ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെയും നരേന്ദ്ര മോദിയെയും തുടര്‍ച്ചയായി പുകഴ്ത്തുന്ന തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ പാര്‍ട്ടിയുടെ അച്ചടക്ക നടപടി. തരൂരിന് പാര്‍ട്ടിയില്‍ വലിയ പ്രാധാന്യം നല്‍കേണ്ടെന്ന തീരുമാനത്തിലാണ് രാഹുല്‍ ഗാന്ധി. അതുകൊണ്ട് തന്നെയാണ് തരൂരിനെ തുടര്‍ച്ചയായി അവഗണിക്കുന്നതും. ഇപ്പോഴിതാ എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ നിന്ന് ശശി തരൂരിനെ രാഹുല്‍ ഗാന്ധി ഒഴിവാക്കി. മോദി സര്‍ക്കാരിനെ നിരന്തരമായി പ്രശംസിച്ചതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ 14 വര്‍ഷമായി തരൂര്‍ ഈ സമിതിയില്‍ അംഗമായിരുന്നു. ഏപ്രില്‍ 8, 9 തീയതികളില്‍ അഹമ്മദാബാദില്‍ എഐസിസി സമ്പൂര്‍ണ്ണ സമ്മേളനം നടക്കുന്ന വേളയിലാണ് ഈ നടപടി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രിക രൂപീകരിക്കുമ്പോള്‍ അടക്കം തരൂരിന് വലിയ പ്രധാന്യം ലഭിച്ചിരുന്നു. എന്നാല്‍ മോദി സ്തുതിയുടെ പേരില്‍ കൂടുതല്‍ നടപടികളിലേക്കാണ് പാര്‍ട്ടി കടക്കുന്നത്.

ഇന്നത്തെ ദ വീക്കിലെ ലേഖനത്തില്‍ മോദി സര്‍ക്കാറിനെ വീണ്ടും തരൂര്‍ പ്രകീര്‍ത്തിച്ചിരുന്നു. കോവിഡ് കാലത്ത് ഇന്ത്യ ദരിദ്രരാജ്യങ്ങളെ സഹായിച്ചുവെന്നാണ് ശശി തരൂര്‍ പറഞ്ഞത്. ഇന്ത്യ സ്വീകരിച്ച വാക്‌സിന്‍ നയം ലോകനേതൃപദവിയിലേക്ക് എത്തിച്ചു. ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായെന്നും ദ വീക്കില്‍ തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് വിദേശകാര്യ സഹമന്ത്രിയായി പ്രവര്‍ത്തിച്ചയാളാണ് ശശി തരൂര്‍. 2020-21 കാലത്തെ കോവിഡ് മഹാമാരിയെ നേരിടാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ അന്താരാഷ്ട്ര നീക്കങ്ങളെയാണ് തരൂര്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തത്.

കോവിഡ് കാലത്ത് 100-ല്‍ അധികം രാജ്യങ്ങള്‍ക്ക് വാക്‌സിനുകള്‍ നല്‍കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കിയ സംരംഭമാണ് വാക്‌സിന്‍ മൈത്രി. ഇതിന്റെ ഭാഗമായി 2021 ജനുവരി 20 മുതല്‍ ഇന്ത്യ വാക്‌സിന്‍ വിതരണം ആരംഭിച്ചു. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ നിര്‍മിച്ച് നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, മ്യാന്‍മര്‍ എന്നിവയുള്‍പ്പെടെ 100-ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇത് വിതരണം ചെയ്തു. സമ്പന്ന രാജ്യങ്ങള്‍ ചെയ്യാത്തത് ഇന്ത്യ ചെയ്തുവെന്ന് തരൂര്‍ പറഞ്ഞു.

വസുധൈവ കുടുംബകം എന്ന തത്വത്തില്‍ വേരൂന്നിയ ആഗോള ഐക്യദാര്‍ഢ്യത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയെന്നും. ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. കേവലം വാക്‌സിന്‍ നല്‍കുക മാത്രമല്ല, നേപ്പാള്‍, മാലിദ്വീപ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ സൈനിക ഡോക്ടര്‍മാരെ അയയ്ക്കുകയും, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുടനീളമുള്ള ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം നല്‍കുകയും ചെയതു. ഇതുവഴി ഇന്ത്യക്ക് ദീര്‍ഘകാല അന്താരാഷ്ട്ര സഹകരണത്തിന് അടിത്തറ പാകാന്‍ സാധിച്ചതിനൊപ്പം അടിയന്തിര ആരോഗ്യ ആശങ്കകള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചുവെന്നും തരൂര്‍ പറയുന്നു.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകള്‍ക്കും പ്രധാനമന്ത്രിയെ പ്രശംസിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശങ്ങള്‍. റഷ്യ - യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ച സന്തുലിത നയത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യനായെന്ന് തരൂര്‍ നേരത്തെ പറഞ്ഞിരുന്നു. വിഷയത്തില്‍ താനുയര്‍ത്തിയ വിമര്‍ശനം തെറ്റായിരുന്നുവെന്നും തുറന്നുപറഞ്ഞു. ഭാരതീയനെന്ന നിലയിലാണ് പ്രതികരണമെന്നായിരുന്നു തരൂരിന്റെ വിശദീകരണം.

നേരത്തേ പിണറായി സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് നയത്തെയും, മോദി - ട്രംപ് കൂടിക്കാഴ്ചയെയും പ്രകീര്‍ത്തിച്ച് തരൂര്‍ നടത്തിയ പ്രസ്താവനയും കോണ്‍ഗ്രസിനുണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ലായിരുന്നു. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് ബലം നല്‍കുന്ന വാക്കുകളാണ് തരൂരില്‍ നിന്ന് ഉണ്ടാവേണ്ടതെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടി നിലപാടിനപ്പുറം സ്വതന്ത്രാഭിപ്രായം തനിക്കുണ്ടെന്നായിരുന്നു കഴിഞ്ഞ തവണയും തരൂര്‍ ആവര്‍ത്തിച്ചത്.

പാര്‍ട്ടിയെ വെട്ടിലാക്കിയ സിഡബ്ല്യുസി അംഗവും എംപിയുമായ ശശി തരൂരിന്റെ മോദി പ്രശംസ അവഗണിക്കാനാണ് കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചത്. നടപടിക്ക് സമ്മര്‍ദ്ദം ഉണ്ടെങ്കിലും പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളില്‍ പ്രതികരിക്കേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞമാസം അവസാനം ഹൈക്കമാന്‍ഡ് വിളിച്ച നേതൃയോഗത്തിലെ തീരുമാനത്തിന് വിരുദ്ധമായി തരൂര്‍ മുന്നോട്ടു പോകുന്നതില്‍ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാന്‍ഡ്.