പട്‌ന: ബിഹാറിലെ വിദ്യാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും സമീപമുള്ള തുറന്ന സ്ഥലങ്ങളില്‍ ഇറച്ചിയും മീനും വില്‍ക്കുന്നത് നിരോധിക്കും. വിദ്യാലയങ്ങള്‍ക്ക് സമീപം മാംസം പരസ്യമായി വില്‍ക്കുന്നത് കുട്ടികളില്‍ അക്രമവാസനകള്‍ ഉണ്ടാക്കുന്നുവെന്നും ഇത് തടയാന്‍ നിയന്ത്രണം അത്യാവശ്യമാണെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു. വിദ്യാലയങ്ങള്‍ക്ക് പുറമെ തിരക്കേറിയ പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങള്‍ക്ക് സമീപവും ഈ നിയന്ത്രണം ബാധകമായിരിക്കും. ആരോഗ്യപരമായ കാഴ്ചപ്പാടിലും സാമൂഹിക ഐക്യം നിലനിര്‍ത്താനുമാണ് ഇത്തരമൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. 2007ലെ ബിഹാര്‍ മുന്‍സിപ്പല്‍ ആക്ട് സെക്ഷന്‍ 345 പ്രകാരമാണ് ഈ പുതിയ നിരോധനം നടപ്പിലാക്കുന്നത്. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് സമാനമാണ് ബിഹാര്‍ സര്‍ക്കാരിന്റെ ഈ നീക്കം.

നഗരപ്രദേശങ്ങളില്‍ ലൈസന്‍സില്ലാതെ മാംസവില്‍പ്പന നടത്തുന്നത് നിയമം വഴി കര്‍ശനമായി തടയും. ചീഫ് മുന്‍സിപ്പല്‍ ഓഫീസറുടെ കൃത്യമായ ലൈസന്‍സ് ഇല്ലാതെ ഇനി മുതല്‍ ആര്‍ക്കും ഇറച്ചി വെട്ടുകാരനായോ മീന്‍ വില്‍പ്പനക്കാരനായോ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നഗരസഭാ അധികൃതര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

ആരുടെയും ഭക്ഷണരീതികളോട് സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും എന്നാല്‍ പൊതുജനങ്ങളുടെ വികാരങ്ങളെയും ശുചിത്വത്തെയും മാനിക്കേണ്ടതുണ്ടെന്നും സിന്‍ഹ പറഞ്ഞു. നേരത്തെ ദര്‍ഭംഗ ജില്ലയില്‍ സന്ദര്‍ശനം നടത്തിയ വേളയില്‍, റോഡരികിലെ ഇറച്ചി വില്‍പ്പന മൂലമുണ്ടാകുന്ന മാലിന്യത്തെക്കുറിച്ചും ദുര്‍ഗന്ധത്തെക്കുറിച്ചും ജനങ്ങള്‍ പരാതിപ്പെട്ടിരുന്നതായി സിന്‍ഹ ചൂണ്ടിക്കാട്ടി. ഈ തീരുമാനം ഏതെങ്കിലും പ്രത്യേക സമുദായത്തെയോ ഭക്ഷണ താത്പര്യങ്ങളെയോ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച ആരോഗ്യം, കുട്ടികള്‍ക്കിടയിലെ അക്രമ പ്രവണതകള്‍ തടയുക എന്നീ ആവശ്യങ്ങള്‍ക്കായി വിദ്യാഭ്യാസ-മത സ്ഥാപനങ്ങള്‍ക്ക് സമീപം മത്സ്യ-മാംസാദികള്‍ വില്‍ക്കുന്നത് നിരോധിക്കും. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. പക്ഷേ, സാമൂഹിക ഇടപെടലും വൃത്തി പാലിക്കുന്നുണ്ടെന്നും ആരുടേയും വികാരങ്ങള്‍ വ്രണപ്പെടുന്നില്ലെന്നും പരിസ്ഥിതി മലിനമാകുന്നില്ലെന്ന് ഉറപ്പാക്കാനും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു വിജയ് കുമാര്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അടിവരയിട്ട് പറഞ്ഞിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെദൈനംദിന ജീവിതം എളുപ്പമാക്കുന്നതിന് ഞങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി എക്സില്‍ കുറിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ വരുമാനം വര്‍ധിച്ചുകൊണ്ടിക്കുകയാണ്. ഇതുമൂലം റോഡുകളില്‍ ഇരുചക്ര വാഹനങ്ങളുടേയും നാലുചക്ര വാഹനങ്ങളുടേയും എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധനയുണ്ടായി. വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെത്തുടര്‍ന്ന് കാല്‍നട യാത്രക്കാര്‍ക്ക് അസൗകര്യം നേരിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

2017ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ക്ക് സമീപം മാംസവില്‍പ്പന നിരോധിക്കുകയും കടകളില്‍ കര്‍ട്ടനുകളോ ടിന്റഡ് ഗ്ലാസുകളോ ഉപയോഗിച്ച് മാംസം മറയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഉത്സവ സമയങ്ങളില്‍ ഇത്തരം പ്രാദേശികമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്.