- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനസ്പന്ദനം അറിയുന്ന കോണ്ഗ്രസുകാരന്; ഒരു ബൂത്ത് ലെവല്‍ ഓഫീസറുടെ ജാഗ്രതയില്‍ വോട്ടുനീക്കല്‍ ശ്രമം ശ്രദ്ധയില്‍ പെട്ടു; വ്യാജ അപേക്ഷയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്ത 5994 പേരുകള്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് വീണ്ടും ഉള്‍പ്പെടുത്തി; രാഹുല്‍ ഗാന്ധിക്ക് വഴികാട്ടിയായത് ആലന്ദ് മണ്ഡലത്തിന്റെ അടിവേരുകള്‍ അറിയുന്ന ബി ആര്‍ പാട്ടീല്‍
ജനസ്പന്ദനം അറിയുന്ന കോണ്ഗ്രസുകാരന്
ബെംഗളൂരു: വോട്ടുചോരിയുടെ രണ്ടാംഘട്ട ആരോപണം ഉന്നിയിച്ചു രാഹുല്‍ ഗാന്ധി ഇന്നലെ രംഗത്തുവന്നത് കര്‍ണാടകത്തിലെ കലബുറഗി ജില്ലയിലെ ആലന്ദ് നിയമസഭാ മണ്ഡലത്തിലെ കണക്കുകളുമായാണ്. ഇവിടെ വോട്ടു നീക്കല്‍ നടന്നതില്‍ രാഹുലിന് മുമ്പേ പോരാട്ടം നടത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ബി ആര്‍ പാട്ടീലാണ്. കോണ്‍ഗ്രസ് വോട്ടുകളാണ് ഇല്ലാതാക്കുന്നതെന്ന് മനസ്സിലാക്കി പാട്ടീല്‍ നടത്തിയ പോരാട്ടമാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വീണ്ടും അവതരിപ്പിച്ചത്.
കര്‍ണാടകത്തിലെ കലബുറഗി ജില്ലയിലെ ആലന്ദ് കടുത്തമത്സരം നടന്നിട്ടുള്ള നിയമസഭാമണ്ഡലമാണ്. 2018-ലെ തിരഞ്ഞെടുപ്പില്‍ 1000 വോട്ടില്‍താഴെമാത്രം ഭൂരിപക്ഷമുള്ള അഞ്ചുമണ്ഡലങ്ങളില്‍ ഒന്നായിരുന്നു ഇത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.ആര്‍. പാട്ടീല്‍ 697 വോട്ടിന്റെ വ്യത്യാസത്തിലാണ് അന്നു പരാജയപ്പെട്ടത്. എന്നാല്‍, 2023-ലെ തിരഞ്ഞെടുപ്പില്‍ പാട്ടീല്‍ മണ്ഡലം തിരിച്ചുപിടിച്ചു.
വ്യാജ അപേക്ഷയുടെ അടിസ്ഥാനത്തില്‍ നീക്കംചെയ്ത 5994 പേരുകള്‍ ഈതിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പാട്ടീലിന്റെ പരാതിയെത്തുടര്‍ന്ന് വീണ്ടും ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന്, 10348 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിച്ചു. ഇതിനുമുന്‍പും പല തിരഞ്ഞെടുപ്പിലും ഈ മണ്ഡലത്തിലെ ഫലം നിശ്ചയിച്ചത് ചെറിയ വോട്ടുവ്യത്യാസമായിരുന്നു. 1999-ല്‍ ജെഡിഎസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ആര്‍. പാട്ടീല്‍ 2311 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 1985-ല്‍ അദ്ദേഹത്തിന്റെ പരാജയം 662 വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു.
2023ല്‍ വോട്ടുനീക്കള്‍ ശ്രമത്തെ കൃത്യമായി ചെറുത്തുതോല്‍പ്പിക്കാന്‍ പാട്ടീലിന് സാധിച്ചു. മണ്ഡലവുമായുള്ള ആഴത്തിലുള്ള ബന്ധമാണ് ഇതില്‍ തുണയായി മാറിയത്. 2023ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ, പട്ടികജാതി, പിന്നാക്ക ജാതി വോട്ടുകളാണ് കൂട്ടത്തോടെ ഇല്ലാതാക്കിയതെന്ന് ബി.ആര്‍. പാട്ടീല്‍ ചൂണ്ടിക്കാട്ടുന്നു.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 10,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം.എല്‍.എ വിജയിച്ചത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഇല്ലാതായ ആദ്യ പത്ത് ബൂത്തുകള്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ടുകള്‍ ഇല്ലാതാക്കിയ വിവരം അറിഞ്ഞപ്പോള്‍, കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും താനും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഡെപ്യൂട്ടി കമ്മീഷണറെയും സമീപിച്ചു. തന്നെ തോല്‍പിക്കാന്‍ ഗൂഢാലോചന നടന്നതായി എം.എല്‍.എ പറഞ്ഞു.
'തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫോം-ഏഴ് പ്രകാരം വോട്ടര്‍മാരെ ഇല്ലാതാക്കാന്‍ ആരോ അപേക്ഷ അയച്ചു. ഇതിനുശേഷം, എന്തെങ്കിലും പൊരുത്തക്കേടോ ആശയക്കുഴപ്പമോ ഉണ്ടോ എന്ന് കണ്ടെത്താന്‍ റിട്ടേണിങ് ഓഫിസര്‍ പരിശോധന നടത്തി. തല്‍സ്ഥിതി തുടരാന്‍ ഓഫിസര്‍ ഉത്തരവിട്ടു. തല്‍സ്ഥിതി നിലനിര്‍ത്തിയില്ലെങ്കില്‍ 6,994 വോട്ടുകള്‍ ഇല്ലാതാവുകയും താന്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്യുമായിരുന്നു.
മണ്ഡലത്തിലെ തന്റെ വോട്ടര്‍മാരെ ഇല്ലാതാക്കാനും മറ്റ് വോട്ടര്‍മാരെ ഒഴിവാക്കാനുമാണ് അഭ്യര്‍ത്ഥന നടത്തിയത്. തനിക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രദേശത്ത് പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും നേരെയാണ് വോട്ട് നീക്കല്‍ ആക്രമണം നടന്നത്. ലക്ഷ്യമിട്ടവരില്‍ ഭൂരിഭാഗവും ന്യൂനപക്ഷങ്ങള്‍, പട്ടികജാതിക്കാര്‍, പിന്നാക്കക്കാര്‍ എന്നിവരായിരുന്നു. കോണ്‍ഗ്രസ് വോട്ട് ബാങ്കാണത്. സമഗ്രമായ അന്വേഷണം നടത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. എന്നാല്‍ അന്വേഷണം നടക്കുന്നില്ല. താന്‍ ഉദ്യോഗസ്ഥരുടെ അടുത്തേക്ക് പോയി അവരുമായി ചര്‍ച്ച ചെയ്യുകയും അത് പിന്തുടരുകയും ചെയ്യുന്നു. പരാതിക്കാരന്‍ റിട്ടേണിംഗ് ഓഫിസര്‍ ആയതിനാല്‍ തെളിവുകള്‍ ലഭ്യമാണ്. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്' -അദ്ദേഹം അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പ് ഓഫിസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമാണ്. അദ്ദേഹം നല്‍കുന്ന പരാതിക്ക് കമീഷന്‍ മറുപടി നല്‍കണമെന്നും പാട്ടീല്‍ പറഞ്ഞു. 'കമീഷണര്‍ മറുപടി നല്‍കാത്തതിനാല്‍ അവരും തെറ്റുകാരാണെന്ന സംശയം ജനിപ്പിക്കുന്നു. ആരാണ് ഇതിന് പിന്നില്‍? ആരുടെ ഗൂഢാലോചനയാണ് ഇത്? ഇത് അന്വേഷിക്കണം' -എം.എല്‍.എ ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ ഒരു ബൂത്ത് ലെവല്‍ ഓഫീസറുടെ ജാഗ്രതയും അതിന് മുതുര്‍ന്ന നേതാവായ പാട്ടീല്‍ ചെവി കൊടുത്തതലുമാണ് വിജയം കണ്ടത്. മണ്ഡലത്തിലെ ഒരു ബൂത്തിലെ ബിഎല്‍ഒ തന്റെ ബന്ധുവിന്റെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള അപേക്ഷ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. ബന്ധു ജീവനോടെയുണ്ടെന്നും മണ്ഡലത്തില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുവിനോട് അന്വേഷിച്ചപ്പോള്‍, അങ്ങനെയൊരു അപേക്ഷ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം മറുപടി നല്‍കി.
ബിഎല്‍ഒയുടെ കുടുംബാംഗങ്ങളും കോണ്‍ഗ്രസ് അനുഭാവികളുമായ ചിലരും വിവരം അറിഞ്ഞതോടെ ബി.ആര്‍. പാട്ടിലിന്റെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന്, ബി.ആര്‍. പാട്ടിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് മണ്ഡലത്തിലെ 254 ബൂത്തുകളിലും സമാനമായ അപേക്ഷകള്‍ പരിശോധിച്ചു. പല ബൂത്തുകളിലും 20 മുതല്‍ 30 വരെ വോട്ടര്‍മാരുടെ പേരുകള്‍, അവരുടെ അറിവോടെയല്ലാതെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ചതായി കണ്ടെത്തി.
ഇക്കാര്യമാണ് ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത്. ഏകദേശം 6,018 വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ്. ആലന്‍ഡില്‍ എത്ര വോട്ടുകള്‍ യഥാര്‍ത്ഥത്തില്‍ നീക്കം ചെയ്യപ്പെട്ടുവെന്ന് വ്യക്തമല്ലെങ്കിലും, ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ട ആദ്യ 10 ബൂത്തുകളില്‍ 8 എണ്ണവും 2018 ല്‍ കോണ്‍ഗ്രസ് വിജയിച്ച ബൂത്തുകളായിരുന്നു. ഇത് യാദൃശ്ചികമല്ലെന്നും ആസൂത്രിതമായ നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.