ഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടൻ വിജയിയെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ ഒരുങ്ങുന്നു. ദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടത്തിനാണെന്ന് വിജയ് നേരത്തെ മൊഴി നൽകിയിരുന്നു. പൊങ്കൽ അവധിക്ക് ശേഷമാകും ചോദ്യം ചെയ്യൽ നടപടികൾ പുനരാരംഭിക്കുക. പൊങ്കൽ പ്രമാണിച്ച് നാട്ടിലേക്ക് പോകണമെന്ന് ആവശ്യം മുൻപോട്ടു വച്ചതോടെയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ ഒഴിവാക്കിയിരിക്കുന്നത്.

ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഏഴുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് വിജയ് കഴിഞ്ഞ ദിവസം ഹാജരായിരുന്നു. പൊങ്കൽ പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങാൻ താൽപ്പര്യം അറിയിച്ചതിനെത്തുടർന്നാണ് ചോദ്യം ചെയ്യൽ താൽക്കാലികമായി നിർത്തിവെച്ചത്. ആൾക്കൂട്ടം ഒഴിവാക്കാനും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാനുമാണ് താൻ കരൂരിൽ നിന്ന് മടങ്ങിയതെന്നാണ് വിജയ് സിബിഐക്ക് നൽകിയ മൊഴി.

തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി സമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർക്കാണ് ജീവൻ നഷ്ടമായത്. ടിവികെയുടെ ആവശ്യപ്രകാരമാണ് സുപ്രീംകോടതി കേസ് സിബിഐക്ക് കൈമാറിയത്. കേസന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ ടിവികെ നേതാക്കളുടെ മൊഴികളും സിബിഐ രേഖപ്പെടുത്തും.

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വിജയ്‍യെ ചോദ്യം ചെയ്യുന്നത് ബിജെപിക്ക് ഗുണകരമല്ലെന്ന വിലയിരുത്തലും നിലവിലുണ്ട്. സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനെത്തിയ വിജയ്‍ക്ക് പിന്തുണയുമായി ആരാധകരും ടിവികെ പ്രവർത്തകരും എത്തിയിരുന്നു. ദുരന്തത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടത്തിനെന്ന് വിജയ് മൊഴി നൽകിയ സാഹചര്യത്തിൽ, വരാനിരിക്കുന്ന ചോദ്യം ചെയ്യലുകൾ കേസന്വേഷണത്തിൽ നിർണായകമാകും.