- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയെ 'ഭാരത്' ആക്കി മാറ്റുമോ? പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം 'ഭാരത്' എന്ന് പേരുമാറ്റുമെന്ന് അഭ്യൂഹം; ജി20 ഉച്ചകോടിയിലെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം രേഖപ്പെടുത്തിയത് പ്രസിഡന്റ് ഓഫ് ഭാരത് എന്ന്; വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: ഇന്ത്യയുടെ പേരു മാറ്റാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ശ്രമിക്കുന്നതായി സൂചനകൾ. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഇതിനായി പ്രമേയം കൊണ്ടുവരുമെന്നാണ് അഭ്യൂഹമാണ് പടർന്നിരിക്കുന്നത്. ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ടു ചെയ്തു. ജി20 ഉച്ചകോടിയൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ഔദ്യോഗിക ക്ഷണത്തിൽ 'ഇന്ത്യൻ രാഷ്ട്രപതി' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തിയതോടെയാണ് അഭ്യൂഹം പടർന്നത്.
സെപ്റ്റംബർ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇപ്രകാരം രേഖപ്പെടുത്തിയത്. രാഷ്ട്രപതിഭവനാണ് ക്ഷണക്കത്ത് അയച്ചത്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേശാണ് ഇതുമായി ബന്ധപ്പെട്ട് ആരോപണവുമായി രംഗത്തെത്തിയത്. ഇനി ഭരണഘടനയുടെ ഒന്നാം ആർട്ടിക്കിളിൽ 'ഭാരതം, ഇന്ത്യയായിരുന്ന, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും' എന്ന് വായിക്കാമെന്ന് ജയ്റാം രമേശ് ട്വീറ്റുചെയ്തു. 'യൂണിയൻ ഓഫ് സ്റ്റേറ്റ്സ്' പോലും ഇപ്പോൾ ആക്രമണം നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്തിന്റെ പേര് ഓദ്യോഗികമായി 'ഇന്ത്യ'യിൽനിന്ന് 'ഭാരതി'ലേക്ക് മാറ്റുമെന്ന് അഭ്യൂഹമുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രമേയം പാസാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ട്വീറ്റും ഈ അഭ്യൂഹത്തിന് ബലംനൽകുന്നു. റിപ്പബ്ലിക്ക് ഓഫ് ഭാരത്- നമ്മുടെ സംസ്കാരം അമൃത് കാലത്തിലേക്ക് ധൈര്യസമേതം മുന്നേറിക്കൊണ്ടിരിക്കുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നായിരുന്നു ഹിമന്ത ശർമയുടെ ട്വീറ്റ്.
കോൺഗ്രസിന്റെ വിമർശനത്തിനെതിരെ ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ രംഗത്തെത്തി. ഭാരത് ജോഡോ യാത്ര എന്ന പേരിൽ രാഷ്ട്രീയ തീർത്ഥയാത്ര നടത്തുന്നവർ എന്തിനാണ് ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യത്തെ എതിർക്കുന്നത്? കോൺഗ്രസ് രാജ്യത്തെയോ ഭരണഘടനയേയോ ബഹുമാനിക്കുന്നില്ല. ഒരു കുടംബത്തെ പ്രശംസിക്കുക മാത്രമേ ലക്ഷ്യമുള്ളൂ. കോൺഗ്രസിന്റെ ദേശവിരുദ്ധ- ഭരണഘടനാവിരുദ്ധ ഉദ്ദേശങ്ങളെ രാജ്യത്തിനറിയാമെന്നും ജെ.പി. നദ്ദ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് കഴിഞ്ഞദിവസം ആർഎസ്എസും ആവശ്യപ്പെട്ടിരുന്നു. ''ഇന്ത്യ എന്ന വാക്ക് ഉപയോഗിക്കുന്നത് നിർത്തി 'ഭാരത്' ഉപയോഗിക്കാൻ തുടങ്ങണം. ഇംഗ്ലിഷ് സംസാരിക്കുന്നവർക്കു മനസ്സിലാകാൻ വേണ്ടിയാണ് ഇന്ത്യ എന്ന പദം ഉപയോഗിച്ചത്. ഇപ്പോൾ അതു ശീലമായി. ഇനിയെങ്കിലും നമ്മൾ ഇത് ഉപയോഗിക്കുന്നത് നിർത്തണം. ലോകത്ത് എവിടെ പോയാലും ഭാരത് എന്ന രാജ്യത്തിന്റെ പേര് ഭാരത് ആയി തന്നെ നിലനിൽക്കും. സംസാരത്തിലും എഴുത്തിലും ഭാരത് എന്ന് പറയണം.'' ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്