- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ തലച്ചോറിന് പ്രതിമാസം 200 കോടി രൂപയാണ് വില; താന്‍ ആവിഷ്‌കരിക്കുന്ന സംരംഭങ്ങള്‍ കൃത്യമായ ആശങ്ങളുടെ അടിത്തറയുള്ളവയാണ്; പണമുണ്ടാക്കാന്‍ എന്തും ചെയ്യുന്ന ആളല്ല; നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
എന്റെ തലച്ചോറിന് പ്രതിമാസം 200 കോടി രൂപയാണ് വില
നാഗ്പൂര്‍: തന്റെ തലച്ചോറിന് പ്രതിമാസം 200 കോടി വിലയുണ്ടെന്നും പണമുണ്ടാക്കാന്‍ എന്തും ചെയ്യുന്നയാളല്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മകനെതിരെ അടക്കം ആരോപണങ്ങള്‍ ഉയരവേയാണ് നിതിന്‍ ഗഡ്കരി തന്റെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. താന്‍ ആവിഷ്‌കരിക്കുന്ന സംരംഭങ്ങള്‍ കൃത്യമായ ആശയങ്ങളുടെ അടിത്തറയുള്ളവയാണ്. വ്യക്തിപരമായ സാമ്പത്തിക നേട്ടമല്ല, കര്‍ഷകര്‍ക്ക് പ്രയോജനമുണ്ടാവുക എന്നതാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
'ഞാന്‍ ഇത് പണത്തിനു വേണ്ടി ചെയ്യുന്നതാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ സത്യസന്ധതയോടെ എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം. ഞാന്‍ പണത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്ന ആളല്ല,' നാഗ്പൂരില്‍ അഗ്രിക്കോസ് വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ ഗഡ്കരി പറഞ്ഞു.
രാഷ്ട്രീയക്കാര്‍ പലപ്പോഴും സ്വന്തം നേട്ടത്തിനായി ഭിന്നിപ്പുകളെ ചൂഷണം ചെയ്യാറുണ്ട്. പിന്നോക്കാവസ്ഥ ഒരു രാഷ്ട്രീയ ഉപകരണമായി മാറിയിരിക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു. 'എനിക്കും ഒരു കുടുംബവും വീടും ഉണ്ട്. ഞാന്‍ ഒരു സന്യാസിയല്ല, രാഷ്ട്രീയക്കാരനാണ്. വിദര്‍ഭയിലെ 10,000ലധികം കര്‍ഷക ആത്മഹത്യകള്‍ രാജ്യത്തിനാകെ നാണക്കേടാണെന്നാണ് വിശ്വസിക്കുന്നത്. കര്‍ഷകര്‍ അഭിവൃദ്ധി പ്രാപിക്കുന്നതുവരെ ശ്രമങ്ങള്‍ തുടരും,' അദ്ദേഹം പറഞ്ഞു. തന്റെ മകനെതിരെ ഉയര്‍ന്ന ആരോപണത്തിലും ഗഡ്കരി വിശദീകരണം നല്‍കി.
മകന് താന്‍ ആശയങ്ങള്‍ മാത്രമേ നല്‍കാറുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. എത്തനോള്‍ വിവാദത്തിലായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മകന് കയറ്റുമതി-ഇറക്കുമതി വ്യാപാരമുണ്ട്. അദ്ദേഹം അടുത്തിടെ ഇറാനില്‍ നിന്ന് 800 കണ്ടെയ്‌നര്‍ ആപ്പിള്‍ ഓര്‍ഡര്‍ ചെയ്തു, ഇവിടെ നിന്ന് 1,000 കണ്ടെയ്‌നര്‍ വാഴപ്പഴം കയറ്റി അയച്ചു. ഗോവയില്‍ നിന്ന് 300 കണ്ടെയ്‌നര്‍ മത്സ്യം കൊണ്ടുപോയി സെര്‍ബിയയിലേക്ക് വിതരണം ചെയ്തു. ഓസ്ട്രേലിയയില്‍ പാല്‍പ്പൊടി ഉണ്ടാക്കുന്ന ഒരു ഫാക്ടറിയും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. അബുദാബിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും 150 കണ്ടെയ്‌നറോളം കയറ്റുമതിയുണ്ട്.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.ടി.സിയുമായി സഹകരിച്ച് തന്റെ മകന്‍ 26 അരി മില്ലുകള്‍ നടത്തുന്നുണ്ട്. ബിസിനസ് തന്ത്രങ്ങള്‍ക്ക് കാര്‍ഷിക മേഖലയില്‍ മാറ്റമുണ്ടാക്കാനാവും എന്നാണ് മകന്റെ സംരംഭങ്ങള്‍ വ്യക്തമാക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.
എല്ലാ ഇന്ധന സ്റ്റേഷനുകളിലും എത്തനോള്‍ രഹിത പെട്രോള്‍ നിര്‍ബന്ധമായും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി സെപ്റ്റംബര്‍ ഒന്നിന് സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. ദേശീയ നയത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്ന് ആരോപിച്ച് കേന്ദ്രം ഹരജിയെ എതിര്‍ത്തിരുന്നു. 2023 ഏപ്രിലില്‍ ഇന്ത്യ രാജ്യവ്യാപകമായി 20 ശതമാനം എത്തനോള്‍ കലര്‍ന്ന പെട്രോള്‍ പുറത്തിറക്കി. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും അസംസ്‌കൃത എണ്ണ ഇറക്കുമതി കുറക്കുന്നതിനും പ്രധാന ചുവടുവയ്പ്പായാണ് പരിപാടി അവതരിപ്പിക്കപ്പെട്ടത്.