ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കം തുടരുന്നത് കോണ്‍ഗ്രസിനെ ശരിക്കും പ്രതിസന്ധിയിലാക്കുകയാണ്. കോണ്‍ഗ്രസിനെ വിജയത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക റോള്‍ വഹിച്ചത് ഡികെ ശിവകുമാറാണ്. അവിടം കൊണ്ടും തീര്‍ന്നില്ല. തെലുങ്കാനയില്‍ അടക്കം തന്ത്രങ്ങള്‍ മെനഞ്ഞ് അവിടെ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചതിലും ഡികെയുടെ മാജിക് കണ്ടു. ഇങ്ങനെയുള്ള ഡികെയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യം കുറച്ചായി തന്നെ ഉയരുന്നുണ്ട്. പ്രവര്‍ത്തകര്‍ അടക്കം ഈ വികാരമുള്ളവരാണ്. എന്നാല്‍, സിദ്ധരാമയ്യ എന്ന സീനിയര്‍ നേതാവിനെ എങ്ങനെ മെരുക്കുമെന്നതാണ് ഹൈക്കമാന്‍ഡിന് മുന്നിലുള്ള പ്രതിസന്ധി. ഈ വിഷയത്തിലെ തര്‍ക്കം തീര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ഇല്ലെന്നതാണ് അവസ്ഥ.

കര്‍ണാടകയിലെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ ഡിസംബര്‍ ഒന്നിന് തീരുമാനമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ഒന്നിന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ് കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ണായക തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതുസംബന്ധിച്ച് ഉടന്‍ തന്നെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ച ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഇരുവരുമായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

അതുകഴിഞ്ഞാലുടന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിക്കും. നവംബര്‍ 28നോ 29നോ ആയിരിക്കും ഇതെന്നും സൂചനയുണ്ട്. അധികാരം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കള്‍ പൊതുമധ്യത്തില്‍ നടത്തുന്ന അഭിപ്രായപ്രകടനത്തില്‍ ഖാര്‍ഗെ ആശങ്ക പ്രകടിപ്പിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാനാണ് സാധ്യത. പാര്‍ട്ടിയില്‍ വിള്ളലുണ്ടാകുന്നത് തടയുകയാണ് ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം.

അതേസമയം, അടുത്ത മാര്‍ച്ച് വരെയെങ്കിലും നിലവിലെ സ്ഥിതി തുടരണമെന്നും അതു കഴിഞ്ഞ് മന്ത്രിസഭ പുനഃസംഘടനം വേണമെന്നുമാണ് സിദ്ധരാമയ്യ പക്ഷത്തിന്റെ ആവശ്യം. അധികാരം കൈമാറുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കൃത്യമായ പ്ലാന്‍ മുന്നോട്ടുവെക്കണമെന്നാണ് ശിവകുമാര്‍ പക്ഷം ഉന്നയിക്കുന്നത്. 2023ല്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമ്പോള്‍ സിദ്ധരാമയ്യയും ഡി.കെയും തമ്മില്‍ മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെ കുറിച്ച് ഏകദേശ ധാരണയാക്കിയിരുന്നുവെന്നും അത് നടപ്പാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

ഇക്കാര്യത്തില്‍ അവസാന വാക്ക് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെതുമായിരിക്കും. കര്‍ണാടക യൂനിറ്റിനുള്ളില്‍ തന്നെ സമ്മര്‍ദം ശക്തമാകുമ്പോള്‍ ഹൈക്കമാന്‍ഡ് അതിന് വഴങ്ങുമോ എന്നാണ് അറിയേണ്ടത്. രാഹുല്‍ ഗാന്ധി പിന്തുണക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിദ്ധരാമയ്യയും അനുയായികളും. മാത്രമല്ല, എം.എല്‍.എമാരുടെ പിന്തുണയും സിദ്ധരാമയ്യക്കാണ്. ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തരില്‍ പെടുന്ന രാംനഗര എം.എല്‍.എ ഇഖ്ബാല്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇത്തരം പരസ്യ പ്രസ്താവനകളിലും ഊഹാപോഹങ്ങളിലും ആണ് പാര്‍ട്ടി ഇപ്പോള്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

അതിനിടെ ഡികെയുടെ അതൃപ്തി മുതലാക്കാന്‍ ബിജെപിയും രംഗത്തുണ്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കി. കേന്ദ്രം ആവശ്യപ്പെട്ടാല്‍ പിന്തുണയ്ക്കുമെന്ന് ബിജെപി നേതാവ് സദാനന്ദ ഗൗഡ പറഞ്ഞു. ഡികെ ശിവകുമാര്‍ പുറത്ത് നിന്ന് പിന്തുണ നല്‍കിയാലും സ്വീകരിയ്ക്കും. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് പ്രതികരണം.

'ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുറത്തുനിന്ന് പിന്തുണ വാഗ്ദാനം ചെയ്യുന്നു. ഐ.സി.ഒ.എം അനുവദിച്ചാല്‍, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അടുത്ത മുഖ്യമന്ത്രിയാകുന്നതിന് കോണ്‍ഗ്രസിന് പുറത്ത് നിന്ന് പിന്തുണ നല്‍കുമെന്ന്' സദാനന്ദ ഗൗഡ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സിദ്ധരാമയ്യയുമായുള്ള തര്‍ക്കത്തില്‍ ഡി കെ ശിവകുമാറിനെ പരസ്യമായി പിന്തുണച്ച കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഒരു സംഘം ഡല്‍ഹിയില്‍ എത്തി.

കര്‍ണാടക സര്‍ക്കാരിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹം മാസങ്ങളായി ഭരണകക്ഷിയായ കോണ്‍ഗ്രസിനെ അലട്ടിയിരുന്നു. 100 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഡികെഎസിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ രാമനഗര എംഎല്‍എ ഇഖ്ബാല്‍ ഹുസൈനും സംഘത്തിലുണ്ടായിരുന്നു. ശിവകുമാര്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയപരമായി സ്വാധീനമുള്ള വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള എം.എല്‍.എമാരും സംഘത്തില്‍ ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

അതേസമയം ''എനിക്ക് വേണ്ടി എം.എല്‍.എമാര്‍ ആരും ബാറ്റ് ചെയ്യേണ്ടതില്ല എന്ന് വിഷയത്തോട് ഡികെ ശിവകുമാര്‍ പ്രതികരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ ശക്തമായ മത്സരം ഉണ്ടായിരുന്നു, എന്നാല്‍ കോണ്‍ഗ്രസ് ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും കര്‍ണാടക പിസിസി അധ്യക്ഷ പദവിയുംനല്‍കി.