ന്യൂഡല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ വോട്ടര്‍ പട്ടിക ലിസ്റ്റില്‍ ക്രമക്കേട് നടന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ ലിസ്റ്റ് സംബന്ധിച്ച് ഒരു പരാതിയും വന്നില്ലെന്നും 90 മണ്ഡലങ്ങളിലായി 22 തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ ആണ് പെന്റിംഗ് ഉള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കേണ്ട കോണ്‍ഗ്രസിന്റെ ബിഎല്‍ഒമാരും പോളിങ് ഏജന്റുമാരും എന്ത് ചെയ്തുവെന്നും ഇരട്ട വോട്ട് ഉണ്ടെങ്കില്‍ അത് ഒരു പാര്‍ട്ടിക്ക് ഗുണമാകുന്നു എന്ന വാദം അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനിന്നുവെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.

അതേ സമയം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി ആരോപണത്തില്‍ മറുപടിയുമായി ബിജെപിയും രംഗത്ത് വന്നു. ഇതാണോ ആറ്റംബോംബെന്ന് ചോദിച്ച കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണെന്ന് കുറ്റപ്പെടുത്തി. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പരാതി നല്‍കാതെ രാഹുല്‍ ഗാന്ധി കരയുകയാണ്. വോട്ടര്‍ പട്ടിക എല്ലാവര്‍ക്കും ലഭിക്കുന്നതാണ്. പരാതി ഉണ്ടെങ്കില്‍ അറിയിക്കാന്‍ വ്യവസ്ഥയുണ്ട്. എസ്‌ഐആര്‍ ഇതാണ് ചെയ്യുന്നത്. ബിഹാറില്‍ രാഹുല്‍ വന്ന് പ്രചാരണം നടത്തിയശേഷം സ്ഥാനാര്‍ത്ഥികള്‍ തോല്‍വി ഭയക്കുകയാണ്.

ജനാധിപത്യത്തില്‍ പരാജയം അംഗീകരിക്കുക മര്യാദയാണ്. ഹരിയാന കോണ്‍ഗ്രസിലെ നേതാവ് തന്നെ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് പറഞ്ഞതാണ്.അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച നേതാവ്, നേതാക്കള്‍ തമ്മിലെ പോര് വെളിപ്പെടുത്തിയിരുന്നു. രാഹുല്‍ നയിച്ചാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു.

തെരഞ്ഞെടുപ്പില്‍ ബിജെപി കഠിനമായി പരിശ്രമിക്കുന്നു. അതുകൊണ്ടാണ് വിജയിക്കുന്നത്.പോളിങ് ബൂത്തില്‍ ഏജന്റുമാര്‍ ഉണ്ടാകും. നിരീക്ഷകര്‍ ഉണ്ടാകും.ഇവര്‍ നടപടികള്‍ നിരന്തരം പരിശോധിക്കുന്നതാണെന്നും കിരണ്‍ റിജിജു പറഞ്ഞു. രാഹുല്‍ ഗാന്ധി വിദേശത്ത് അടക്കം പോയി രാജ്യത്തിനെതിരെ സംസാരിക്കുകയാണ്.കോണ്‍ഗ്രസ് ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു.അപ്പോള്‍ എന്തുകൊണ്ട് ചോദ്യങ്ങള്‍ ഉണ്ടായില്ല രാഹുല്‍ പത്രക്കാരുടെ സമയം കളയുകയാണ്. രാജ്യത്തെ യുവജനത മോദിക്ക് ഒപ്പമാണ്.രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം രാഹുല്‍ ഗൂഢാലോചന നടത്തുകയാണ്. ഇത് നടക്കാന്‍ പോകുന്നില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.

വീണ്ടും വോട്ട് ചോരിയുമായി രാഹുല്‍

ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. ഹരിയാനയില്‍ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ഉണ്ടായിരുന്നു. എന്നാല്‍ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റല്‍ വോട്ടും പോളിങ്ങും സാധാരണ പോലെയായിരുന്നു. എന്നാല്‍ ഹരിയാനയില്‍ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിന്റെ ഫലമാണ് ഇവിടെ പറയുന്നത്. ഇക്കാര്യം യുവജനങ്ങളോടാണ് സംസാരിക്കുന്നത്. നിങ്ങളുടെ ഭാവി കവരുന്നതാണ് ഇതെന്നും രാജ്യത്തെ ജെന്‍ സി ഇത് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹരിയാനയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടന്നു. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രേഖകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഇക്കാര്യം അവതരിപ്പിച്ചത്. ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷന്‍ ആണെന്നും എട്ടു സീറ്റുകളില്‍ 22 മുതല്‍ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് പോയതെന്നും രാഹുല്‍ പറഞ്ഞു.

