- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ആറുമാസത്തിനിടെ നേരിയ ഇടിവ്; എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടന നിലവാരത്തിലും ഇടിവ്; കണ്ടെത്തല്‍ ഇന്ത്യ ടുഡേയുടെ 'സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍' നടത്തിയ സര്‍വേയില്‍; മോദിയുടെ ജനപ്രീതിയില്‍ ഫെബ്രുവരിയെ അപേക്ഷിച്ച് ഇടിവ് വന്നത് നാലുശതമാനം: വിശദാംശങ്ങള്‍ ഇങ്ങനെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ആറുമാസത്തിനിടെ നേരിയ ഇടിവ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ നേരിയ തോതില്‍ ഇടിവെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. ആറ് മാസത്തിനിടെയാണ് ഇടിവ് സംഭവിച്ചത്. ഓഗസ്റ്റില്‍ ഇന്ത്യ ടുഡേയുടെ 'സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍' നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ സമാന സര്‍വേയില്‍ പ്രധാനമന്ത്രിയുടെ പ്രകടനം 'മികച്ചത്' എന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണം 62 ശതമാനമായിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ നടത്തിയ സര്‍വേയില്‍ ഇത് 58 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ നാല് ശതമാനം ഇടിവാണ് പ്രധാനമന്ത്രിയുടെ ജനപ്രീതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നേരിയ ഇടിവ് സംഭവിച്ചെങ്കിലും 11 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന മോദിക്ക് സുസ്ഥിരമായ ജനാംഗീകാരം ഉണ്ടെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു.
മൂന്നാം വട്ടത്തില്‍, മോദിയുടെ പ്രകടനം ഏറ്റവും മികച്ചതെന്ന് 34.2 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 23.8 ശതമാനം പേര്‍ നല്ലത് എന്ന് പ്രതികരിച്ചു. ഫ്രെബ്രുവരിയിലെ പോളില്‍, ഏറ്റവും മികച്ചതെന്ന് 36.1 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അതായത് ഇക്കുറി ഇടിവ് സംഭവിച്ചിരിക്കുന്നു. മോദിയുടെ പ്രകടനം ശശാശരിയെന്ന് വിലയിരുത്തിയവര്‍ 12.7 ശതമാനമാണ്. 12.6 ശതമാനം പേര്‍ മോശമെന്നും 13.8 ശതമാനം പേര്‍ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു.
എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനത്തിലും ഇടിവുണ്ടായതായി സര്‍വേ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ 62.1 ശതമാനം ആളുകള്‍ എന്‍ഡിഎയുടെ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തിയിരുന്നു. എന്നാല്‍ ഓഗസ്റ്റിലെ സര്‍വേയില്‍ ഇത് 52.4 ശതമാനമായി കുറഞ്ഞു. ഈ കാലയളവില്‍ 10 ശതമാനത്തിന്റെ ഇടിവാണ് സര്‍ക്കാരിന്റെ പ്രകടനത്തിന്റെ കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 15.3 ശതമാനം ആളുകള്‍ എന്‍ഡിഎ സര്‍ക്കാരിനെക്കുറിച്ച് തൃപ്തിയോ, അതൃപ്തിയോ ഇല്ലെന്ന് വ്യക്തമാക്കി. ഫെബ്രുവരിയില്‍ ഇത് 8.6 ശതമാനമായിരുന്നു. 2.7 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ആറുമാസം മുമ്പും ഇതേ ശതമാനമായിരുന്നു.
ജൂലൈ ഒന്നിനും ഓഗസ്റ്റ് 14 നും മധ്യേയാണ് ഇന്ത്യ ടുഡേ-സി വോട്ടര്‍ മൂഡ് ഓഫ് ദ നേഷന്‍( MOTN) പോള്‍ സംഘടിപ്പിച്ചത്. എല്ലാ ലോക്‌സഭാ സെഗ്മന്റുകളിലുമായി 54,788 വ്യക്തികളെ സര്‍വേയില്‍ പങ്കെടുപ്പിച്ചു. സി വോട്ടറിന്റെ പതിവ് ട്രാക്കര്‍ ഡാറ്റയിലെ 1,52,038 അഭിമുഖങ്ങളും വിലയിരുത്തി. ആകെ, 2,06,826 പേര്‍ സര്‍വേയില്‍ പങ്കടുത്തു.