കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ഏജന്‍സികളും മമത ബാനര്‍ജി സര്‍ക്കാരും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേക്ക്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞരായ ഐ-പാക്കിന്റെ (I-PAC) ഓഫീസുകളിലും തലവന്‍ പ്രതീക് ജെയിന്റെ വസതിയിലും ഇഡി നടത്തിയ റെയ്ഡിനിടെ മുഖ്യമന്ത്രി നേരിട്ടെത്തി ഫയലുകള്‍ എടുത്തുകൊണ്ടുപോയതോടെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂലും, ബിജെപിയും തമ്മിലുളള ഏറ്റുമുട്ടലിന്റെ തീവ്രത കൂട്ടിയിരിക്കുകയാണ്

റെയ്ഡിന്റെ പശ്ചാത്തലം

ബംഗാളിലെ കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി വ്യാഴാഴ്ച പരിശോധന നടത്തിയത്. 2022-ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിനായി ഐ-പാക് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണം ഉപയോഗിച്ചുവെന്നാണ് ഏജന്‍സിയുടെ ആരോപണം.

കൊല്‍ക്കത്തയിലെ ലോഡന്‍ സ്ട്രീറ്റിലുള്ള ഐപാക് തലവന്‍ പ്രതീക് ജെയിന്റെ വീട്ടില്‍ റെയ്ഡ് തുടങ്ങിയതോടെ മുഖ്യമന്ത്രി മമത ബാനര്‍ജിയും പോലീസ് കമ്മീഷണര്‍ മനോജ് വര്‍മ്മയും അവിടെയെത്തി. കുറച്ചുസമയത്തിന് ശേഷം ഒരു പച്ച ഫയലുമായി പുറത്തുവന്ന മമത, തന്റെ പാര്‍ട്ടിയുടെ രഹസ്യരേഖകള്‍ മോഷ്ടിക്കാന്‍ ഇഡി ശ്രമിക്കുകയാണെന്ന് ആരോപിച്ചു.

അവിടെനിന്ന് നേരെ 15 കിലോമീറ്റര്‍ അകലെയുള്ള ഐ-പാക്കിന്റെ സാള്‍ട്ട് ലേക്ക് ഓഫീസിലേക്ക് മുഖ്യമന്ത്രി കുതിച്ചു. ഇഡി ഉദ്യോഗസ്ഥര്‍ അകത്തുള്ളപ്പോള്‍ തന്നെ ഓഫീസിന്റെ പിന്‍വാതിലിലൂടെ കയറിയ മമതയും സംഘവും മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി ഫയലുകളുമായാണ് മടങ്ങിയത്.

മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിന്‍സീറ്റിലും ബൂട്ടിലും ഫയലുകള്‍ നിറയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയും തന്ത്രങ്ങളും ചോര്‍ത്താനാണ് അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം റെയ്ഡ് നടത്തുന്നതെന്ന് അവര്‍ തുറന്നടിച്ചു.

'ഇത് അന്വേഷണമല്ല, രാഷ്ട്രീയ വേട്ടയാടലാണ്. എന്റെ പാര്‍ട്ടിയുടെ ഹാര്‍ഡ് ഡിസ്‌കുകളും രേഖകളും മോഷ്ടിക്കാന്‍ ഇഡിക്ക് എന്ത് അധികാരമാണുള്ളത്?' മമത ബാനര്‍ജി

വിവാദമായ 'ഫയലുകള്‍'

മുഖ്യമന്ത്രി കടത്തിയ ഫയലുകളില്‍ ചിലതില്‍ 'ഫെബ്രുവരി 2022' എന്ന് രേഖപ്പെടുത്തിയതായും, എംപി മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട യാത്രാ രേഖകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇഡിയുടെ പ്രതികരണം

തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം മുഖ്യമന്ത്രി തടസ്സപ്പെടുത്തിയെന്നും, റെയ്ഡിനിടെ രേഖകള്‍ ബലമായി പിടിച്ചെടുത്തത് നിയമവിരുദ്ധമാണെന്നും ഇഡി ആരോപിച്ചു. സംഭവത്തില്‍ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ച ഇഡി, വെള്ളിയാഴ്ച കേസ് കോടതിയില്‍ എത്തുമ്പോള്‍ ശക്തമായ നടപടി ആവശ്യപ്പെട്ടേക്കും.

രാഷ്ട്രീയ പ്രത്യാഘാതം

പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മമതയുടെ നീക്കത്തെ 'ഭരണഘടനാ വിരുദ്ധം' എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ ഇത് ഭരണകൂട ഭീകരതയ്‌ക്കെതിരായ പോരാട്ടമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വാദിക്കുന്നു.