- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിതീഷ് കുമാര്‍ ബിജെപി സഖ്യത്തില്‍ നിന്നുചാടും; മറ്റേതു സഖ്യത്തില്‍ ചേര്‍ന്നാലും നിതീഷിന് വീണ്ടും മുഖ്യമന്ത്രിയാകാന്‍ കഴിയില്ല; അത്രത്തോളം ജനപ്രീതി ഇടിഞ്ഞിരിക്കുന്നു; നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍
ബിഹാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിതീഷ് കുമാര്‍ ബിജെപി സഖ്യത്തില്‍ നിന്നുചാടും
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജെ ഡി യു അദ്ധ്യക്ഷന്‍ നിതീഷ് കുമാര്‍ ബിജെപി സഖ്യത്തില്‍ നിന്ന് പുറത്തുചാടുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും, ജന്‍ സുരാജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിഷോര്‍. മറ്റൊരു വട്ടം കൂടി മുഖ്യമന്ത്രിയാവുകയാണ് നിതീഷിന്റെ ലക്ഷ്യം.
വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത് കിഷോര്‍. എന്നാല്‍, ഏതു സഖ്യത്തിന്റെ ഭാഗമായാലും, തുടര്‍ച്ചയായ അഞ്ചാം വട്ടം മുഖ്യമന്ത്രിയാകാന്‍ വേണ്ടിയുള്ള ജനപ്രീതി നിതീഷിന് നഷ്ടപ്പെട്ടിരിക്കുന്നു. ' നവംബറില്‍, തിരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും മുഖ്യമന്ത്രിയാകാം, നിതീഷിന് ഒഴിച്ച്. നിങ്ങള്‍ക്ക് ഇത ഞാന്‍ രേഖാമൂലം എഴുതി തരാം. ഞാന്‍ തെറ്റാണെന്ന് തെളിയിച്ചാല്‍, എന്റെ തന്നെ രാഷ്ട്രീയ പ്രചാരണം ഉപേക്ഷിക്കും', പ്രശാന്ത് പറഞ്ഞു.
അടുത്ത വട്ടം നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ ബിജെപി വിമുഖത കാട്ടുന്ന പശ്ചാത്തലത്തിലാണ് പ്രശാന്ത് കിഷോറിന്റെ വിലയിരുത്തല്‍. ' നിതീഷ് ബിജെപി സഖ്യത്തിനൊപ്പം തിരഞ്ഞെടുപ്പിനെ നേരിടും. 2015 ലെ തിരഞ്ഞെടുപ്പില്‍ ഒഴിച്ച് അദ്ദേഹം അതുചെയ്തിട്ടുണ്ട്.' നിതീഷിന്റെ കുറഞ്ഞുവരുന്ന ജനപ്രീതി കണക്കിലെടുത്താണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിക്കാത്തത്. പ്രഖ്യാപനം നടത്തിയാല്‍ ബിജെപിക്ക് വിജയിക്കാന്‍ പ്രയാസമായിരിക്കും, പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടി.
' നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ ഞാന്‍ നരേന്ദ്ര മോദിയെയും അമിത്ഷായെയും വെല്ലുവിളിക്കുന്നു. അങ്ങനെ അവര്‍ ചെയ്താല്‍, അഞ്ചുസീറ്റ് പോലും കിട്ടാന്‍ ബിജെപി വിഷമിക്കും, നിതീഷുമായുളള തര്‍ക്കത്തെ തുടര്‍ന്ന് 2020 ല്‍ ജെഡിയുവില്‍ നിന്ന് പുറത്തായ പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഭരണകക്ഷി തിരഞ്ഞെടുപ്പില്‍ വളരെ മോശം പ്രകടനമായിരിക്കും കാഴ്ച വയ്ക്കുക എന്നും പ്രശാന്ത് പറഞ്ഞു.
74 കാരനായ നേതാവ് ശാരീരികമായും മാനസികമായും വിരമിച്ചുകഴിഞ്ഞെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.