ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തീരുമാനിക്കാനുള്ള പ്രധാനമന്ത്രി അദ്ധ്യക്ഷനായ സമിതിയുടെ യോഗത്തില്‍ വിയോജിപ്പറിയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ നാളെ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് സമിതി യോഗം ചേര്‍ന്നത്. സുപ്രിംകോടതി നിലപാട് അറിഞ്ഞ ശേഷം മാത്രമേ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജീവ് കുമാറിന് ശേഷം ഏറ്റവും മുതിര്‍ന്ന തിരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാറിന്റെ പേരിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. പുതിയ ഒരു തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കാനും സാദ്ധ്യതയുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെയുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി മറ്റന്നാള്‍ പരിഗണിക്കും. ഈ സാഹചര്യത്തില്‍ പുതിയ കമ്മീഷണറെ കണ്ടെത്തുന്നതിനായുള്ള യോഗം മാറ്റിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണം സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും അതിന്റെ വിശ്വാസ്യതയെക്കുറിച്ച് ബിജെപിക്ക് ആശങ്കയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിനും അടുത്ത വര്‍ഷം നടക്കുന്ന ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനും പുതുതായി ചുമതലയേല്‍ക്കുന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാണ് നേതൃത്വം നല്‍കേണ്ടത്.

പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ രാം മേഘ്വാളും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമാണ് സെലക്ഷന്‍ കമ്മിറ്റിയിലുളളത്. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിയാണ് അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുക.

രാജീവ് കുമാറിനു ശേഷം ഏറ്റവും മുതിര്‍ന്ന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ആണ്. അദ്ദേഹത്തിന്റെ പേരിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. രാജീവ് കുമാറിന്റെ വിരമിക്കല്‍ മൂലമുണ്ടാകുന്ന ഒഴിവിലേക്കു നിയമനം നടത്തുന്നത് കൂടാതെ പുതിയ ഒരു തെരഞ്ഞെടുപ്പ് കമ്മിഷണറെ കൂടി നിയമിക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം അവസാനം നടക്കാന്‍ പോകുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിനും അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ബംഗാള്‍, തമിഴ്നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിനും നേതൃത്വം നല്‍കേണ്ടത് പുതിയതായി ചുമതലയേല്‍ക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാണ്.

1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാകാന്‍ സാധ്യതയുള്ള ഗ്യാനേഷ് കുമാര്‍. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗമായിരുന്നു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ബില്‍ തയ്യാറാക്കുന്നതിന് അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. അന്ന് അദ്ദേഹം ആഭ്യന്തരമന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. അതിന് ശേഷം ആഭ്യന്തരമന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറി ആയിരിക്കെ ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി രേഖകള്‍ കൈകാര്യം ചെയ്തത് അദ്ദേഹമായിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നയാളാണ് ഗ്യാനേഷ് കുമാറെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു.