നാഗ്പൂർ: ഇവിടെ നടന്ന കലാപത്തിൽ പങ്കെടുത്ത ഒരാളെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്ത്. നാഗ്പൂർ ആക്രമണത്തെ വളരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം തുറന്നടിച്ചത്. വിശുദ്ധ ഖുർആനിലെ ഒരു പേപ്പർ പോലും ആരും നശിപ്പിച്ചിട്ടില്ല . ഇത് ആരോ കിംവദന്തികൾ പ്രചരിപ്പിച്ചുകൊണ്ട് മനപൂർവം അക്രമം നടത്തിയതാണെന്നും ഫഡ്നാവിസ് തുറന്നടിച്ചു.

നാഗ്പൂർ പോലീസിനെതിരായ ആക്രമണങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു. ആക്രമണത്തിൽ മൂന്ന് ഡിസിപിമാർക്ക് പരിക്കേറ്റു. ഒരു ഡിസിപിയെ കോടാലി കൊണ്ട് ആക്രമിച്ചു. അക്രമ സ്ഥലത്ത് നിന്ന് കല്ലുകൾ നിറഞ്ഞ ഒരു ട്രോളി കണ്ടെത്തിയതായി മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു. കലാപകാരികൾ പ്രത്യേക വീടുകളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം നടത്തിയത്. തീർച്ചയായും ശക്തമായ നടപടിയെടുക്കുമെന്നും ഫഡ്നാവിസ് മുന്നറിയിപ്പ് നൽകി.

മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നലെ നാഗ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. നാഗ്പൂർ സെന്‍ററിലെ മഹല്‍ നപ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുലുണ്ടായത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘർഷം. പ്രദേശത്ത് പൊലീസ് വിന്യാസം ഉണ്ടായിരുന്നെങ്കിലും ഇരുവിഭാഗങ്ങൾ നേർക്കുനേർ നിന്ന് കല്ലെറിയുകയായിരുന്നു. കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 30ഓളം പേർക്ക് പരിക്കേറ്റു.

നാഗ്പൂരിൽ തിങ്കളാഴ്ച നടന്ന അക്രമസംഭവങ്ങളെത്തുടർന്ന് ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.ഫഡ്നാവിസ് ഭരണകൂടത്തിന്‍റെ തകര്‍ച്ചയെന്നാണ് ശിവസേന(താക്കറെ വിഭാഗം) നേതാവ് ആദിത്യ താക്കറെ വിശേഷിപ്പിച്ചത്. "സംസ്ഥാനത്തിന്‍റെ ക്രമസമാധാനം മുമ്പൊരിക്കലുമില്ലാത്തവിധം തകർന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ജന്മനഗരമായ നാഗ്പൂരിലാണിത്," എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.