- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വീടുകള്‍ ബുള്‍ഡോസര്‍വെച്ച് തകര്‍ത്തതിനെ കോണ്‍ഗ്രസ് എന്ത് പറഞ്ഞ് ന്യായീകരിക്കും..? ഉത്തരേന്ത്യന്‍ മോഡല്‍ ബുള്‍ഡോസര്‍ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുന്നു; കര്‍ണാടകയില്‍ കണ്ടത് സംഘ്പരിവാറിന്റെ മറ്റൊരു പതിപ്പ്'; കര്‍ണാടക സര്‍ക്കാറിനെതിരെ പിണറായി വിജയന്‍
'വീടുകള്‍ ബുള്‍ഡോസര്‍വെച്ച് തകര്‍ത്തതിനെ കോണ്‍ഗ്രസ് എന്ത് പറഞ്ഞ് ന്യായീകരിക്കും..?
തിരുവനന്തപുരം: കര്‍ണാടകത്തില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ 300 വീടുകള്‍ തകര്‍ത്ത 3000ത്തോളം പേരെ തെരുവിലിറക്കിയ കോണ്‍ഗ്രസ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കര്‍ണാടകയില്‍ കണ്ടതെന്നാണ് പിണറായി വിജയന്റെ വാദം. എന്തുപറഞ്ഞാണ് കോണ്‍ഗ്രസ് ഇതിനെ ന്യായീകരിക്കുക എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദ്ിച്ചു.
വീടുകള്‍ ബുള്‍ഡോസര്‍ വെച്ചു തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദന ഉളവാക്കുന്നതാണ്. കൊടുംതണുപ്പില്‍ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഉത്തരേന്ത്യന്‍ മോഡല്‍ ബുള്‍ഡോസര്‍ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോള്‍ അതിന്റെ കാര്‍മ്മികത്വം കര്‍ണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോണ്‍ഗ്രസിനാണ് എന്നത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
'കര്‍ണാടകയുടെ തലസ്ഥാന നഗരിയില്‍ മുസ്ലിം ജനത വര്‍ഷങ്ങളായി താമസിച്ചുവരുന്ന ഫക്കീര്‍ കോളനിയും വസീം ലേഔട്ടും ബുള്‍ഡോസര്‍ വെച്ചു തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണ്. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കര്‍ണാടകയില്‍ കണ്ടത്. കൊടുംതണുപ്പില്‍ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ഉത്തരേന്ത്യന്‍ മോഡല്‍ ബുള്‍ഡോസര്‍ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോള്‍ അതിന്റെ കാര്‍മ്മികത്വം കര്‍ണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണ്. പാവപ്പെട്ടവര്‍ക്ക് കിടപ്പാടം ഒരുക്കി കൊടുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും മുന്‍കൈയെടുക്കേണ്ട ഭരണാധികാരികള്‍ തന്നെ ഇങ്ങനെ ബലംപ്രയോഗിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോണ്‍ഗ്രസ് ന്യായീകരിക്കുക?'.
അഞ്ച് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിനായി ഗ്രേറ്റര്‍ ബംഗളൂരു അതോറിറ്റി (ജി.ബി.എ) പുലര്‍ച്ചെ യെലഹങ്ക കൊഗിലു ഫക്കീര്‍ കോളനിയിലെയും വസീം ലേഔട്ടിലെയും 300ലേറെ ചേരി വീടുകള്‍ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. ഖരമാലിന്യ സംസ്‌കരണത്തിനുള്ള ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എല്‍) ഉദ്യോഗസ്ഥരും പൊലീസും മാര്‍ഷലുകളും ചേര്‍ന്ന് മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുമാറ്റുകയായിരുന്നു. ഈ നടപടി സംഘര്‍ഷഭരിതമായ സാഹചര്യത്തിലേക്ക് നയിച്ചു.
3000ത്തോളം ആളുകള്‍ ഭവനരഹിതരായി. സംഭവത്തെ അപലപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. അധികാരികള്‍ നോട്ടീസ് നല്‍കാതെയാണ് ഇടിച്ചുനിരത്തല്‍ നടത്തിയതെന്ന് ദുഡിയുവ ജനറ വേദികെ നേതാവ് മനോഹര്‍ എലവര്‍ത്തി പറഞ്ഞു. പുലര്‍ച്ച നാലരയോടെ തുടങ്ങിയ ഇടിച്ചുനിരത്തല്‍ രാവിലെ ഒമ്പത് മണിയോടെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ചേരി വീടുകള്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് നീക്കംചെയ്യാന്‍ തുടങ്ങി. വൈകീട്ട് അഞ്ചോടെ മുഴുവന്‍ പ്രദേശവും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി. അവശിഷ്ടങ്ങള്‍ നീക്കംചെയ്യാന്‍ അഞ്ച് ട്രാക്ടറുകളും ഒമ്പത് മണ്ണുമാന്തിയന്ത്രങ്ങളും ഉപയോഗിച്ചു.
70 ജി.ബി.എ മാര്‍ഷല്‍മാരെയും 200 പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ഭിക്ഷ തേടിയും ദര്‍ഗകള്‍ക്ക് സമീപം പാടിയും അന്നന്നത്തെ അന്നം കണ്ടെത്തി വൈകീട്ടോടെ അവരവരുടെ ഷെഡുകളിലേക്ക് മടങ്ങുന്നവര്‍ ഇപ്പോള്‍ തെരുവാധാരമായി.




