ന്യൂഡല്‍ഹി/തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കത്തില്‍ ബിജെപി സീല്‍ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രയ്ക്ക് കേരള പോലീസ് നോട്ടീസ് അയച്ചു. പോസ്റ്റ് ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

പോലീസിന്റെ നോട്ടീസും മഹുവയുടെ മറുപടിയും

തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്നതിനൊപ്പം സാമുദായിക ഐക്യത്തിന് ഭീഷണി ഉയര്‍ത്തുന്നതാണ് മഹുവയുടെ പോസ്റ്റ് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ നോട്ടീസ് പങ്കുവെച്ചുകൊണ്ട് രൂക്ഷമായ പരിഹാസവുമായാണ് മഹുവ രംഗത്തെത്തിയത്.

തന്റെ പോസ്റ്റ് എങ്ങനെയാണ് 'സാമുദായിക ഐക്യം' തകര്‍ക്കുന്നതെന്ന് മഹുവ ചോദിക്കുന്നു. പോലീസിന്റെ നോട്ടീസിലെ ഏറ്റവും വലിയ തമാശ ഇതാണെന്നും അവര്‍ കുറിച്ചു.


'വാനിഷ് കുമാര്‍' എന്ന് പരിഹാസം

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നെറ്റിയില്‍ ബിജെപി ചിഹ്നം പതിച്ച ഫോട്ടോ താന്‍ എക്‌സില്‍ പങ്കുവെച്ചിരുന്നതായും അത് 'സാമുദായിക ഐക്യം' ഇതിനേക്കാള്‍ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി മഹുവ പൊലീസിന്റെ നടപടിയെ പരിഹസിച്ചു. 'വാനിഷ് കുമാര്‍' എന്നാണ് അവര്‍ കമ്മീഷണറെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തിലാണ് ബിജെപിയുടെ സീല്‍ പതിഞ്ഞത്. സംഭവം വലിയ വിവാദമാകുകയും കമ്മീഷനെതിരെ വ്യാപക വിമര്‍ശനമുയരുകയും ചെയ്തിരുന്നു. എന്നാല്‍, ബിജെപിയുടെ സീല്‍ വന്നത് സാങ്കേതിക പിഴവ് മൂലമാണെന്നും, പിഴവ് തിരിച്ചറിഞ്ഞ ഉടന്‍തന്നെ തിരുത്തല്‍ നടത്തിയിരുന്നതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അന്ന് വിശദീകരണം നല്‍കിയിരുന്നു.

സമാനമായ വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട യുപിയിലെ മാധ്യമപ്രവര്‍ത്തകന്‍ പീയുഷ് റായിക്കും കേരള പൊലീസ് നോട്ടീസ് അയച്ചിരുന്നു. ഈ കത്ത് സംബന്ധിച്ച് പോസ്റ്റ് ഇട്ടതിന് ഇതുവരെ 270 എക്‌സ് അക്കൗണ്ടുകള്‍ക്കും 200 ഫേസ്ബുക്ക് പേജുകള്‍ക്കും 90 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.