- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒറ്റയ്ക്ക് വീരോചിതം പോരാടിയ ശശി തരൂരിനെ കോൺഗ്രസ് തള്ളുമോ അതോ കൊള്ളുമോ? മല്ലികാർജ്ജുൻ ഖർഗെ നാളെ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുമ്പോൾ തരൂരിന്റെ പദവിയും ചർച്ചാവിഷയം; തരൂനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം; സമിതിയിൽ ഇടം മോഹിച്ച് കൊടിക്കുന്നിലും ചെന്നിത്തലയും അടക്കമുള്ളവരും
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടിന് ശേഷം നാളെ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരു നേതാവ് കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കാൻ ഒരുങ്ങുകയാണ്്. മല്ലികാർജ്ജുന ഖാർഗെ കോൺഗ്രസ് അധ്യക്ഷനായി നാളെ ചുമതലയേൽക്കും. ഇതിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരുകയാണ്. അതേസമയം ഖാർഗെ അധ്യക്ഷനാകുന്നതിനൊപ്പം ഒറ്റക്ക് വീരോചിതമായി പോരാടിയ ശശി തരൂരിനെ കോൺഗ്രസ് ഉൾക്കൊള്ളുമോ അതോ തള്ളുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
തോൽവിയിലും തിളങ്ങിയ വ്യക്തിത്വമായിരുന്നു തരൂർ. കോൺഗ്രസിന് പുത്തൻ ഉണർവ്വു നൽകാനും അദ്ദേഹത്തിന്റെ മത്സരത്തിലൂടെ സാധിച്ചു. അതുകൊണ്ട് തന്നെ കതരീരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 12 അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. 11 പേരെ അധ്യക്ഷന് നാമനിർദ്ദേശംചെയ്യാം. ഈ 11-ലേക്ക് തരൂരിനെ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ആവശ്യം. ഇക്കാര്യത്തിൽ നേതൃത്വത്തിന് കത്തുനൽകുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
രാഹുൽഗാന്ധിക്ക് യൂത്ത് കോൺഗ്രസിന്റെ ചുമതലയുണ്ടായിരുന്നപ്പോൾ സംഘടനാതിരഞ്ഞെടുപ്പിൽ മത്സരിച്ചുതോൽക്കുന്നവർക്ക് ഭാരവാഹിത്വം നൽകുക പതിവായിരുന്നു. ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയെ കർണാടക യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചുതോറ്റപ്പോൾ ഉപാധ്യക്ഷനാക്കി. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ ഖാർഗെയും ഈ പാത പിന്തുടരുകയാണെങ്കിൽ തോറ്റ തരൂരിന് അവസരം ലഭിക്കാം. തരൂരടക്കമുള്ള നേതാക്കളുടെ കൂട്ടായ അഭിപ്രായം സ്വീകരിച്ചാവും താൻ മുന്നോട്ടുപോവുകയെന്ന് ഖാർഗെ പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പുണ്ടായാൽ അതു വലിയ വിഭാഗീയതകളിലേക്ക് വഴിവെക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
കേരളത്തിൽനിന്ന് തരൂരിനെപ്പോലെ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ മുതിർന്നനേതാക്കളും പാർട്ടിയുടെ ഉന്നതസമിതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഒരു സംസ്ഥാനത്തുനിന്ന് ഇത്രയുംപേരെ ഉൾക്കൊള്ളുക സാധ്യമല്ല. നിലവിൽത്തന്നെ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നിവർ കെ.സി. വേണുഗോപാലിന് പുറമേ അംഗങ്ങളാണ്. മാത്രവുമല്ല, ഖാർഗെ ദക്ഷിണേന്ത്യയിൽനിന്നുള്ള ആളായതിനാൽ സ്വാഭാവികമായും സമിതിയിൽ ഹിന്ദിമേഖലയിൽ നിന്നുള്ളവർക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടിവരും.
സീതാറാം കേസരി അധ്യക്ഷനായിരുന്ന 1997-ലാണ് പ്രവർത്തകസമിതിയിൽ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. പാർലമെന്ററി ബോർഡ് നരസിംഹറാവുവിന്റെ കാലത്ത് 1995-ൽ ഉപേക്ഷിച്ചു. പാർലമെന്ററി ബോർഡ് പുനഃസ്ഥാപിക്കണമെന്ന് ഖാർഗെക്ക് പ്രചാരണം നടത്തിയ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾ ഉദയ്പുർ ചിന്തൻശിബിരത്തിൽ ആവശ്യപ്പെട്ടിരുന്നു.
നാളെ കോൺഗ്രസ് അധ്യക്ഷന്റെ സ്ഥാനമേൽക്കൽ വീക്ഷിക്കാൻ ഭാരത് ജോഡോ യാത്രക്ക് അവധി നൽകി രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. പ്രവർത്തക സമിതിയംഗങ്ങൾ, എംപിമാർ, പിസിസി അധ്യക്ഷന്മാർ തുടങ്ങിയവർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. തുടർന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. അധ്യക്ഷനായി ചുമതലയേൽക്കുന്ന ഖർഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്.
നാളെ ഖർഗെയുടെ അധികാരമേൽക്കൽ ചടങ്ങിനും ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിനും ശേഷം ഒക്ടോബർ 27 ന് തെലങ്കാനയിൽ നിന്ന് യാത്ര വീണ്ടും തുടങ്ങുമെന്ന് ജയറാം രമേശ് അറിയിച്ചു. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരം ഒഴിവാക്കാനാണ് പുതിയ നേതൃത്വത്തിന്റെ നീക്കം. സമവായത്തിലൂടെ അംഗങ്ങളെ തീരുമാനിക്കാൻ ശ്രമിക്കുമെന്ന് നിയുക്ത എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കൂടെയുള്ളവർക്ക് സൂചന നൽകി കഴിഞ്ഞു.
അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോൺഗ്രസിന് മുന്നിലുള്ള വെല്ലുവിളി പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അധ്യക്ഷൻ ചുമതലയേറ്റെടുത്ത് മൂന്ന് മാസത്തിനകം പ്ലീനറി സമ്മേളനം വിളിച്ച് പ്രവർത്തക സമിതി തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് ചട്ടം. പതിനൊന്ന് പേരെ അധ്യക്ഷന് നാമനിർദ്ദേശം ചെയ്യാം. 12 പേരെ തെരഞ്ഞെടുപ്പിലൂടെ വേണം കണ്ടെത്താൻ. എന്നാൽ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി സമവായത്തിലൂടെ പ്രവർത്തക സമിതി അംഗങ്ങളെ തീരുമാനിക്കുന്നതാണ് പാർട്ടിയിലെ രീതി. ഇത് തുടരുമെന്നുള്ള സൂചനയാണ് മല്ലികാർജ്ജുന ഖർഗെയും കൂടെയുള്ളവർക്ക് നല്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