- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറില്ല; സിദ്ധരാമയ്യയെ മാറ്റുന്നത് പാര്‍ട്ടിയുടെ ആലോചനയിലില്ല; നേതൃമാറ്റ ഊഹാപോഹങ്ങള്‍ തള്ളി കോണ്‍ഗ്രസ്; 'സംശയമെന്താണ്, ഞാന്‍ തന്നെ മുഖ്യമന്ത്രിയായി തുടരും' എന്ന് സിദ്ധരാമയ്യയും
കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറില്ല
ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ് ഹൈകമാന്‍ഡ്. നിലവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റുന്നത് പാര്‍ട്ടിയുടെ ആലോചനയിലില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന മുതിര്‍ന്ന നേതാവും രാജ്യസഭ അംഗവുമായ രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കി.
സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റവുമായി ബന്ധപ്പെട്ട ഭിന്നതകള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സുര്‍ജേവാല ബംഗളൂരുവിലെത്തിയത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായും എം.എല്‍.എമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയശേഷമാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. നേതൃമാറ്റം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയിലെ ഒരുവിഭാഗം നേതൃമാറ്റത്തിനായി ശക്തമായി വാദിക്കുന്നതിനിടെയാണ് ഹൈകമാന്‍ഡ് നിലപാട് വ്യക്തമാക്കിയത്.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, അഞ്ചു വര്‍ഷവും താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. 'ഞാനായിരിക്കും അഞ്ചുവര്‍ഷവും കര്‍ണാടക മുഖ്യമന്ത്രി, അതിലെന്താണ് സംശയം?' -സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ശിവകുമാറും പ്രതികരിച്ചു.
നേതൃമാറ്റവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തുന്ന നേതാക്കള്‍ക്ക് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'എല്ലാവരും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്നെപ്പോലുള്ള നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഞാന്‍ ഒറ്റക്കല്ല? ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അവരെ കുറിച്ചാണ് നമ്മള്‍ ആദ്യം ചിന്തിക്കേണ്ടത്' -ശിവകുമാര്‍ പറഞ്ഞു. സിദ്ധരാമയ്യയെ പിന്തുണക്കുകയല്ലാതെ തനിക്ക് മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയും ജെ.ഡി.എസും തങ്ങളുടെ ഹൈക്കമാന്‍ഡാണോ എന്ന് ചോദിച്ചുകൊണ്ടാണ് ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചത്. ഇക്കൂട്ടരാണ് മുഖ്യമന്ത്രിയെ മാറ്റുമെന്ന് അവകാശപ്പെടുന്നതെന്നും അത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൂടാതെ മാധ്യമങ്ങളെയും ഡി.കെ. ശിവകുമാര്‍ വിമര്‍ശിച്ചു. ആര്‍. അശോകന്‍, ബി.വൈ. വിജയേന്ദ്ര, ചലവാടി നാരായണസ്വാമി തുടങ്ങിയവരെല്ലാം ബി.ജെ.പി നേതാക്കളാണ്. ഇവര്‍ പറയുന്നതെല്ലാം മാധ്യമങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുകയാണോ? പരിശോധിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്ക് ഇല്ലേയെന്നും ശിവകുമാര്‍ ചോദിച്ചിരുന്നു.
2023 ലാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. മെയ്യില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ച വ്യാപകമായി സംസ്ഥാനത്തുണ്ടായിരുന്നു. നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളും നിലനിര്‍ന്നിരുന്നു. ഇതിനിടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ രണ്ടര വര്‍ഷത്തിന് ശേഷം ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന റൊട്ടേഷന്‍ ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം കോണ്‍ഗ്രസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം നല്‍കി അനുനയിപ്പിക്കുകയായിരുന്നു.