ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ വിവാദമായി ഹണിട്രാപ്പ് വിവാദം. കേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഹണി ട്രാപ്പില്‍ പെട്ടിട്ടുണ്ടെന്ന് കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി കെ എന്‍ രാജണ്ണ ആരോപിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. വിഷയം ഏതെങ്കിലും പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ഉന്നതതല അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പലരും ഹണിട്രാപ്പില്‍ പെട്ടിട്ടുണ്ടെന്നാണ് രാജണ്ണ ആരോപിച്ചത്.

'ഇതൊരു ഗുരുതരമായ വിഷയമാണ്. തുമകുരുവില്‍ നിന്നുള്ള രണ്ട് മന്ത്രിമാര്‍ ഹണി ട്രാപ്പില്‍ പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. തുമകുരുവില്‍ നിന്നുള്ള ഒരു മന്ത്രി ഞാനാണ്. മറ്റൊന്ന് ഡോ. പരമേശ്വരയാണ്. മറ്റ് പല കഥകളും വരുന്നുണ്ട്', രാജണ്ണ പറഞ്ഞു. ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുമെന്നും ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നിലാരാണെന്ന് ജനങ്ങള്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി രാഷ്ട്രീയക്കാരെ കെണിയില്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് രാജണ്ണയുടെ മകനും എംഎല്‍സിയുമായ രാജേന്ദ്ര പറഞ്ഞു. 'അവര്‍ വാട്സ്ആപ്പില്‍ വിളിക്കും. അല്ലെങ്കില്‍ സന്ദേശം അയക്കും. കഴിഞ്ഞ ആറ് മാസമായി ഇതു സംഭവിക്കുന്നുണ്ട്', അദ്ദേഹം പറഞ്ഞു.

അതേസമയം ഒരു മന്ത്രിക്കെതിരെ രണ്ട് തവണ ഹണി ട്രാപ്പ് ശ്രമം നടന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാര്‍ക്കിഹോളി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്നും ആഭ്യന്തര വകുപ്പ് മന്ത്രി ജി പരമേശ്വര പറഞ്ഞു. കേസ് സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആര്‍ അശോകന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നിയമസഭാംഗങ്ങളെ ആരോ ഹണി ട്രാപ്പില്‍ കുടുക്കിയിട്ടുണ്ടെന്ന് ബി.ജെ.പി. എം.എല്‍.എ. ബസന്‍ഗൗഡ പാട്ടീല്‍ സഭയില്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് രാജണ്ണയുടെ പരാമര്‍ശം. പലരുടെയും കണ്ണില്‍ കര്‍ണാടക സി.ഡി., പെന്‍ഡ്രൈവുകള്‍ എന്നിവയുടെ ഫാക്ടറിയായി മാറിയിരിക്കുന്നുവെന്നും മന്ത്രി രാജണ്ണ പരിഹസിച്ചു.

ഹണി ട്രാപ്പിന് രണ്ട് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് രാജണ്ണ ഇങ്ങനെ മറുപടി പറഞ്ഞു, 'നിങ്ങളുടെ ഭാഗത്തും മറ്റൊന്ന് ഞങ്ങളുടെ ഭാഗത്തും ഉണ്ടോ? നിങ്ങളുടെ ഫാക്ടറി ആരാണ് നടത്തുന്നതെന്ന് പറഞ്ഞാല്‍, ഞങ്ങളുടെ ഫാക്ടറി ആരാണ് നടത്തുന്നതെന്ന് ഞങ്ങള്‍ക്ക് വെളിപ്പെടുത്താന്‍ കഴിയും.