ന്യൂഡല്‍ഹി: പുതിയ ആദായ നികുതി ബില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 1961 ലെ ആദായനികുതി നിയമം കൂടുതല്‍ ലളിതവും സമഗ്രവും ആക്കുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യം. എന്നില്‍, ബില്‍ അവതരിപ്പിക്കാന്‍ മന്ത്രി എഴുന്നേറ്റപ്പോള്‍ ചില പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോവുകയും, മറ്റുചിലര്‍ മന്ത്രിക്ക് നേരേ ചോദ്യശരങ്ങള്‍ ഉതിര്‍ക്കുകയും ചെയ്തു. പുതിയ ബില്‍ പഴയതിനേക്കാള്‍ സങ്കീര്‍ണമാണെന്ന് കോണ്‍ഗ്രസിലെ മനീഷ് തിവാരിയും ആര്‍ എസ്പിയിലെ എന്‍ കെ പ്രേമചന്ദ്രനും കുറ്റപ്പെടുത്തി. പുതിയ ബില്‍ സാങ്കേതികമാണെന്ന് തൃണമൂല്‍ എംപി സൗഗത റോയ് വിമര്‍ശിച്ചു.

എന്നാല്‍, എം പിമാരുടെ വിമര്‍ശനങ്ങള്‍ ശരിയല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. നിയമത്തിലെ 819 സെക്ഷനുകള്‍ 536 ആയി പുതിയ നിയമത്തില്‍ കുറച്ചിട്ടുണ്ടെന്നും നിര്‍മല ചൂണ്ടിക്കാട്ടി. നികുതിദായകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ ലളിതമായാണ് ബില്ലിലെ വ്യവസ്ഥകള്‍ വിശദമാക്കിയിട്ടുള്ളത്. പുതിയ നികുതികള്‍ ബില്ലിലില്ല. നിയമപരമായ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനും എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുമാണ് പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് ധനകാര്യ സെക്രട്ടറി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എല്ലാവര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാനാവുക, നൂലാമാലകള്‍ ഒഴിവാക്കി നികുതി റിട്ടേണ്‍ സമര്‍പ്പണം സുഗമമാക്കുക, തര്‍ക്കങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. നിലവിലെ ആദായനികുതി നിയമം 1961 പ്രകാരം റിട്ടേണ്‍ സമര്‍പ്പിക്കാനും നികുതിയടവുകള്‍ക്കും 'അസസ്‌മെന്റ് ഇയര്‍', (റിട്ടേണ്‍/നികുതി സമര്‍പ്പിക്കുന്ന വര്‍ഷം) 'പ്രീവിയസ് ഇയര്‍' (നികുതിബാധകമായ വരുമാനം ലഭിച്ച വര്‍ഷം) എന്നീ പദങ്ങള്‍ ഉപയോഗിക്കാറുണ്ട്. പുതിയ നിയമത്തില്‍ അസസ്‌മെന്റ് ഇയര്‍ ഒഴിവാക്കി. പകരം 'നികുതിവര്‍ഷം' (ടാക്‌സ് ഇയര്‍) എന്ന പദം മാത്രമാണുള്ളത്.

ഏപ്രില്‍ ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 31ന് സമാപിക്കുന്ന സാമ്പത്തികവര്‍ഷത്തിന് അനുസൃതമായാകും ടാക്‌സ് ഇയറും. മുന്‍വര്‍ഷത്തിനു പകരം 'സാമ്പത്തിക വര്‍ഷം' (ഫിനാന്‍ഷ്യല്‍ ഇയര്‍) എന്ന പദവും ഉപയോഗിക്കും. നികുതിവ്യവസ്ഥകളും റിട്ടേണ്‍ ഫയലിങ്ങും എളുപ്പമാക്കാനാണിത്.

ബില്‍ മാര്‍ച്ച് 10ന് സംയുക്ത പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ സമര്‍പ്പിക്കും.