മധുര: കെകെ ശൈലജയം സിപിഎം പോളിറ്റ് ബ്യൂറോയില്‍ എടുക്കില്ല. ഇതിനുള്ള കരുനീക്കങ്ങള്‍ മധുരയില്‍ സജീവം. പ്രായപരിധി കര്‍ശനമാക്കിയാല്‍ സിപിഎം പൊളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിയേണ്ടിവരുന്ന വൃന്ദാ കാരാട്ടിനും സുഭാഷിണി അലിക്കുംപകരം രണ്ട് വനിതകളെത്തന്നെ ഉള്‍പ്പെടുത്തും. അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെയും തമിഴ്‌നാട്ടില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് യു. വാസുകിയുമാണ് പരിഗണിക്കപ്പെടുന്ന പേരുകള്‍. എന്നാല്‍ ശൈലജയെ പരിഗണിക്കില്ല. രണ്ടു പേര്‍ പുറത്തു പോകുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കേന്ദ്ര കമ്മറ്റി അംഗം ശൈലജ പിബിയില്‍ എത്തുമെന്ന വിലയിരുത്തലുണ്ടായിരുന്നു. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി ശൈലജയെ ഉയര്‍ത്തിക്കാട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ചകള്‍. പിബിയില്‍ എത്തുമ്പോള്‍ ശൈലജയും ഭാവി മുഖ്യമന്ത്രി സാധ്യതാ പട്ടികയില്‍ വരും. അങ്ങനെ ജനവികാരം ഉയര്‍ത്തി ഹാട്രിക് വിജയത്തിന് പോലും സിപിഎമ്മിന് കഴിയും എന്ന വിലയിരുത്തലുണ്ട്. എന്നാല്‍ ശൈലജയെ പിബിയില്‍ എടുക്കേണ്ടെന്നതാണ് കേരളത്തിലെ 'വിഐപി' നേതാക്കളുടെ തീരുമാനം.

സീതാറാം യെച്ചൂരി അന്തരിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവ് നികത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, സൂര്യകാന്ത് മിശ്ര, മാണിക് സര്‍ക്കാര്‍, ജി. രാമകൃഷ്ണന്‍ എന്നിവരാണ് പിബിയിലെ പ്രായപരിധി കഴിഞ്ഞ പോളിറ്റ് ബ്യൂറോയിലെ മറ്റ് അംഗങ്ങള്‍. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പിബി അംഗങ്ങളായിരിക്കണമെന്നതാണ് സിപിഎം നയം. അതുകൊണ്ട് പിണറായി തുടരും. നിലവില്‍ പാര്‍ട്ടി അംഗങ്ങളില്‍ രണ്ടാംസ്ഥാനമുള്ള തമിഴ്‌നാടിന്, ജി. രാമകൃഷ്ണന്‍ ഒഴിയുന്നതോടെ പിബി പ്രതിനിധ്യം ഇല്ലാതാകും. ആ പരിഗണനയും വാസുകിക്ക് അനുകൂലമാക്കാനാണ് നീക്കം. പിബി അംഗം അശോക് ധാവ്ളെയുടെ ഭാര്യയാണ് മഹാരാഷ്ട്രയില്‍നിന്നുള്ള നേതാവായ മറിയം ധാവ്ളെ. മറിയം പിബി അംഗമായാല്‍ പ്രകാശ് കാരാട്ടിനും വൃന്ദയ്ക്കുംശേഷം പാര്‍ട്ടി ഉപരിഘടകത്തിലെത്തുന്ന ദമ്പതിമാരെന്ന വിശേഷണവും ഇവര്‍ക്ക് കിട്ടും. വനിതകളില്‍ പിബിയിലേക്ക് പരിഗണിക്കുന്ന മറ്റൊരുപേര് ആന്ധ്രയില്‍നിന്നുള്ള ഹേമലതയുടേതാണ്. കേരളത്തില്‍ മാത്രമാണ് സിപിഎമ്മിന് ഭരണമുള്ളത്. ഇവിടെ നിന്നുള്ള വനിതയെ പരിഗണിക്കാതെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ പിബിയിലേക്ക് കൊണ്ടു വരുന്നത് ശൈലജയെ വെട്ടാന്‍ വേണ്ടി മാത്രമാണ്.

