- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപരാഷ്ട്രപതിയുടെ 'ആണവ മിസൈല്‍' പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; ജഗ്ദീപ് ധന്‍കറിന്റേത് വെറും രാഷ്ട്രീയ പ്രസ്താവനയെന്ന കപില്‍ സിബല്‍; വഹിക്കുന്ന പദവിയെ ഓര്‍ക്കണമെന്നും വിമര്‍ശനം
ഉപരാഷ്ട്രപതിയുടെ 'ആണവ മിസൈല്‍' പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി: സുപ്രീംകോടതിക്കു പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയുടെ 142-ാം വകുപ്പിനെതിരെ വിമര്‍ശനം ഉന്നയിച്ച ഉപരാഷ്ട്രപതിക്കെതിരെ പ്രതിപക്ഷം. 'ജനാധിപത്യ ശക്തികള്‍ക്കെതിരായ ആണവ മിസൈല്‍' ആണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ നടത്തിയ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷം വിമര്‍ശിക്കുന്നത്.
ഒരു രാജ്യസഭാ ചെയര്‍മാനും ഇതുപോലുള്ള 'രാഷ്ട്രീയ പ്രസ്താവനകള്‍' നടത്തുന്നത് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് മുന്‍ നിയമമന്ത്രിയും രാജ്യസഭാംഗവുമായ കപില്‍ സിബല്‍ പറഞ്ഞു. ഉപരാഷ്ട്രപതി വഹിക്കുന്ന പദവിയുടെ പക്ഷപാതരഹിതവും തുല്യഅകലത്തിലുള്ളതുമായ സ്വഭാവം അദ്ദേഹം ചൂണ്ടിക്കാട്ടി.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിവിധിക്കെതിരേയായിരുന്നു ഉപരാഷ്ട്രപതി വ്യാഴാഴ്ച ആഞ്ഞടിച്ചത്. ഇതിനെതിരെയാണ് സിബല്‍ ആഞ്ഞടിച്ചത്. ''ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ തീരുമാനം വന്നപ്പോള്‍, ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ എന്ന ഒരു ജഡ്ജി മാത്രമാണ് വിധി പ്രസ്താവിച്ചതെന്ന് ഓര്‍ക്കണം. ധന്‍കര്‍ജിക്ക് അത് സ്വീകാര്യമായിരുന്നു.
പക്ഷേ ഇപ്പോള്‍ രണ്ട് ജഡ്ജിമാരുടെ ബെഞ്ചിന്റെ വിധി ശരിയല്ല, കാരണം അത് സര്‍ക്കാരിന് അനുകൂലമല്ല,'' 1975ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ സുപ്രീംകോടതി വിധി അനുസ്മരിച്ചുകൊണ്ട് വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിബല്‍ പറഞ്ഞു.
ജുഡീഷറിക്കു സ്വയം പ്രതിരോധിക്കാനാകാത്തതിനാല്‍ എക്‌സിക്യൂട്ടീവ് അതിനെ ആക്രമിക്കുന്നതു ശരിയല്ലെന്നും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുകൂടിയായ കപില്‍ സിബല്‍ ഓര്‍മിപ്പിച്ചു. ഉപരാഷ്ട്രപതിക്കു പുറമേ അര്‍ജുന്‍ റാം മേഘ്വാള്‍, കിരണ്‍ റിജിജു എന്നീ മന്ത്രിമാരും നിരന്തരം ജുഡീഷറിയെ ആക്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ആര്‍ട്ടിക്കിള്‍ 142 സുപ്രീംകോടതി വളരെക്കുറച്ചേ ഉപയോഗിക്കുന്നുള്ളൂവെങ്കിലും, ഗവര്‍ണര്‍മാരുടെ കേസിലല്ല ആദ്യമായി പ്രയോഗിച്ചതെന്ന് ഡിഎംകെ നേതാവും രാജ്യസഭാംഗവുമായ പി. വില്‍സണ്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍മാരുടെ കേസില്‍ തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി ഹാജരായത് അദ്ദേഹമായിരുന്നു.
രാമജന്മഭൂമി കേസില്‍ ഉടമസ്ഥാവകാശത്തിന്റെ കര്‍ശനമായ വിധിനിര്‍ണയത്തിനപ്പുറം തുല്യമായ ആശ്വാസം നല്‍കുന്നതിന് ആര്‍ട്ടിക്കിള്‍ 142 ഉപയോഗിച്ചിരുന്നു. അന്ന് കുഴപ്പമില്ലാതിരുന്ന അതേ ആര്‍ട്ടിക്കിള്‍ ഇന്ന് എങ്ങനെയാണ് 'ആണവ മിസൈല്‍' ആകുന്നതെന്നും വില്‍സണ്‍ ചോദിച്ചു.
ഗവര്‍ണറെയും രാഷ്ട്രപതിയെയുംകുറിച്ചുള്ള സുപ്രീംകോടതി ഉത്തരവ് സമയോചിതവും കൃത്യവും ധീരവുമാണെന്നായിരുന്നു കോണ്‍ഗ്രസ് രാജ്യസഭാ എംപി രണ്‍ദീപ് സുര്‍ജെവാലെയുടെ പ്രതികരണം. ഉയര്‍ന്ന പദവികള്‍ വഹിക്കുന്നവര്‍ തങ്ങളുടെ അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ക്ക് അതീതരാണെന്ന ധാരണ ഈ ഉത്തരവ് തിരുത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യക്തിയല്ല, ഭരണഘടനയാണ് പരമോന്നതമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. 55 എംപിമാര്‍ ഒപ്പിട്ട പ്രമേയം അവതരിപ്പിച്ചിട്ടും അലഹബാദ് ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയുടെ പ്രകടമായ വര്‍ഗീയ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാജ്യസഭാധ്യക്ഷനായ ധന്‍കര്‍ അനുവദിച്ചില്ലെന്ന കാര്യം ഡി. രാജ ചൂണ്ടിക്കാട്ടി.
ഉപരാഷ്ട്രപതിയുടെ പ്രതികരണം പക്ഷപാതപരമാണെന്നും അദ്ദേഹം ആരോപിച്ചു. നമ്മളെല്ലാവരും സംയമനത്തോടെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട രാഷ്ട്രീയ കാലാവസ്ഥയാണിപ്പോഴെന്ന് ആര്‍ജെഡി എംപി മനോജ് കെ. ഝാ അഭിപ്രായപ്പെട്ടു.