ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. മന്‍ കി ബാത്തിന്റെ 115 ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ പരിശ്രമിച്ചുവരികയാണ്. എന്നാല്‍, ഇത്തരം തട്ടിപ്പുകളില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ ബോധവത്കരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

' ഡിജിറ്റല്‍ അറസ്റ്റുകളെ കരുതിയിരിക്കുക. നിയമപ്രകാരം ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനമില്ല. അത്തരമൊരു അന്വേഷണത്തിനായി വീഡിയോ കോള്‍ വഴിയോ ഫോണ്‍ വഴിയോ ഒരുസര്‍ക്കാര്‍ ഏജന്‍സിയും നിങ്ങളെ ബന്ധപ്പെടുകയില്ല, മോദി പറഞ്ഞു. തട്ടിപ്പുകാരുടെ രീതികള്‍ വിശദീകരിക്കാന്‍ ഒരു വീഡിയോയും പ്രദര്‍ശിപ്പിച്ചു.

പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഒരാള്‍ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് മന്‍ കി ബാത്തില്‍ ഡിജിറ്റല്‍ അറസ്റ്റിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ദൃശ്യത്തില്‍ കാണുന്നയാള്‍ തട്ടിപ്പിനിരയാക്കുന്ന ആളുടെ സ്വകാര്യ വിവരങ്ങള്‍ തേടുന്നു. പരിഭ്രാന്തനായ വ്യക്തി എല്ലാം തുറന്ന് പറയുന്നു. അയാളുടെ പേരില്‍ പരാതിയുണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടുന്നു. കോടതി അടക്കം സംവിധാനങ്ങളിലേക്ക് കേസ് കൈമാറുന്നതായി കാണിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി പേര്‍ ഇത്തരം തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.

പരാതികള്‍ വ്യാപകമായതോടെ നാഷണല്‍ സൈബര്‍ കോര്‍ഡിനേഷന്‍ സെന്റര്‍ തയ്യാറാക്കി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. വീഡിയോ കോള്‍ വന്ന നിരവധി ഐഡികള്‍ ഇതിനോടകം ബ്ലോക്ക് ചെയ്തു കഴിഞ്ഞു. സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ബ്ലോക്ക് ചെയ്‌തെന്നും പ്രധാനമന്ത്രി അറിയിച്ചു.

' പൊലീസ്, സിബിഐ, നാര്‍ക്കോട്ടിക്‌സ്, ആര്‍ബിഐ ഉദ്യോഗസ്ഥര്‍ എന്നിവരെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ പ്രത്യക്ഷപ്പെടുന്നത്. അത്തരം മേല്‍വിലാസങ്ങള്‍ ഉപയോഗിച്ച് അവര്‍ വളരെ ആത്മവിശ്വാസത്തോടെ വ്യാജ ഓഫീസര്‍മാരായി ഇടപെടും', പ്രധാനമന്ത്രി പറഞ്ഞു. സ്‌കൂളുകളും കോളേജുകളും ഈ സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ബോധവത്കരണത്തിനായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അത്തരം സൈബര്‍ കോളുകള്‍ വരുമ്പോള്‍ ആരും പരിഭ്രാന്തരാകരുത്. ഒരു അന്വേഷണ ഏജന്‍സിക്കും ഇന്ത്യയില്‍ ഡിജിറ്റല്‍ രീതിയില്‍ അറസ്റ്റ് ചെയ്യാനാവില്ല. ഒരു വ്യക്തിഗത വിവരവും കൈമാറരുത്. ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ ഹെല്‍പ് ലൈനില്‍ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇത്തരം കോളുകള്‍ വന്നാല്‍ പരിഭ്രാന്തരാകരുത്. അത്തരം ഘട്ടങ്ങളില്‍ പേടിക്കാതെ ചിന്തിച്ച് പ്രവര്‍ത്തിക്കണം. കഴിയുമെങ്കില്‍ വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കണം അല്ലെങ്കില്‍ റെക്കോഡ് ചെയ്യണം. പിന്നീട് ദേശീയ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 1930ല്‍ വിവരമറിയിക്കണം. തുടര്‍ന്ന് cybercrime.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് തെളിവുകളടക്കം പരാതി അയക്കണം. പൊലീസിലും വിവരങ്ങള്‍ കൈമാറണം.