- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേരളത്തെ അടുത്ത ഇരയാക്കരുത്'; കോൺഗ്രസ് ഗ്യാരന്റികൾ വെറും വാഗ്ദാനങ്ങൾ; തെലങ്കാനയിലെ ജനങ്ങളെ പറ്റിച്ച അതേ തന്ത്രവുമായി രേവന്ത് റെഡ്ഡി ഇറങ്ങിയിട്ടുണ്ട്; പിണറായിക്കൊപ്പം നിൽക്കാൻ കെ. കവിത

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും കേരളം അടുത്ത ഇരയാകരുതെന്നും തെലങ്കാന ജാഗ്രതി അധ്യക്ഷ കെ. കവിത. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ഗ്യാരന്റികൾ തെലങ്കാനയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച തിരക്കഥയാണെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അതേ തന്ത്രവുമായാണ് കേരളത്തിലെത്തിയിരിക്കുന്നതെന്നും കവിത വിമർശിച്ചു.
കാർഷിക വായ്പ എഴുതിത്തള്ളൽ, തൊഴിൽ സൃഷ്ടിക്കൽ, കർഷക ക്ഷേമം തുടങ്ങിയ വാഗ്ദാനങ്ങളൊന്നും തെലങ്കാനയിൽ നടപ്പായിട്ടില്ലെന്ന് കവിത ചൂണ്ടിക്കാട്ടി. പുരോഗതി നിലനിർത്താൻ പിണറായി വിജയന്റെ നേതൃത്വത്തിനൊപ്പം നിൽക്കാനാണ് കേരളത്തിലെ ജനങ്ങളോട് അവർ അഭ്യർത്ഥിച്ചത്. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളായ കവിത, ബിആർഎസിൽ നിന്ന് പുറത്തുപോയ ശേഷം തെലങ്കാന ജാഗ്രതി സമിതി എന്ന പാർട്ടിയുമായി മുന്നോട്ടുപോവുകയാണ്.
കേരളത്തിലെ വികസന നേട്ടങ്ങളെ ചൊല്ലി പിണറായി വിജയനും രേവന്ത് റെഡ്ഡിയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്കാണ് നീങ്ങുന്നത്. തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയായി തിങ്കളാഴ്ച പിണറായി വിജയന് രേവന്ത് കത്തയച്ചിരുന്നു. 'നരസിംഹം' സിനിമയിലെ പ്രശസ്തമായ ഡയലോഗ് അനുകരിച്ച് 'നീ പോ മോനെ വിജയാ' എന്ന് കുറിച്ചുകൊണ്ടാണ് രേവന്ത് കത്ത് അവസാനിപ്പിച്ചത്.
രേവന്ത് റെഡ്ഡിയുടെ പരിഹാസത്തിന് അതേ നാണയത്തിലാണ് പിണറായി വിജയൻ മറുപടി നൽകിയത്. "ഡാഷ് മോനെ രേവന്താ... മറുപടി വരുന്നുണ്ട്" എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രേവന്ത് കേരളത്തിൽ ഉന്നയിച്ച കാര്യങ്ങൾക്ക് തൽക്കാലം മറുപടി നൽകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു മുഖ്യമന്ത്രിമാരും തമ്മിലുള്ള ഈ തുറന്ന പോര് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.


