ന്യൂഡൽഹി: 1921-ൽ കോൺഗ്രസ് വന്ദേമാതരം ആലപിച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തപ്പോൾ ബി.ജെ.പിയുടെ പൂർവികർ ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്യുകയായിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വന്ദേമാതരം ദേശീയ ഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യസഭയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസർക്കാറിന്റെയും ചരിത്രപരമായ നിലപാടുകളെ ഖാർഗെ രൂക്ഷമായി വിമർശിച്ചത്.

സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വന്ദേമാതരം ഒരു മുദ്രാവാക്യമായി ഉയർത്തിയത് കോൺഗ്രസായിരുന്നുവെന്നും എന്നാൽ, സ്വാതന്ത്ര്യപോരാട്ടങ്ങൾക്കും ദേശഭക്തി ഗാനങ്ങൾക്കും എന്നും എതിരുനിന്ന ചരിത്രമാണ് ബി.ജെ.പിക്കുള്ളതെന്നും ഖാർഗെ ആരോപിച്ചു. "മഹാത്മാഗാന്ധി 1921-ൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ വന്ദേമാതരം ഉരുവിട്ട് ജയിലിലേക്ക് പോയി. അപ്പോൾ ബി.ജെ.പിയുടെ പൂർവികർ ബ്രിട്ടീഷുകാർക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു," ഖാർഗെ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെയും ഖാർഗെ വിമർശിച്ചു. 1937-ൽ ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മുസ്‍ലിം ലീഗിന്റെ ഭീഷണിക്ക് വഴങ്ങി വന്ദേമാതരത്തിൽ നിന്ന് സുപ്രധാന ചരണങ്ങൾ നീക്കിയെന്ന മോദിയുടെ ആരോപണത്തിന് ഖാർഗെ മറുപടി നൽകി. "നെഹ്റുവിനെ അപമാനിക്കാൻ ലഭിക്കുന്ന അവസരങ്ങളൊന്നും പ്രധാനമന്ത്രി പാഴാക്കാറില്ല, ആഭ്യന്തരമന്ത്രി അമിത് ഷായും ഇതേ പാത പിന്തുടരുന്നു," അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ പൂർവികനായ ശ്യാമപ്രസാദ് മുഖർജി മുസ്‍ലിം ലീഗുമായി ചേർന്ന് ബംഗാളിൽ സർക്കാർ രൂപീകരിച്ചപ്പോൾ ബി.ജെ.പിയുടെ ദേശസ്നേഹം എവിടെപ്പോയിരുന്നുവെന്ന് ഖാർഗെ പരിഹസിച്ചു. ചൈനീസ് ഉദ്യോഗസ്ഥർ ഷാങ്ഹായിൽ അരുണാചൽപ്രദേശ് സ്വദേശിനിയെ തടഞ്ഞുനിർത്തി അപമാനിച്ച സംഭവത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.