെട്ട് മഞ്ഞുരുക്കിയതും എല്ലാം ജനം കണ്ടു. കഴിഞ്ഞ തവണ 70 സീറ്റില്‍ മത്സരിച്ച് കേവലം 19 സീറ്റിലാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ഇത്തവണ തിരിച്ചടി അതിന്റെ ഇരട്ടിയായി. നിതീഷ് എന്‍ഡിഎ സഖ്യത്തിന് മുന്നില്‍ കീഴടങ്ങുമ്പോള്‍ ബിഹാറിന്റെ ജാതിരാഷ്ട്രീയത്തില്‍ യാദവ-മുസ്ലിം വോട്ടുബാങ്കിനപ്പുറത്തേക്ക് തേജസ്വിക്കും ആര്‍ജെഡിക്കും വളരാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. .

റെക്കോഡ് പോളിങ്ങായിരുന്നു ഇക്കുറി രേഖപ്പെടുത്തിയത്, 66.91 ശതമാനം. രണ്ടുഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ 65.08 ശതമാനവും രണ്ടാംഘട്ടത്തില്‍ 68.76 ശതമാനവുമായിരുന്നു പോളിങ്. 2020-ല്‍ ഇത് 57.29 ശതമാനമായിരുന്നു, അതായത് 9.62 ശതമാനത്തിന്റെ വര്‍ധന. പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തി. 71.6 ശതമാനമായിരുന്നു സ്ത്രീകളുടെ പോളിങ് ശതമാനം.