ന്യൂഡല്‍ഹി: ബിഹാറിന്‍ ഇന്ത്യ സംഖ്യം ആകെ ഉലയുന്നു.ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഝാര്‍ഗണ്ഡ് മുക്തി മോര്‍ച്ച പ്രഖ്യാപിച്ചു. തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കിപ്പുറമാണ് പാര്‍ട്ടി നിലപാട് തിരുത്തിയത്.

ഝാര്‍ഗണ്ഡില്‍ ഇന്‍ഡ്യ മുന്നണിയില്‍ തുടരണമോ എന്ന കാര്യം പുനഃപരിശോധിക്കുമെന്നും പാര്‍ട്ടി തീരുമാനം വിശദീകരിക്കവെ ഝാര്‍ഗണ്ഡ് മന്ത്രിസഭാംഗം കൂടിയായ സുദിവ്യ കുമാര്‍ പറഞ്ഞു. 'ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജെ.എം.എം മത്സരിക്കില്ല, സീറ്റ് വിഭജനത്തിലെ ആശയക്കുഴപ്പത്തിനിടെ കോണ്‍ഗ്രസുമായും ആര്‍.ജെ.ഡിയുമായുമുള്ള സഖ്യം പുനഃപരിശോധിക്കും,' സുദിവ്യ കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്‍ഡ്യ സഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ജെ.എം.എം രംഗത്തെത്തിയിരുന്നു. അപമാനവും ഗൂഢാലോചനയും അംഗീകരിക്കാനാവില്ലെന്നും തങ്ങള്‍ ഒറ്റക്ക് മത്സരിക്കുമെന്നുമായിരുന്നു പ്രഖ്യാപനം.

ഒക്ടോബര്‍ 14നകം തങ്ങള്‍ക്ക് മാന്യമായ സീറ്റ് വിഹിതം തന്നില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ഒക്ടോബര്‍ 11ന് പാര്‍ട്ടി ഇന്‍ഡ്യ സഖ്യത്തെ അറിയിച്ചിരുന്നു. 12 സീറ്റുകളായിരുന്നു ജെ.എം.എമ്മിന്റെ ആവശ്യം. എന്നാല്‍, സഖ്യത്തില്‍ സീറ്റ് വിഭജനമടക്കം വിഷയങ്ങളില്‍ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. 2020 നിയമസഭ തെരഞ്ഞെടുപ്പിലും ആര്‍.ജെ.ഡിയുമായും മഹാബന്ധന്‍ സഖ്യവുമായും പിണങ്ങിപ്പിരിഞ്ഞ ജെ.എം.എം ഏഴ് സീറ്റുകളില്‍ തനിച്ച് മത്സരിച്ചിരുന്നു.