പട്‌ന:ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. വൈകീട്ട് അഞ്ചു മണിവരെയുള്ള കണക്ക് പ്രകാരം 60.13 ശതമാനം ആളുകള്‍ വോട്ട് ചെയ്തിട്ടുണ്ട്. 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യമാണ് ആദ്യഘട്ട മണ്ഡലങ്ങളില്‍ മുന്‍തൂക്കം നേടിയത്. 121 ല്‍ 63 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. എന്‍ഡിഎ സഖ്യം 55 സീറ്റുകളാണ് നേടിയത്. ഇത്തവണ ആര് മുന്‍തൂക്കം നേടുമെന്ന കണക്കുകൂട്ടല്‍ ആരംഭിച്ചു കഴിഞ്ഞു.

ഒന്നാം ഘട്ടത്തില്‍ 3.75 കോടി വോട്ടര്‍മാരായിരുന്നു വിധിയെഴുതേണ്ടിയിരുന്നത്. ബെഗുസരായ് ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്, 67.32. തൊട്ടുപിന്നാലെ സമസ്തിപൂര്‍ (66.65), മധേപുര (65.74) എന്നീ ജില്ലകളുമുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ചില മണ്ഡലങ്ങളില്‍ അഞ്ചുവരെയാണ് വോട്ടെടുപ്പ് നടന്നത്. ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെയുള്ള ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.

ആര്‍ജെഡിയുടെ തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ, കൂടാതെ നിരവധി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ മത്സരരംഗത്തുള്ളതിനാല്‍, നിയമസഭാ തിരരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഭരണകക്ഷിയായ എന്‍ഡിഎയ്ക്കും പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിനും ഒരുപോലെ നിര്‍ണായകമാണ്. 11-ന് നടക്കുന്ന രണ്ടാം ഘട്ടം വോട്ടെടുപ്പില്‍ 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 14-നാണ് വോട്ടെണ്ണല്‍.

മുഖ്യമന്ത്രി നിതീഷ് കുമാര്‍, മന്ത്രിമാരായ സമ്രത് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ, ഇന്ത്യാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, രാജീവ് രഞ്ജന്‍ സിങ് തുടങ്ങിയ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി. ഇന്ത്യാ മുന്നണി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുര്‍, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുര്‍ ഉള്‍പ്പെടെ 121 മണ്ഡലങ്ങളിലായി 1,314 പേരാണു മത്സരരംഗത്തുള്ളത്. 122 പേര്‍ സ്ത്രീകളും ജന്‍ സുരാജ് പാര്‍ട്ടിക്കുവേണ്ടി ഭോറയില്‍ നിന്നു മത്സരിക്കുന്ന പ്രീതി കിന്നാര്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) നടത്തി തയാറാക്കിയ പട്ടികയാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്.

ആരോപണവുമായി ആര്‍ജെഡി

ആദ്യഘട്ടത്തിലെ വോട്ടെടുപ്പ് മന്ദഗതിയിലാക്കുക എന്ന ഉദ്ദേശ്യത്തോടെ മഹാഘഡ്ബന്ധന്‍ ശക്തമായ ബൂത്തുകളില്‍ ഇടക്കിടെ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നുവെന്ന് പ്രതിപക്ഷമായ ആര്‍.ജെ.ഡി 'എക്‌സ്' പോസ്റ്റില്‍ ആരോപിച്ചു. മന്ദഗതിയിലുള്ള വോട്ടെടുപ്പ് മനഃപൂര്‍വമാണെന്നും തെരഞ്ഞെടുപ്പ് കമീഷന്‍, ഇത്തരം കൃത്രിമത്വം മനസ്സിലാക്കുകയും ഉടനടി നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആരോപണം പൂര്‍ണമായും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസ് പ്രതികരിച്ചു. എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് സുഗമമായി നടക്കുന്നു. വോട്ടെടുപ്പ് പ്രക്രിയ നീതിയുക്തവും സുതാര്യവും തടസ്സമില്ലാത്തതുമാണെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമീഷന്‍ എല്ലാ സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്നും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും ഓഫിസ് പറഞ്ഞു.

നാട്ടുകാരുടെ പ്രതിഷേധമോ?

ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായി. സ്വന്തം മണ്ഡലമായ ലഖിസാരയില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് ജനക്കൂട്ടം അദ്ദേഹത്തിന്റെ വാഹന വ്യൂഹം തടയുകയും കല്ലുകളും ചെരുപ്പുകളും എറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. ആക്രമണത്തിന് പിന്നില്‍ ആര്‍ജെഡി ഗുണ്ടകളെന്നാണ് സിന്‍ഹയുടെ ആരോപണം. വോട്ടെടുപ്പ് ദിനത്തില്‍ പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. അതേസമയം, നാട്ടുകാരുടെ പ്രതിഷേധമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.