പൊളിറ്റ്ബ്യൂറോയില്‍ കേരളത്തില്‍നിന്ന് ഒഴിവുകളൊന്നുമില്ല. കോടിയേരി ബാലകൃഷ്ണന്റെ ഒഴിവില്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ നാല് പിബി അംഗങ്ങളാണ് കേരളത്തില്‍നിന്നുള്ളത്. ബംഗാളില്‍നിന്ന് അഞ്ചുപേരും. ഇതില്‍ സൂര്യകാന്ത് മിശ്ര പ്രായപരിധിയില്‍ ഒഴിവാകും. ബംഗാളില്‍ സിപിഎം അപ്രസക്തമാണ്. അതുകൊണ്ട് തന്നെ ഭരണമുള്ള ഏക സംസ്ഥാനമെന്ന നിലയില്‍ ഈ ഒഴിവ് കേരളത്തിന് കിട്ടിയേക്കും. മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി. ജയരാജനാകും പരിഗണന. പിന്നാക്കവിഭാഗത്തില്‍നിന്നുള്ള ഒരാളെയാണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍ കെ. രാധാകൃഷ്ണനെ പരിഗണിച്ചേക്കും. ഒടുവില്‍ മന്ത്രി മുഹമ്മദ് റിയാസ് പിബിയില്‍ എത്തുമെന്ന് കരുതുന്നവരുമുണ്ട്. കെ.കെ. ശൈലജയ്ക്ക് സാധ്യത തീരേ ഇല്ല. കൊല്ലം സംസ്ഥാനസമ്മേളനത്തിലാണ് ശൈലജ സംസ്ഥാനസെക്രട്ടേറിയറ്റിലെത്തിയത്. സംസ്ഥാനഘടകത്തിന്റെ പ്രത്യേക ചുമതല വഹിക്കുന്ന സെക്രട്ടേറിയറ്റ് അംഗങ്ങളെ പിബിയിലേക്ക് ഉള്‍പ്പെടുത്തുന്ന രീതിയില്ല.

പ്രായപരിധിയില്‍ മാറേണ്ടിവരുന്ന എ.കെ. ബാലന്‍, പി.കെ. ശ്രീമതി എന്നിവരുടേതുമുള്‍പ്പെടെ കേന്ദ്രകമ്മിറ്റിയില്‍ നിലവില്‍ മൂന്നൊഴിവുകളാണ് കേരളത്തില്‍നിന്നുണ്ടാകുക. എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ കേന്ദ്രകമ്മിറ്റിയില്‍ എത്താന്‍ സാധ്യതയേറെ. പി.കെ. ശ്രീമതിക്കു പകരം മേഴ്‌സിക്കുട്ടിയമ്മ, ടി.എന്‍. സീമ എന്നിവരിലൊരാളെ പരിഗണിച്ചേക്കും. കൂടുതല്‍ സാധ്യത ടി.എന്‍. സീമയ്ക്കാണെന്നും സൂചനകളുണ്ട്. വി.എന്‍. വാസന്‍, പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു എന്നിവരെ കേന്ദ്ര കമ്മറ്റിയിലേക്ക് പരിഗണിക്കും. എ.കെ. ബാലന്‍ ഒഴിയുന്ന സാഹചര്യത്തില്‍ പിന്നാക്കവിഭാഗം, പാലക്കാട് ജില്ലാപ്രാതിനിധ്യം എന്നിവ പി.കെ. ബിജുവിന് അനുകൂലമാകും. പക്ഷേ അവിടേയും മുഹമ്മദ് റിയാസ് ഫാക്ടര്‍ കാര്യങ്ങളെ മാറ്റി മറിച്ചേക്കും. കേന്ദ്ര കമ്മറ്റിയില്‍ എത്തുമ്പോള്‍ തന്നെ പോളിറ്റ് ബ്യൂറോയില്‍ എത്തുന്ന നേതാവായി റിയാസ് മാറുമോ എന്നതാണ് അറിയേണ്ടത്. അങ്ങനെ എങ്കില്‍ ഭാര്യാ പിതാവായ പിണറായിക്കൊപ്പം മരുമകനായ റിയാസും പിബിയില്‍ എത്തും.

മറിയം ധാവ്‌ളെയെ പിബി അംഗമാക്കുമ്പോള്‍ ദമ്പതികള്‍ പിബിയില്‍ എത്തുന്നത് പോലൊരു അപൂര്‍വ്വതയായി അതും മാറും. റിയാസ് പിബിയില്‍ എത്തിയാല്‍ അമ്മാവനും മരുമകനും ആദ്യമായി സിപിഎം പിബിയില്‍ എത്തിയെന്ന അപൂര്‍വ്വതയായി അതു മാറിയേക്കും.