പട്ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷസഖ്യമായ മഹാഗഢ്ബന്ധനില്‍ സഖ്യകക്ഷികള്‍ തമ്മിലുള്ള പോര് തുടരുന്നതിനിടെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്കെതിരേ പ്രചാരണം നടത്തേണ്ട ഗതികേടിലാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. പ്രതിപക്ഷസഖ്യമായ മഹാഗഢ്ബന്ധനിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുണ്ടായ മാറ്റങ്ങളാണ് ഗൗരാ ബോരം മണ്ഡലത്തില്‍ സ്വന്തംപാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്കെതിരേ പ്രചാരണത്തിനിറങ്ങേണ്ട സാഹചര്യത്തിലേക്ക് തേജസ്വിയെ എത്തിച്ചത്.

മുന്നണിയിലെ സീറ്റ് വിഭജനം അന്തിമരൂപത്തിലെത്തുന്നതിന് മുന്‍പേ ഗൗരാ ബോരം മണ്ഡലത്തില്‍ മത്സരിക്കാന്‍ അഫ്സല്‍ അലി ഖാന് ആര്‍ജെഡി ടിക്കറ്റും ചിഹ്നവും രേഖകളും അനുവദിക്കുകയായിരുന്നു. എന്നാല്‍ ഖാന്‍, പട്നയില്‍നിന്ന് സ്വന്തം മണ്ഡലത്തിലെത്തുന്നതിന് മുന്‍പേ സംഗതികള്‍ മാറിമറിഞ്ഞു. ഗൗരാ ബോരം മണ്ഡലം മുന്നണിയിലെ അംഗമായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് നല്‍കാനും മഹാഗഢ്ബന്ധനിലെ മറ്റ് പാര്‍ട്ടികള്‍ ആ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനും തീരുമാനമായി. അങ്ങനെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ സന്തോഷ് സാഹ്നി ഗൗരാ ബോരമിലെ മഹാഗഢ്ബന്ധന്റെ ഔദ്യോഗികസ്ഥാനാര്‍ഥിയായി. ആര്‍ജെഡി ചിഹ്നത്തില്‍ മത്സരിക്കുന്ന അഫ്സല്‍ ഖാനെതിരേ സന്തോഷ് സാഹ്നിക്കുവേണ്ടി തേജസ്വിയും മഹാഗഢ്ബന്ധനിലെ മറ്റ് നേതാക്കളും പ്രചാരണത്തിനിറങ്ങുന്നതോടെ ഗൗരാ ബോരയിലെ മത്സരം ശ്രദ്ധനേടുമെന്ന് ഉറപ്പാണ്.

മത്സരത്തില്‍നിന്ന് പിന്മാറാനും ചിഹ്നവും മറ്റും തിരിച്ചുതരാനും ആര്‍ജെഡി നേതൃത്വം അഫ്സല്‍ അലി ഖാനോട് ആവശ്യപ്പെട്ടു. എന്നാല്‍, അദ്ദേഹം അതിന് തയ്യാറായില്ല. ആര്‍ജെഡി സ്ഥാനാര്‍ഥിയായി അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഖാന്‍ തങ്ങളുടെ സ്ഥാനാര്‍ഥിയല്ലെന്ന് ആര്‍ജെഡി അധികൃതരെ അറിയിച്ചു. എന്നാല്‍, കൃത്യമായ രേഖകളുടെ അടിസ്ഥാനാത്തിലാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നതെന്നും അതിനാല്‍ത്തന്നെ അദ്ദേഹത്തെ നീക്കംചെയ്യാനാകില്ലെന്നും അധികൃതര്‍ അറിയിച്ചതോടെ ആര്‍ജെഡി വെട്ടിലാകുകയായിരുന്നു. 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ സ്വര്‍ണ സിങ്ങായിരുന്നു ഗൗരാ ബോരത്തില്‍ വിജയിച്ചത്. എന്നാല്‍, ഇവര്‍ ബിജെപിയിലേക്ക് പോകുകയായിരുന്നു. 2015-ലും 2010-ലും ജെഡിയുവാണ് മണ്ഡലത്തില്‍ വിജയിച്ചത്.