ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജംഗ്പുര സീറ്റില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ തോറ്റപ്പോള്‍ മുന്‍ എഎപി നേതാവ് കുമാര്‍ വിശ്വാസിന്റെ ഭാര്യ കരഞ്ഞു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ എഎപിയിലെ രണ്ടാമനായ സിസോദിയയുടെ തോല്‍വി അറിഞ്ഞപ്പോഴാണ് രാഷ്ട്രീയക്കാരി അല്ലാത്ത ഭാര്യ കരയാന്‍ തുടങ്ങിയത്. സഹതാപം കൊണ്ടൊന്നുമല്ല അവര്‍ കരഞ്ഞത്. കാരണവും കവിയും എഎപിയുടെ സ്ഥാപക നേതാവുമായ കുമാര്‍ വിശ്വാസ് വിശദീകരിച്ചു.

സിസോദിയ ഒരുകാലത്ത് കാട്ടിയ അഹന്തയുടെ പഴയൊരുകഥയാണ് വിശ്വാസ് പറഞ്ഞത്. 'നിങ്ങള്‍ എല്ലായ്‌പ്പോഴും അധികാരത്തില്‍ ഉണ്ടാവില്ല, ഭയ്യ' എന്നാണ് സിസോദിയയോട് വിശ്വാസിന്റെ ഭാര്യ ഉപദേശരൂപേണ പറഞ്ഞത്. അപ്പോള്‍ അഭി തോ ഹേ( ഇപ്പോള്‍ ഞാനാണ് അധികാരത്തില്‍) എന്നായിരുന്നു ധാര്‍ഷ്ട്യം നിറഞ്ഞ മറുപടി.

മറ്റുപാര്‍ട്ടികള്‍ ഇതുകണ്ട് പഠിക്കുമെന്നും അധികാരത്തില്‍ എത്തിയാല്‍ ധാര്‍ഷ്ട്യം കാട്ടില്ലെന്നുമാണ് തന്റെ പ്രതീക്ഷയെന്ന് കുമാര്‍ വിശ്വാസ് പറഞ്ഞു. വിജയത്തില്‍ ബിജെപിയെ അദ്ദേഹം അഭിനന്ദിച്ചു. ജനങ്ങള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 'എഎപി പാര്‍ട്ടി നേതാക്കളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത മനുഷ്യനോട് എനിക്ക് ഒരു സഹതാപവും ഇല്ല. ഡല്‍ഹി ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് മുക്തമാണ്. അദ്ദേഹം തന്റെ സ്വപ്‌നങ്ങള്‍ വ്യ്ക്തി താല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ചു. ദൈവം അദ്ദേഹത്തെ ശിക്ഷിച്ചു. നീതി നടപ്പായി' - കുമാര്‍ വിശ്വാസ് പറഞ്ഞു.

ജംഗ്പുരയില്‍, ബിജെപി സ്ഥാനാര്‍ഥി തര്‍വീന്ദര്‍ സിങ് മര്‍വായോടാണ് സിസോദിയ തോറ്റത്. 2020 ല്‍ പട്പര്‍ഗഞ്ചില്‍ നിന്നാണ് സിസോദിയ ജയിച്ചത്.