25 ലക്ഷം കള്ള വോട്ടുകള്‍ നടന്നു, 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകള്‍ ഉണ്ടായിരുന്നു. 93174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തില്‍ അധികം ബള്‍ക്ക് വോട്ടുകളുമായിരുന്നു. എട്ടില്‍ ഒന്ന് വോട്ടുകള്‍ ഹരിയാനയില്‍ വ്യാജമാണ്. ഇതുകൊണ്ട് 22000 വോട്ടിന് കോണ്‍ഗ്രസ് തോറ്റുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു സ്ത്രീ 100 തവണ വോട്ട് ചെയ്തു. ബ്രസീലിയന്‍ മോഡലിന്റെ പേരിലും കള്ളവോട്ട് നടന്നു. ഒരു സ്ത്രീ 223 തവണ വോട്ട് ചെയ്തു. ഒരേ ഫോട്ടോ ഉപയോഗിച്ചായിരുന്നു വോട്ട് ചെയ്തത്. ഇത് കണ്ടെത്താതിരിക്കാന്‍ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിസിടിവി ഫൂട്ടേജ് പുറത്ത് വിടാത്തത്. 1,24,177 വോട്ട് ഫേക്ക് ഫോട്ടോ ഉപയോഗിച്ച് നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ നീക്കാന്‍ സംവിധാനം ഉണ്ട്. സഹോദരങ്ങളുടെ പേരില്‍ പലയിടങ്ങളില്‍ വോട്ടുകള്‍ ഉണ്ട്. ബിജെപിയെ സഹായിക്കാന്‍ കമ്മീഷന്‍ നടത്തിയത് വലിയ തട്ടിപ്പ് ആണ്. വ്യാജ വോട്ട് ചെയ്തവരില്‍ ആയിരക്കണക്കിന് പേര് മറ്റ് സംസ്ഥാനങ്ങളിലും വോട്ട് ഉളളവരാണ്. യുപിയില്‍ നിന്നുള്ള ബിജെപി വോട്ടുകള്‍ ഹരിയാനയില്‍ എത്തി. ദാല്‍ചന്ത് യുപിയിലെ ബിജെപി പ്രവര്‍ത്തകന്‍ ഹരിയാനയിലും വോട്ടു യുപിയിലും വോട്ട് ചെയ്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കള്ളം പറഞ്ഞു. 0 നമ്പര്‍ വീട് അത്രയും പാവപ്പെട്ടവരെ ആണോ എന്ന് നോക്കി. വീട് ഇല്ലാത്തവരുടെ ആണ് സീറോ എന്ന് രേഖപ്പെടുത്തിയതെന്ന വാദം കള്ളമാണ്. വീട് ഉള്ളവരും സീറോ എന്ന അഡ്രസ്സിലാണ്. ജനങ്ങളോട് കള്ളം പറയുകയാണ് കമ്മീഷന്‍. 150-ാം നമ്പര്‍ വീട് ബിജെപി നേതാവിന്റേതാണ്. 66 പേര്‍ക്ക് ഈ വീട്ടില്‍ വോട്ടുണ്ട്. പല്‍ വിലെ ബിജെപി നേതാവിന്റെ വീട്ടിലെ വിലാസത്തിലാണ് 66 വോട്ടുകള്‍ ഉള്ളത്. റായിലെ ചെറിയ വീട്ടില്‍ 108 വോട്ടുണ്ട്. ഇതൊക്കെ കമ്മീഷന്‍ പരിശോധിച്ചോ എന്നും 10 പേരിലധികം വോട്ടര്‍ ലിസ്റ്റില്‍ ഉള്ളവരുടെ വീട്ടില്‍ പോയി പരിശോധിക്കണമെന്നാണ് നിയമമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിയമ സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് മൂന്നര ലക്ഷം വോട്ടുകള്‍ ഒഴിവാക്കി. ഭൂരിഭാഗവും കോണ്‍ഗ്രസ് വോട്ടുകളായിരുന്നു. റായ് മണ്ഡലത്തിലെ ഒഴിവാക്കിയ വോട്ടര്‍മാരുടെ വിവരങ്ങള്‍ പുറത്തു വിട്ട രാഹുല്‍, ലോക് സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവര്‍ക്ക് നിയമസഭയില്‍ വോട്ട് ഇല്ലെന്നും പറഞ്ഞു. ഹരിയാനയില്‍ നടന്നത് തെരഞ്ഞെടുപ്പ് അല്ല. മോഷണമാണ്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ഇതിന് ആയുധമാകും. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകര്‍ത്തു. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ട് നിന്നുവെന്നും അടുത്തത് ബീഹാറില്‍ ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇത് ബീഹാറിലും നടക്കാന്‍ പോകുകയാണ്. ഇത് തടയാന്‍ ആകില്ല, വോട്ടര്‍ ലിസ്റ്റ് തന്നത് അവസാന നിമിഷമാണെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി ബീഹാറിലെ ക്രമക്കേട് സംബന്ധിച്ച് വിവരങ്ങളും പുറത്തുവിട്ടു. ബീഹാറിലെ വോട്ടര്‍മാരെ ഹാജരാക്കിയ രാഹുല്‍ ഗാന്ധി, ഒരു കുടുംബത്തിലെ മുഴുവന്‍ വോട്ടുകള്‍ ഒഴിവാക്കിയതായും ദിലീപ് യാദവ് എന്ന വികലാംഗനായ വ്യക്തിയെ സംസാരിക്കുന്നതിനും ഹാജരാക്കി. ഇദ്ദേഹത്തിന്റെ വോട്ടെടക്കം ഒഴിവാക്കിയെന്നും ഒരു ഗ്രാമത്തിലെ മാത്രം 187 പേരുടെ വോട്ടുകള്‍ ഒഴിവാക്കിയെന്നും രാഹുല്‍ പറഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങളുമായി ബീഹാറിലെ തെരഞ്ഞെടുപ്പിന് ശേഷം ഉറപ്പായും ജനങ്ങള്‍ക്ക് മുന്നില്‍ എത്തും. അപേക്ഷ കൊടുത്തതിനുശേഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തില്ല. ജനാധിപത്യം തിരികെ കൊണ്ടുവരാന്‍ യുവജനങ്ങള്‍ക്ക് ശക്തിയുണ്ടെന്ന് ഹരിയാനയിലും, മഹാരാഷ്ട്രയിലും സര്‍ക്കാരിന് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.